അതിജീവനത്തിന് പുതിയ വഴികളുമായി ബസ് ജീവനക്കാർ

കെ കെ ജയേഷ്

കോഴിക്കോട്:

Posted on June 26, 2020, 7:35 pm

കെ കെ ജയേഷ്

ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും ചില സ്വകാര്യ ബസുകൾ മാത്രമെ ഇപ്പോൾ സർവ്വീസ് നടത്തുന്നുള്ളു. ഓടുന്ന ബസുകളിലാവട്ടെ യാത്രക്കാർ നന്നെ കുറവും. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന ബസ് ജീവനക്കാർ അതിജീവനത്തിന്റെ പുതിയ വഴികൾ തേടുകയാണ്. കോഴിക്കോട്-പേരാമ്പ്ര — കുറ്റ്യാടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവറും കണ്ടറക്ടറുമടക്കം എട്ടോളം ബസ് ജീവനക്കാർ ചേർന്നാണ് ബിരിയാണി വിൽപ്പന ആരംഭിച്ചത്. അറുപത് രൂപയ്ക്ക് നല്ല ചിക്കൻ ബിരിയാണിയാണ് കല്ലോട് ഡ്രൈവേഴ്സ് കൂട്ടായ്മ തയ്യാറാക്കി നൽകുന്നത്. ഒരു പീസ് പൊരിച്ച ചിക്കനും മുട്ടയും ചേർത്താണ് രുചികരമായ ബിരിയാണി തയ്യാറാക്കുന്നത്. ഹോട്ടലുകളിൽ നൂറു രൂപയിലധികം വില ഈടാക്കുമ്പോഴാണ് അറുപത് രൂപയ്ക്ക് ഇവർ ബിരിയാണി വീടുകളിൽ എത്തിച്ചു നൽകുന്നത്. 22 ന് ആരംഭിച്ച ബിരിയാണി വിൽപ്പന നല്ല വിജയമാണെന്ന് ജീവനക്കാർ പറയുന്നു.

ദിവസം നാന്നൂറോളം ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് എ സി ബ്രദേഴ്സ് ബസിലെ ഡ്രൈവർ പേരാമ്പ്ര കല്ലോട് സ്വദേശി അജേഷ് പറയുന്നു. ബസ് ജീവനക്കാരിലൊരാളുടെ പിതാവിന് കല്ലോട് ഹോട്ടലുണ്ടായിരുന്നു. ലോക് ഡൗൺ ആയതോടെ ഹോട്ടൽ അടച്ചുപൂട്ടി. ഇദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് ബിരിയാണി പാകം ചെയ്യുന്നത്. ബിരിയാണി ഉണ്ടാക്കാനുള്ള പാത്രങ്ങളും മറ്റ് സൗകര്യങ്ങളും ഈ വീട്ടിൽ സൗജന്യമായി വീട്ടുകാർ ഒരുക്കി നൽകി. ഫോൺ വഴിയും സോഷ്യൽ മീഡിയയിലൂടെയുമാണ് ഓർഡറുകൾ ശേഖരിക്കുന്നത്. ഓർഡറുകൾക്കനുസരിച്ച് ബൈക്കിൽ അത് വീടുകളിലും ഓഫീസുകളിലും എത്തിച്ചു നൽകും. പല ബസ് ജീവനക്കാരും ബസിൽ ബിരിയാണി എത്തിക്കാൻ സഹായിക്കുന്നുണ്ട്. രാവിലെ ഒൻപത് മണിയോടെ ഓർഡെറുക്കുന്നത് അവസാനിപ്പിക്കുകയും ഒരു മണിയോടെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യും. വില കുറച്ചു നൽകുന്നതുകൊണ്ട് കൂടുതൽ ഓർഡറുകൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അജേഷ് ജനയുഗത്തോട് പറഞ്ഞു.

ബസുകൾ ഓടിത്തുടങ്ങിയെങ്കിലും ആളുകൾ കയറുന്നത് കുറവാണ്. ഇന്ധനവിലയാണെങ്കിലും ദിനം പ്രതി വർദ്ധിക്കുകയും ചെയ്യുന്നു. രാത്രി വരെ ഓടിയാലും ഒന്നും കിട്ടാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അതിജീവനത്തിനായി ഇത്തരമൊരു വഴിയെക്കുറിച്ച് ആലോചിച്ചതെന്ന് ബസ് ജീവനക്കാർ പറയുന്നു.

ENGLISH SUMMARY: Bus employ­ees with new ways to sur­vive

YOU MAY ALSO LIKE THIS VIDEO