ബുര്‍ക്കിനാ ഫാസോ ആക്രമണം: ഉത്തരവാദിത്വം ജിഹാദി സംഘം ഏറ്റെടുത്തു

Web Desk

ഉഗാദുഗൗ

Posted on March 04, 2018, 10:51 pm

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ അരങ്ങേറിയ ഇരട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍-ഖ്വയ്ദ ബന്ധമുള്ള ജിഹാദി സംഘടന ഏറ്റെടുത്തു. മാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദിസ്റ്റ് ഗ്രൂപ്പ് ടു സപ്പോര്‍ട്ട് ഇസ്‌ലാം ആന്‍ഡ് മുസ്‌ലിംസ് (ജിഎസ്‌ഐഎം) ആണ് ആക്രമണ്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നത്.

രാജ്യതലസ്ഥാനമായ ഉഗാദുഗൗവിലെ ഫ്രഞ്ച് എംബസിയിലും സൈനിക ആസ്ഥാനത്തുമാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പ് ഫ്രഞ്ച് സൈനികരുടെ സഹായത്തോടെ വടക്കന്‍ മാലിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി ജിഎസ്‌ഐഎം ഭീകരരെ വധിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഇരട്ട ആക്രമണം നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്. ഫെബ്രുവരി 21ന് നിഗറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ രണ്ട് ഫ്രഞ്ച് സൈനികരെ വധിച്ചതും തങ്ങളാണെന്നും ഇവര്‍ അറിയിച്ചു.

ഫെബ്രുവരിയില്‍ നടത്തിയ റെയ്ഡില്‍ 20 ഭീകരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്തതായി ഫ്രഞ്ച് അധികതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഫ്രഞ്ച് എംബസിക്ക് മുന്നിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.