കോവിഡ്; ഓഗസ്റ്റ് അവസാനത്തോടെ രോഗികളുടെ എണ്ണം വൻതോതിൽ കൂടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം

Posted on June 25, 2020, 10:45 pm

സ്വന്തം ലേഖകൻ

ഓഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വലിയതോതിൽ ഉയരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലെ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽ പോലും, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡിഎംഎ) നൽകുന്ന കണക്കുകൾ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് നിലവിലുള്ള അവസ്ഥ വച്ചുള്ള സൂചനയാണ്. അതിൽ കുറയാം അല്ലെങ്കിൽ വർധിക്കാം.

ശ്രദ്ധ പാളിയാൽ ഈ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങൾ എല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ ഓരോരുത്തരും സന്നദ്ധരാകണം. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കോവിഡ് കേസുകളുടെ കാര്യത്തിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് കോവിഡ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കും. രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണിത്. വിദേശത്തു നിന്നു വരുന്നവരോട് ക്വാറന്റൈൻ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് നിഷ്കർഷിക്കുന്നത് അതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറമേനിന്നു വന്ന കേസുകളിൽ ഏഴു ശതമാനം പേരിൽ നിന്നു മാത്രമാണ് രോഗം പടർന്നത്.

93 ശതമാനം ആളുകളിൽ നിന്നും രോഗം ഒരാളിലേക്കു പോലും വ്യാപിക്കാതെ പിടിച്ചു നിർത്താനായി. അതുകൊണ്ട്, ആക്റ്റീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ക്വാറന്റൈൻ സംവിധാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിയേ തീരൂ. അതിനായി പുറത്തുനിന്നു വരുന്നവരുടെയും ഇവിടെയുള്ളവരുടെയും പൂർണ സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

you may also like this video;


വിമാനത്താവളങ്ങളിൽ നിന്ന് വീടുകളിലേക്ക് പോകണം

വിദേശങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയിൽ ബന്ധുവീടുകൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുന്നത് അനുവദിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ സന്നദ്ധ സംഘടനകളുടെയും മറ്റും പേരിൽ സ്വീകരിക്കാൻ ആരും പോകരുത്. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ കാലതാമസമുണ്ടാകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. ഇതിൽ ഏകീകരണം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാത്രി യാത്രയ്ക്ക് കർശന നിയന്ത്രണം

രാത്രി ഒൻപതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം കർശനമാക്കും. അവശ്യ സർവീസുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂ. കണ്ടെയ്ൻമെന്റ് മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതൽ കർശനമാക്കും. ഇത്തരം സ്ഥലങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിൻ കൂടുതൽ ശക്തമായി തുടരും.

യാത്രാ വിവരങ്ങൾ എഴുതി സൂക്ഷിക്കണം

രോ ദിവസത്തെയും യാത്രാ വിവരങ്ങൾ എല്ലാവരും എഴുതി സൂക്ഷിക്കണം. സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ, സമയം, സന്ദർശിച്ച സ്ഥലങ്ങൾ, ഹോട്ടലിൽ പോയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം, സമയം തുടങ്ങി മുഴുവൻ വിവരങ്ങളും ബുക്കിലോ ഡയറിയിലോ ഫോണിലോ എഴുതി സൂക്ഷിക്കണം.

you may also like this video;