Janayugom Online
accident

ബസ് കനാലിലേയ്ക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

Web Desk
Posted on October 16, 2018, 10:57 pm

ഹൂഗ്ലി: ബസ് കനാലിലേയ്ക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചത്. ഡ്രൈവര്‍ ഒളിവിലാണ്. ഹൗറയില്‍ നിന്ന് ആരാംബാഗിലേക്ക് മുപ്പത് യാത്രക്കാരുമായി പോയ ബസാണ് കനാലിലേക്ക് മറിഞ്ഞത്.

പരിക്കേറ്റവര്‍ ഹരിപ്പാലിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കൊല്‍ക്കത്തയിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ കണ്ടക്ടറും ചികിത്സയിലാണ്.അപകട കാരണം വ്യക്തമല്ല. ഡ്രൈവറെ കണ്ടെത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരേയും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.