വിമാനത്തിലെ ഭക്ഷണത്തില്‍ ബട്ടണ്‍; ജെറ്റ് എയര്‍വേയ്‍സിന് പിഴ

Web Desk
Posted on December 19, 2017, 11:39 am

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ടെത്തിയ സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സ് കമ്പനിക്ക് പിഴ ശിക്ഷ. 50,000 രൂപ പരാതിക്കാരന് നഷ്‌ടപരിഹാരം നല്‍കാനും കേസ് നടത്തിയ ചിലവിലേക്ക് 5000 രൂപ കമ്പനി നല്‍കാനും  കോടതി ഉത്തരവിട്ടു.

സൂറത്ത് സ്വദേശിയായ ഹേമന്ദ് ദേശായി എന്നയാളാണ് പരാതിക്കാരൻ.  2014 ഓഗസ്റ്റ് ആറിനാണ് സംഭവം.

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഹേമന്ദിന്  കിട്ടിയ ഗാര്‍ലിക് ബ്രെഡിലാണ് ബട്ടണ്‍ കണ്ടെത്തിയത്.

മോശം ഭക്ഷണം നല്‍കിയതിന് പുറമെ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും പരാതി എഴുതിനല്‍കാന്‍ കംപ്ലെയിന്റ് ബുക്ക് നല്‍കിയില്ലെന്നും ഹേമന്ദ് പരാതിയിൽ സൂചിപ്പിച്ചു.

മൂന്ന് ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് ഹേമന്ദ്  ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ട സംഭവത്തിന് തെളിവില്ലെന്ന്  കമ്പനി കോടതിയില്‍ വാദിച്ചു. എന്നാല്‍ കമ്പനി ഖേദം പ്രകടിപ്പിച്ചുകൊണ്ട് തനിക്ക് അയച്ച ഇ‑മെയില്‍ ഉള്‍പ്പെടെ വിമാനത്തില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന എം.പിയുടെ സത്യവാങ്മൂലവും അദ്ദേഹം തെളിവായി ഹാജരാക്കി.

സംഭവം വിശദമായി പരിശോധിച്ച ശേഷമാണ് കോടതി നടപടിയെടുക്കുന്നത്.