Friday
22 Feb 2019

തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി

By: Web Desk | Tuesday 24 July 2018 7:54 AM IST

പെരിന്തല്‍മണ്ണ: തീപിടിച്ച നിലയില്‍ ആശുപത്രിയിലേക്ക് യുവാവ് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ഇ്ന്നലെ വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലാണ് സംഭവം. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍നിന്നും തീപിടിച്ച നിലയില്‍ റോഡ് മുറിച്ചു കടന്നു ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കി. എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

യുവാവ് ഓടിവന്ന വരാന്തയില്‍ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കംചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു. കുറച്ചുകാലമായി കീഴാറ്റൂര്‍ 18 ലായിരുന്നു ഫവാസ് താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.