യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നാളെയറിയാം; ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ

Web Desk
Posted on December 08, 2019, 10:03 pm

ബംഗളൂരു: കർണാടയിൽ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിർണയിച്ചുകൊണ്ട് 15 നിയോജക മണ്ഡലങ്ങളിലെ ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. കർണാടകയിലെ 17 കോൺഗ്രസ്, ജെഡിഎസ് വിമത എഎൽഎമാരെ അയോഗ്യരാക്കിയതിനെ തുടർന്നാണ് കർണാടകയിൽ ഉപതെര‍ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായത്. ഇതിൽ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ രണ്ട് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.

നാലുമാസം മുമ്പ് മാത്രം അധികാരത്തിലെത്തിയ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്നതാകും ഫലം. നിലവിൽ ഒരു സ്വതന്ത്രനടക്കം 106 എംഎൽഎമാരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. പ്രതിപക്ഷത്തുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 101 എംഎൽഎമാരുടെ പിന്തുണയുമുണ്ട്. 15 മണ്ഡലങ്ങളിൽ 6 സീറ്റുകളിലും വിജയിക്കാനായാലേ ബിജെപിക്ക് കർണാടകയിൽ അധികാരത്തിൽ തുടരാനാകൂ.

യെല്ലാപൂർ, റാണെബെന്നൂർ, വിജയനഗര, യെസ്വന്ത്പൂർ, മഹാലക്ഷ്മി ലേഔട്ട്, ചിക്കബല്ലാപുര, കെ ആർ പുരം, ശിവാജിനഗർ, കെ ആർ പീറ്റ്, ഹുൻസൂർ, അത്തണി, കഗ്വാഡ്, ഗോകക്, ഹിരേക്കൂർ, ഹോസേകോട്ട എന്നിവിടങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടന്നത്. ഉയർന്ന വോട്ടിംഗ് ശതമാനമാണ് വ്യാഴാഴ്ച നടന്ന തെര‍ഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. തുടർച്ചയായി സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധികളിൽ ജനങ്ങളുടെ വൈകാരീകതയാണ് ഉയർന്ന പോളിംഗ് ശതമാനം വ്യക്തമാക്കുന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. രണ്ടു പതിറ്റാണ്ടുകളിലായി 27 ഉപതെര‍ഞ്ഞെടുപ്പുകളാണ് കർണാടകയിൽ നടന്നത്.