Web Desk

ബെയ്ജിങ്

January 14, 2020, 12:32 pm

റോഡിലെ ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറ് മരണം: പത്തിലധികം പേരെ കാണാതായി

Janayugom Online

ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ പത്തിലധികം പേരെ കാണാതായി. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങിനിലെ ഒരു ബസ്‌റ്റോപ്പിനടുത്ത് തിങ്കളാഴ്ച വൈകീട്ട് 5.30നാണ് അപകടം നടന്നത്.

സ്‌റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടാകുകയായിരുന്നു. റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ഓടുന്നതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ മഴയെത്തുടര്‍ന്ന് റോഡിന് താഴെയുള്ള ജല പൈപ്പുകള്‍ തകരാറിലായതായിരിക്കാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.