Web Desk

തിരുവനന്തപുരം

December 28, 2020, 3:17 pm

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് കുറച്ചേക്കും

Janayugom Online

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തിരക്കേറിത്തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് കുറയ്ക്കാന്‍ ഒരുക്കവുമായി സര്‍ക്കാര്‍. നിലവിലെ നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച്‌ പുതിയ നിരക്കുകള്‍ തീരുമാനിക്കും. അതേസമയം, ബസ് ചാര്‍ജ്ജ് പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഡീസല്‍ വില വര്‍ദ്ധനവ് ഉള്‍പ്പെടെ പരിഗണിച്ച്‌ ജൂണിനു മുമ്പത്തേതില്‍ നിന്ന് 10–15% വര്‍ദ്ധനവ് വരുന്ന വിധത്തിലാവും പുതിയ നിരക്കെന്നാണ് സൂചന.

കോവിഡ് മാനദണ്ഡം പാലിച്ച്‌ ബസുകളില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറയ്‌ക്കേണ്ടി വന്നപ്പോഴാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് അന്നത്തെ നിരക്കുകളില്‍ 25% വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഇപ്പോള്‍ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ നിന്നു യാത്ര ചെയ്യാനും അനുവദിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം. ഓര്‍ഡിനറി മിനിമം ചാര്‍ജ്ജായ 8 രൂപ നിലനിര്‍ത്തിയാണ് ജൂണില്‍ യാത്രാ നിരക്കു കൂട്ടിയത്. മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ (രണ്ട് ഫെയര്‍ സ്റ്റേജ്)​ നിന്ന് രണ്ടര കിലോമീറ്ററായി (ഒരു ഫെയ‌ര്‍ സ്റ്റേജ്)​ കുറച്ചിരുന്നു. കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പര്‍ ക്ളാസ് ബസുകളുടെ നിരക്കില്‍ 25% വര്‍ദ്ധനവും വരുത്തിയിരുന്നു.

ENGLISH SUMMARY:Bus fares may be reduced in the state
You may also like this video