February 9, 2023 Thursday

ഒരു ഹെക്ടറില്‍ നിന്നും 15 ടണ്‍ കാളാഞ്ചി ഉത്പാദിപ്പിച്ച് പുതുച്ചേരിയില്‍ എംപിഇഡിഎ‑ആര്‍ജിസിഎ പ്രദര്‍ശനഫാം

Janayugom Webdesk
കൊച്ചി
June 1, 2020 5:46 pm

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കീഴിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ പുതുച്ചേരിയിലുള്ള പ്രദര്‍ശനഫാമില്‍ ഒരു ഹെക്ടറില്‍ നിന്നും 15 ടണ്‍ കാളാഞ്ചി മല്‍സ്യം ഉത്പാദിപ്പിച്ച് റെക്കോഡ് നേട്ടം കൈവരിച്ചു. ആഭ്യന്തരവിപണിയിലും വിദേശവിപണിയിലും ഒരുപോലെ ആവശ്യക്കാരുള്ള കാളാഞ്ചി മല്‍സ്യകൃഷിയുടെ ഈ നേട്ടം ചെമ്മീന്‍ ഇതര മല്‍സ്യഇനങ്ങള്‍  വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്.  ഏതാണ്ട് രണ്ട് സെന്‍റിമീറ്റര്‍ വലിപ്പമുള്ള കാളാഞ്ചി കുഞ്ഞുങ്ങളെ പത്ത് മാസം കൊണ്ട് 1.2  മുതല്‍ 1.5 കിലോ വരെ തൂക്കമുള്ള മല്‍സ്യങ്ങളാക്കിയാണ് വിളവെടുപ്പ്  നടത്തിയത്.

ഒരു കിലോ മല്‍സ്യം ഉത്പാദിപ്പിക്കാന്‍ ഏകദേശം 1.8 കിലോ ഫ്ളോട്ടിങ് പെല്ലറ്റ്  തീറ്റ  ഉപയോഗിച്ചു. ഒരു കിലോ മത്സ്യത്തിനു  മുന്നൂറു രൂപയാണ് ഉത്പാദനചിലവ് വന്നത്. ഇപ്രകാരം ഉത്പാദിപ്പിച്ച മത്സ്യങ്ങളെ കിലോയ്ക്ക് 420 മുതല്‍ 450 രൂപവരെയുള്ള വിലയ്ക്കാണ് വിപണനം നടത്തിയത്. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് 17 ലക്ഷം രൂപയാണ് ലാഭമായി ലഭിച്ചു.

നമ്മുടെ രാജ്യത്ത് മല്‍സ്യകൃഷിക്ക് അനുയോജ്യമായ ജലസ്രോതസുകളില്‍ പരിസ്ഥിതിക്ക് അനുകൂലമായ വിവിധഇനം മല്‍സ്യഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന്  കാളാഞ്ചി മല്‍സ്യകൃഷിയുടെ ഈ വിജയഗാഥ ഒരു പ്രചോദനമാണെന്ന് എം പി ഇ ഡി എ  ചെയര്മാന്‍  കെ സ്  ശ്രീനിവാസ്  പറഞ്ഞു.മല്‍സ്യകൃഷിയില്‍ ചെമ്മീനുകളെ കൂടാതെ വിവിധ ഇനം മത്സ്യങ്ങളെ  പരീക്ഷിക്കുവാനും  ഈ നേട്ടം കര്‍ഷകരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംപിഇഡിഎയുടെ  ഗവേഷണ വിഭാഗമായ തമിഴ്നാട്ടിലെ ശീര്‍കാഴി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ ജി സി എ. വിവിധതരം മല്‍സ്യഇനങ്ങളായ  കാളാഞ്ചി,മോദ, ഞണ്ട്, ഗിഫ്റ്റ്  തിലാപിയ, ആവോലി തുടങ്ങിയവയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വിത്തുല്പാദനവും അവയുടെ കൃഷിക്കും വേണ്ട അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സാധാരണ ഹോട്ടലുകളില്‍ മാത്രം ലഭ്യമായിരുന്ന കാളാഞ്ചി മല്‍സ്യം ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും പായ്ക്ക്  ചെയ്ത് ലഭ്യമാണ്. കടല്‍ ജലത്തിലും ഓരുജലത്തിലും ശുദ്ധജലത്തിലും ഒരു പോലെ കൃഷിചെയ്യാവുന്ന ഒരിനം മല്‍സ്യമാണിത്. തുറന്നജലാശയകൃഷിക്കും കൂടുമല്‍സ്യകൃഷിക്കും ഇതനുയോജ്യമാണ്. ഏറെ രുചിയുള്ളതും മാംസളവുമായ മല്‍സ്യമായതിനാല്‍ ആഭ്യന്തരവിപണിയില്‍  കിലോയ്ക്ക്  400 മുതല്‍ 500 രൂപ വരെ വില ലഭിക്കാറുണ്ട്. വിദേശവിപണിയിലും കാളാഞ്ചിക്ക്  മികച്ച  ഡിമാന്‍ഡാണുള്ളത് .

ആര്‍ജിസിഎ  വര്‍ഷംതോറും മുപ്പതുലക്ഷം കാളാഞ്ചി കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാവുന്ന ഹാച്ചറി തമിഴ്നാട്ടിലെ തൊടുവെയില്‍ നടത്തിവരുന്നുണ്ട്. രാജ്യത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സംവിധാനമാണിത്. നാളിതുവരെ 18  ദശലക്ഷം കാളാഞ്ചി കുഞ്ഞുങ്ങളെയാണ് ഈ കേന്ദ്രത്തില്‍നിന്നും രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് നല്‍കിയിട്ടുള്ളത്.

2018 മുതല്‍ രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള കര്‍ഷകര്‍ക്ക് കാളാഞ്ചികുഞ്ഞുങ്ങളെ  എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുവേണ്ടി തൊടുവയിലുള്ള ഹാച്ചറിയില്‍ നിന്നും കാളാഞ്ചി കുഞ്ഞുങ്ങളെ കൊച്ചിയിലെ  വല്ലാര്‍പാടത്തുള്ള ആര്‍ജിസിഎ സെന്‍ററില്‍ എത്തിച്ചു വിതരണം നടത്തിവരുന്നുണ്ട്.

Eng­lish Sum­ma­ry:  pro­duced 15 tonnes of hemp in one hector.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.