Thursday
21 Feb 2019

ബുള്ളറ്റ് ട്രെയിന്‍ എന്ന പ്രതീകം

By: Web Desk | Thursday 14 September 2017 10:24 PM IST

editorial

രാജ്യത്തെ പ്രഥമ അതിവേഗ റയില്‍വേ പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും സംയുക്തമായി ശിലാസ്ഥാപനം നിര്‍വഹിച്ചു. ഒരുപക്ഷെ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ റയില്‍ വികസന പദ്ധതിയായി ഇതിനെ കണക്കാക്കാം. പുതിയ ഇന്ത്യയുടെ പ്രതീകമായാണ് നരേന്ദ്രമോഡി പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 1,08,000 കോടി രൂപ ചെലവു കണക്കാക്കുന്ന, 508 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പദ്ധതി, രാഷ്ട്രത്തിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മൊത്തം പദ്ധതി ചെലവിന്റെ 81 ശതമാനം, 88,000 കോടി രൂപ, കേവലം 0.1 ശതമാനം പലിശനിരക്കില്‍ അമ്പതുവര്‍ഷം കൊണ്ടേ തിരിച്ചടയ്‌ക്കേണ്ടതുള്ളു. പദ്ധതി 2022 ഓഗസ്റ്റില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഒട്ടേറെ സവിശേഷതകളുള്ള പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ മുംബൈ-അഹമ്മദാബാദ് യാത്രാസമയം 2.58 മുതല്‍ 2.07 മണിക്കൂര്‍ വരെ മാത്രമായി ചുരുങ്ങും. നിര്‍മാണഘട്ടത്തില്‍ 20,000 തൊഴിലാളികള്‍ക്കും പദ്ധതി പൂര്‍ത്തീകരിച്ച് നടപ്പിലാവുമ്പോള്‍ 4000 പേര്‍ക്കും തൊഴില്‍ നല്‍കാനാവുമെന്നും കണക്കാക്കപ്പെടുന്നു. പദ്ധതിയെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യുടെ ഏറ്റവും അഭിമാനകരമായ മാതൃകയാക്കി മാറ്റുമെന്നാണ് അവകാശപ്പെടുന്നത്. റയില്‍പാതാ സംവിധാനം മുതല്‍ ട്രയിനുകള്‍ വരെ ആവശ്യമായ ഒട്ടുമിക്ക ഘടകങ്ങളും ഇന്ത്യയില്‍ത്തന്നെ ജപ്പാന്‍ സഹായത്തോടെ നിര്‍മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതി നിര്‍മാണരംഗത്തെ ഏറെ പരിപോഷിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനും വളരെ മുമ്പേതന്നെ അതിവേഗ റയില്‍വേ സംബന്ധിച്ച് ആരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. ഏതാണ്ട് രണ്ട് ദശകങ്ങളായി നടന്നുവരുന്ന ആ ചര്‍ച്ചകളില്‍ ഉയര്‍ത്തപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. പുതിയ ഇന്ത്യയുടെ പ്രതീകമായ അഭിമാന പദ്ധതിയുടെ ശിലാസ്ഥാപനം നടന്ന ഇന്നലെ പ്രഭാതത്തില്‍ തന്നെയാണ് രാഷ്ട്രതലസ്ഥാനത്ത് ജമ്മുതാവി-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും അപകടം സംഭവിച്ചില്ലെന്നത് ആശ്വാസകരം തന്നെ. എന്നാല്‍ ആ അപകടത്തിന്റെ പ്രതീകാത്മകതയും അവഗണിക്കാവുന്നതല്ല.
യാത്രികര്‍ക്ക് ആയാസരഹിതവും കഴിയാവുന്നത്ര വേഗതയിലും ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിയുന്ന യാത്രാസംവിധാനങ്ങളും അതിവേഗത്തിലുള്ള ചരക്കുനീക്കവും ആധുനികകാലത്ത് ഒഴിവാക്കാനാവാത്ത ആവശ്യം തന്നെയാണ്. അത് ഒരു ജനസമൂഹത്തിന്റെ വികസനത്തിന്റെ അളവുകോലാണ്. എന്നാല്‍ അത് ഏതെങ്കിലും വരേണ്യ വിഭാഗത്തിനു മാത്രമായി പരിമിതപ്പെട്ടുകൂട. അതിന്റെ ഭാരം അത്തരം സൗകര്യങ്ങള്‍ ജീവിതത്തിലൊരിക്കലും ആസ്വദിക്കാന്‍ കഴിയാത്ത മഹാഭൂരിപക്ഷം വരുന്നവരുടെ ചെലവിലും ആയിക്കൂട. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇവിടെ അതാണ് സംഭവിക്കുന്നതെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. മാത്രമല്ല, അവഗണിക്കപ്പെടുന്ന മഹാഭൂരിപക്ഷത്തിനും ലഭ്യമായ സാധാരണ യാത്രാസൗകര്യങ്ങള്‍ അനുദിനം പരിമിതപ്പെടുകയും അവ മനുഷ്യജീവനെത്തന്നെ അപകടത്തിലാക്കുംവിധം അവഗണിക്കപ്പെടുകയും ചെയ്യുന്നു. കോടാനുകോടി വരുന്ന കര്‍ഷകരും തൊഴിലാളികളും സാമാന്യജനങ്ങളും യാത്ര ചെയ്യുന്ന ഇന്ത്യന്‍ റയില്‍വേയുടെ ദുരവസ്ഥയാണ് ബുള്ളറ്റ് ട്രയിന്‍ എന്ന പ്രതീകവുമായി അഭിമുഖീകരിക്കപ്പെടുന്നത്. നിരന്തരം ട്രെയിന്‍ യാത്രികര്‍ നേരിടേണ്ടിവരുന്ന പരാധീനതകളും അപകടങ്ങളും കൂട്ടമരണവും പതിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും തന്നെയാണ് പരാമര്‍ശിക്കപ്പെടുന്നത്.
ഇന്നലെ ന്യൂഡല്‍ഹി സ്റ്റേഷനിലുണ്ടായ അപകടമടക്കം ഇക്കൊല്ലം മാത്രം ഇതിനകം പത്ത് വാര്‍ത്താപ്രാധാന്യം നേടിയ അപകടങ്ങളിലായി ഇരുന്നൂറില്‍പരം മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അവയില്‍ മൂന്നെണ്ണമെങ്കിലും നാളിതുവരെ ഇന്ത്യയുടെ അഭിമാനമായി ആഘോഷിക്കപ്പെട്ട രാജധാനി എക്‌സ്പ്രസുകള്‍ ഉള്‍പ്പെട്ടവയാണ്. ഓരോ അപകടം നടക്കുമ്പോഴും ഭീകരവാദവും അട്ടിമറിയും തുടങ്ങി കെട്ടുകഥകള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് യാദൃശ്ചികമല്ല. അത് ഉത്തരവാദിത്വപ്പെട്ടവരുടെ കൈകഴുകല്‍ മാത്രമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. റയില്‍ പാതകളുടെ കാലപ്പഴക്കം, ആവശ്യമായ മരാമത്ത് പണികളുടെ അഭാവം, സിഗ്നല്‍ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങി തീര്‍ച്ചയായും പരിഹരിക്കപ്പെടാമായിരുന്ന വീഴ്ചകളാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് അനേ്വഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അത്തരം മഹാഭൂരിപക്ഷത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ‘പുതിയ പ്രതീകങ്ങളെ’ മാത്രം സൃഷ്ടിച്ച് കയ്യടി നേടാനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബുള്ളറ്റ് ട്രയിന്‍ പദ്ധതി പ്രഖ്യാപനം പുറത്തുവന്നതോടെ പാതയിലുടനീളം കൃഷിയും തൊഴിലുമെടുത്ത് ജീവിക്കുന്നവര്‍ ആശങ്കകള്‍ പരസ്യമാക്കി രംഗത്തുവന്നിട്ടുണ്ട്. പദ്ധതിബാധിതരാവുന്ന സാധാരണ മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിനപ്പറ്റിയോ അവര്‍ക്ക് ബദല്‍ ജീവനോപാധികള്‍ ഒരുക്കുന്നതിനെപ്പറ്റിയോ യാതൊരു പ്രഖ്യാപനങ്ങളും സ്വാന്തന വചനങ്ങള്‍ പോലുമോ ഇനിയും ഉയര്‍ന്നുകേട്ടില്ല. വികസനത്തിന്റെ ഇരകളാക്കി മാറ്റപ്പെടുന്നവരുടെ ആര്‍ത്തനാദം ബുള്ളറ്റ് ട്രയിന്‍ ഇരമ്പത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടുകൂട. എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്ന മോഡി സര്‍ക്കാരിന്റെ മുദ്രാവാക്യം മറ്റുപല വാഗ്ദാനങ്ങളുടെയും, മറ്റു പല സംരംഭങ്ങളുടെയും, എന്ന പോലെ അന്തസ്സാരശൂന്യമായ പാഴ്‌വാക്കുകളായിക്കൂട.

Related News