സുരക്ഷാ സേനകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ അടുത്തവര്‍ഷം

Web Desk
Posted on July 09, 2019, 10:03 am

ന്യൂഡെല്‍ഹി. സുരക്ഷാ സേനകള്‍ക്ക് 2020 ഏപ്രില്‍ മാസത്തോടെ 1.86 ലക്ഷം വെടിയുണ്ട രക്ഷാ കവചങ്ങള്‍ നല്‍കുമെന്ന്  പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു. 639 കോടി രൂപ ചിലവിലാണ് ഈ  ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ വാങ്ങുക.

സുരക്ഷാ കവചങ്ങളുടെ ലഭ്യതക്കുറവു കാരണം അനേകം സൈനികരുടെയും സുരക്ഷാസേനാംഗങ്ങളുടേയും ജീവന് ആപത്ത് സംഭവിച്ചിട്ടുണ്ട്. യു പി എ ഗവണ്മെന്റിന്റെ കാലത്ത് അനേകകാലത്തോളം ചുവപ്പുനാടയില്‍ക്കുരുങ്ങി ഇവ വാങ്ങാനുള്ള നടപടികള്‍ മുടങ്ങിക്കിടന്നതാണ്. കഴിഞ്ഞ ബിജെപി ഗവണ്മെന്റ് അടിയന്തിരമായി സുരക്ഷാകവചങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് സാങ്കേതിക കാരണങ്ങളാല്‍ പിന്നെയും നീണ്ടു.

2009ല്‍ നമ്മുടെ സുരക്ഷാ സേനകള്‍ക്ക് 3,53,755 വെടിയുണ്ട രക്ഷാ കവചങ്ങളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. അനേകകാലമായി ഇവ വാങ്ങിയിരുന്നിട്ടുമുണ്ടായിരുന്നില്ല. 2016 ഏപ്രിലിലാണ് ഇവ അടിയന്തിരമായി വാങ്ങാന്‍ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ച് ടെണ്ടര്‍ വിളിച്ചത്.

മൂന്നുവര്‍ഷം സമയമാണ് ഇത്രയും കവചങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കമ്പനികള്‍ക്ക് നല്‍കിയത്. അത് പ്രകാരം 2020 ഏപ്രിലില്‍ സുരക്ഷാസേനകള്‍ക്കെല്ലാം ഇവ ലഭിയ്ക്കുമെന്ന് രാജ് നാഥ് സിംഗ് സഭയെ അറിയിച്ചു.

ചൈനയില്‍ നിന്ന് ഈ കവചങ്ങള്‍ നിര്‍മ്മിയ്ക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉപരോധമേര്‍പ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്ന് രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു. ഒരു ഉപരോധവും ഈ അസംസ്‌കൃതവസ്തുക്കള്‍ ഇറക്കുമതിചെയ്യാന്‍ ഉണ്ടായിട്ടില്ല. അത്തരം ആരോപണങ്ങള്‍ ദുരുപദിഷ്ടിതമാണ്, എന്നുംപ്രതിരോധമന്ത്രി പറഞ്ഞു.