24 April 2024, Wednesday

കമ്മ്യൂണിസ്റ്റ് കർമ്മയോഗി

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
November 28, 2021 5:45 am

ർധരാത്രിയുടെ അരണ്ട നിലാവെളിച്ചത്തിൽ, ആ യാത്രാക്കപ്പലിന്റെ മുകൾത്തട്ടിൽ നിന്നുകൊണ്ട് രണ്ടു ചെറുപ്പക്കാർ, ഏതാനും ചാക്കുകെട്ടുകളോരോന്നായി ഒച്ചയുണ്ടാക്കാതെ നടുക്കടലിലേക്ക് വലിച്ചെറിയുകയാണ്. ആ സാഹസിക കൃത്യം ആരെങ്കിലും കണ്ടുപിടിക്കുന്നുണ്ടോ എന്നു നോക്കാനും ആവശ്യമായ മുന്നറിയിപ്പ് നൽകാനുമായി മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടി ഡെക്കിന്റെ ഒരു ഭാഗത്ത്, ജാഗരൂകയായി കാവൽ നിന്നു.…

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. ലണ്ടനിൽ നിന്ന് തിരിച്ച്, ഗുഡ്ഹോപ്പ് മുനമ്പ് വലംവച്ച്, ഡർബൻ വഴി ഇന്ത്യയിലേക്ക് സഞ്ചരിക്കുകയായിരുന്ന ആ കപ്പലിൽ വിദേശത്തെ വിദ്യാഭ്യാസം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന മൂന്നു ചെറുപ്പക്കാരുമുണ്ടായിരുന്നു. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് പ്രചോദനവും ആവേശവും ഉൾക്കൊണ്ട ആ യുവാക്കൾ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആജന്മശത്രുക്കളായിരുന്നു. കപ്പലിനുള്ളിലെ വിശാലമായ ലൈബ്രറിയുടെ ഷെൽഫുകളിൽ ഭദ്രമായി അടുക്കിസൂക്ഷിച്ചിരുന്ന ഒരു കൂട്ടം പുസ്തകങ്ങൾ — ഫാസിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുകയോ പ്രകീർത്തിക്കുകയോ ചെയ്യുന്നവയായിരുന്നു അവയെല്ലാം — ചാക്കിൽ കെട്ടിക്കൊണ്ടുവന്ന് കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയാനായി അവർ ഒരു പദ്ധതി ആസൂത്രണം ചെയ്തു. കറുത്തു മെലിഞ്ഞ ഒരു ബംഗാളി ചെറുപ്പക്കാരനും വെളുത്തു തടിച്ച ഒരു പാഴ്സി യുവാവും ചേർന്നാണ് ആ ‘വിധ്വംസക’ പരിപാടി വിജയകരമായി നടപ്പിലാക്കിയത്. സംഘത്തിലെ രണ്ടാമന്റെ പ്രണയിനിയാണ് കാവൽപ്പണി സമർത്ഥമായി നിർവഹിച്ച ആ സുന്ദരിപ്പെൺകൊടി. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു, ആ കമിതാക്കൾ. ബംഗാളി യുവാവാകട്ടെ സ്വാതന്ത്ര്യസമരയോദ്ധാവും അതേസമയം അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസിയും.

ഇന്ദിരാ പ്രിയദർശിനി നെഹ്റു എന്നും ഫിറോസ് ജഹാംഗീർ ഗാന്ധി എന്നുമായിരുന്നു ആ യുവമിഥുനങ്ങളുടെ പേരുകൾ. അവരുടെ ആത്മമിത്രമായ ആ യുവകമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പേരാകട്ടെ, ഭൂപേശ് ഗുപ്ത എന്നും.….

1930 കളിൽ ‘ബിലാത്തി‘യിൽ ഉപരിപഠനത്തിനെത്തി, കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടരായ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാവരും സമ്പന്ന കുടുംബങ്ങളുടെ സുഖസമൃദ്ധിയിൽ ജനിച്ചു വളർന്നവരായിരുന്നു. ഹിരൺ മുഖർജി, രേണു റോയ്, ജ്യോതിബസു, നിഖിൽ ചക്രവർത്തി, ഇന്ദ്രജിത് ഗുപ്ത, മോഹൻ കുമാരമംഗലം, പാർവതി കുമാരമംഗലം, എൻ കെ കൃഷ്ണൻ, പി എൻ ഹക്‌സർ… സാമ്രാജ്യത്വത്തിൽ നിന്നുള്ള വിമോചനകാംക്ഷയും സാഹസിക ജീവിതത്തോടുള്ള ആവേശവും ചേർന്നാണ് ആ ചെറുപ്പക്കാരെയെല്ലാം വിപ്ലവകാരികളാക്കി മാറ്റിയത്. എന്നാൽ ഭൂപേശ് ഗുപ്ത ലണ്ടനിൽ എത്തുമ്പോൾ തന്നെ വിപ്ലവാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തുകഴിഞ്ഞിരുന്നു.

 


ഇതുകൂടി വായിക്കൂ: തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികൻ


കിഴക്കൻ ബംഗാളിലെ മെയ്‌മൻ സിങ്ങിലെ ഒരു ജമീന്ദാരി കുടുംബത്തിൽ ജനിച്ച ഭൂപേശ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തീവ്രവാദി പ്രസ്ഥാനമായ അനുശീലൻ സമിതിയുടെ പ്രവർത്തകനായി. പതിനാറാമത്തെ വയസിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട ഭൂപേശ് അടുത്തവർഷം ‑1931ൽ — വീണ്ടും രണ്ടു തവണകൂടി പൊലീസിന്റെ പിടിയിലായി. 1933 ൽ ഒരിക്കൽകൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ അടുത്ത നാലുവർഷങ്ങൾ തടവിൽ കഴിയേണ്ടിവന്നു. ഇന്റർമീഡിയറ്റും ഡിഗ്രിയും പഠിച്ചതും പാസ്സായതുമൊക്കെ അങ്ങനെ ജയിലിൽ കിടന്നുകൊണ്ടാണ്. ആ നാളുകളിൽ വായിച്ചുകൂട്ടിയ മാർക്സിസ്റ്റ് ഗ്രന്ഥങ്ങളിൽ നിന്നാണ്, ഒറ്റപ്പെട്ട ഭീകരപ്രവർത്തനങ്ങളുടേതല്ല മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന കൊടിയേന്തിയ സംഘടിതവർഗത്തിന്റേതാണ് ശരിയായ വിമോചനപാതയെന്ന് ഭൂപേശ് തിരിച്ചറിയുന്നത്.

വിപ്ലവപ്രവർത്തനങ്ങളിൽ നിന്ന് മകനെ രക്ഷപ്പെടുത്താനായി ഭൂപേശിന്റെ പിതാവ് ഒരു വഴിയേ കണ്ടുള്ളൂ. വിദേശത്തേക്ക് പഠിക്കാൻ അയയ്ക്കുക. ജയിലിൽ നിന്ന് വിട്ടയക്കുന്നതിനു പകരം ഭൂപേശിനെ നേരിട്ട് കപ്പലിലേക്ക് എത്തിക്കുകയാണ്, പൊലീസ് ചെയ്തത്. കപ്പൽ പുറപ്പെടുന്നതിനു തൊട്ടുമുമ്പായി മോചന ഉത്തരവും അതോടൊപ്പം വിദേശത്ത് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലുമേർപ്പെടരുത് എന്ന ഒരു കല്പനയും കൂടി പൊലീസ് കൈയിൽ വച്ചുകൊടുത്തു. എന്നാൽ ലണ്ടനിൽ എത്തിയ ഉടനെ തന്നെ ഉത്തരവുകളെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഭൂപേശ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ചു.

ഇന്ത്യയിൽ നിന്ന് പഠിക്കാനെത്തിയ ചെറുപ്പക്കാരിലേറെയും കാന്തശക്തിയാലെന്നപോലെ ഭൂപേശിന്റെ വ്യക്തിത്വത്തിലേക്ക് ആകർഷിക്കപ്പെട്ടു. അങ്ങനെയാണ് ഇന്ദിരയും ഫിറോസും ഭൂപേശിന്റെ ഉറ്റ ചങ്ങാതിമാരായി തീർന്നത്. ഓക്സ്ഫഡിലെ മിഡിൽ ടെംപിളിൽ നിന്ന് ബാർ അറ്റ് ലോ ബിരുദം നേടി സ്വന്തം ജന്മദേശത്തിലേക്ക് ഭൂപേശ് മടങ്ങുമ്പോൾ പാതിവഴിയിൽ പഠിത്തം അവസാനിപ്പിച്ച ഇന്ദിരയും ഫിറോസും ഒപ്പം ചേർന്നു.…

 


ഇതുകൂടി വായിക്കൂ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കണം: കാനം


ഇന്ത്യയിൽ മടങ്ങിയെത്തിയ ഉടനെതന്നെ അന്ന് അണ്ടർഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്ന കൽക്കത്തയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഭൂപേശ്, ജനറൽ സെക്രട്ടറി പി സി ജോഷിയുടെ അടുത്ത അനുയായി ആയി. ലണ്ടനിൽ ഒപ്പം പഠിക്കുമ്പോൾ അടുത്ത ചങ്ങാതിയായി തീർന്ന ജ്യോതി ബസുവിനോടൊപ്പം ചേർന്ന് ‘ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയൻ’ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഭൂപേശ്, ബംഗാൾ ക്ഷാമത്തിന്റെ നാളുകളിൽ ജനരക്ഷാ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.

1948 ലെ കൽക്കത്താ തീസിസിന്റെ കാലത്ത് ഭൂപേശ് അറസ്റ്റിലായി. രൂക്ഷമായി വളർന്ന ഉൾപ്പാർട്ടി സമരത്തിൽ സെക്ടറിയനിസത്തിനെതിരെ ഭൂപേശ് ശക്തമായ നിലപാടെടുത്തു. 1952 ഏപ്രിൽ മാസത്തിൽ, പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഭൂപേശ് ജയിലിൽ നിന്ന് പുറത്തുവരുന്നത്. അടുത്തവർഷം മഥുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ വച്ച് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭൂപേശ് 1956 ലെ പാലക്കാട് കോൺഗ്രസിൽ വച്ച് പോളിറ്റ് ബ്യൂറോയിലെത്തി. പാർട്ടി മുഖപത്രമായ ‘ന്യൂ ഏജി‘ന്റെ പത്രാധിപർ ചുമതലയും ഭൂപേശ് ഗുപ്തയെയാണ് പാർട്ടിയേല്പിച്ചത്.

കമ്മ്യൂണിസ്റ്റ് നേതാക്കളായ എസ് എ ഡാങ്കെ, എ കെ ഗോപാലൻ, പ്രൊഫ. ഹിരൺ മുഖർജി, രേണു ചക്രവർത്തി, ഇന്ദ്രജിത് ഗുപ്ത, പി കെ വാസുദേവൻ നായർ തുടങ്ങിയവർ ലോക്‌സഭയിലും പി സുന്ദരയ്യ, ബാസവപുന്നയ്യ, പി രാമമൂർത്തി, ഡോ. ഇസഡ് എ അഹമ്മദ്, എം എൻ ഗോവിന്ദൻ നായർ, കെ ദാമോദരൻ, സി അച്യുതമേനോൻ തുടങ്ങിയവർ രാജ്യസഭയിലും മികച്ച രീതിയിൽ തിളങ്ങിയ പാർലമെന്റേറിയന്മാർ കൂടിയായിരുന്നു. എന്നാൽ അവരിൽ നിന്നെല്ലാം, എല്ലാ അർത്ഥത്തിലും വേറിട്ടുനിന്ന ഒരു പാർലമെന്റേറിയനായിരുന്നു ഭൂപേശ് ഗുപ്ത. പാർലമെന്റ് ഭൂപേശിനെ സംബന്ധിച്ചിടത്തോളം ഒരു സമരഭൂമിയായിരുന്നു. നിസ്വവർഗം നേരിടുന്ന നൂറായിരം പ്രശ്നങ്ങൾ, അനീതിയുടെയും അസമത്വത്തിന്റെയും അനേകം ദൃഷ്ടാന്തങ്ങൾ, സമ്പന്ന വർഗ്ഗത്തിനുവേണ്ടി ഭരണവർഗം നടത്തുന്ന പ്രീണനങ്ങളും വിട്ടുവീഴ്ചകളും, രാജ്യത്തെ ഞെട്ടിച്ച അഴിമതിക്കഥകൾ.… ഇതെല്ലാം രാജ്യസഭയിലെ തന്റെ ചോദ്യങ്ങളിലൂടെയും സബ്മിഷനുകളിലൂടെയും പോയിന്റ് ഓഫ് ഓർഡറുകളിലൂടെയും അദ്ദേഹം ദേശീയശ്രദ്ധയിൽ കൊണ്ടുവന്നു. ജവാഹർലാൽ നെഹ്റു മുതൽ മൊറാർജി ദേശായി വരെയുള്ള പ്രധാനമന്ത്രിമാരും പ്രഗത്ഭരായ അന്നത്തെ മന്ത്രിമാരും ഭരണ‑പ്രതിപക്ഷ നേതാക്കളും ശ്രദ്ധയോടും ആദരവോടും കൂടി ആ വാക്കുകൾ കേട്ടിരുന്നു. ഹരിദാസ് മുന്ദ്ര, എം ഓ മത്തായി തുടങ്ങിയവരുടെ അഴിമതിക്കഥകൾ തുറന്നുകാട്ടിയത് ഭൂപേശ് ഗുപ്തയായിരുന്നു.

 


ഇതുകൂടി വായിക്കൂ: ബാലറാം മാതൃകാ കമ്മ്യൂണിസ്റ്റ്: പന്ന്യൻ രവീന്ദ്രൻ


1972 ൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പ്രശസ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാം ഒരിക്കൽ ഭൂപേശ് എന്ന ‘പ്രതിഭാസ’ത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞു. അപ്പോൾ ഒരു ചെറു ചിരിയോടെ ഇന്ദിരാഗാന്ധി പറഞ്ഞു. “താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? തനിക്ക് പറയാനുള്ളതു മുഴുവനും പറഞ്ഞു കഴിഞ്ഞാലുടനെ ഭൂപേശ് ചെയ്യുന്നത് ചെവിയിൽ നിന്ന് ഇയർ ഫോൺ ഊരി പോക്കറ്റിൽ വച്ച് സ്വസ്ഥനായി ഇരിക്കുകയാണ്. ”

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആശയസമരം രൂക്ഷമായി വളർന്ന നാളുകൾ. അജയ് ഘോഷിന്റെ ഉറ്റ അനുയായിയായ ഭൂപേശ് ഗുപ്ത തുടക്കം മുതൽക്കുതന്നെ കൈക്കൊണ്ടത് മധ്യവർത്തിയുടെ നിലപാടായിരുന്നു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഇന്ത്യയിലെ പാർട്ടിയിലും ഒരു പിളർപ്പ് എങ്ങനെയും ഒഴിവാക്കണമെന്ന പക്ഷക്കാരനായിരുന്നു ഭൂപേശ്. അജയഘോഷിന്റെ ആകസ്മികമായ വേർപാടിനു ശേഷം ജ്യോതിബസുവിനോടും, ഇ എം എസ് നമ്പൂതിരിപ്പാടിനോടുമൊപ്പം മധ്യവർത്തിനയം തുടർന്നുപോന്നെങ്കിലും 1964 ഏപ്രിൽ 11ന് ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരോടൊപ്പം ചേരാൻ ഭൂപേശ് തയ്യാറായില്ല. പാർട്ടി പിളർക്കാൻ സുന്ദരയ്യയും കൂട്ടരും ഉപയോഗിച്ച അവസാനത്തെ കച്ചിത്തുരുമ്പായ ‘ഡാങ്കെ കത്തുകൾ’ പരിശോധിച്ച് സത്യാവസ്ഥ കണ്ടെത്താൻ വേണ്ടി പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ എസ് വി ഘാട്ടേ, ജി അധികാരി, സി രാജേശ്വര റാവു, സോഹൻ സിങ് ജോഷ്, പ്രൊഫ. ഹിരൺ മുഖർജി, സി അച്യുത മേനോൻ, എന്നിവരോടൊപ്പം ഭൂപേശ് ഗുപ്തയും അംഗമായിരുന്നു.

അറുപതുകളുടെ അവസാനവർഷങ്ങളിൽ ഇന്ദിരാ ഗാന്ധിയുടെ ഗവണ്മെന്റ് കൈക്കൊണ്ട ബാങ്ക് ദേശസാൽക്കാരണമുൾപ്പെടെയുള്ള എല്ലാ പുരോഗമന നടപടികൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രേരണയും പിന്തുണയുമുണ്ടായിരുന്നുവെന്നത് ഒരു ചരിത്രവസ്തുതയാണ്.. ഇന്ദിരയുടെ ദീർഘകാലത്തെ ആത്മസുഹൃത്ത് എന്ന നിലയിൽ ഭൂപേശിന്റെ അഭിപ്രായങ്ങൾക്ക് അവർ വലിയ വില കല്പിച്ചിരുന്നു. ബംഗ്ലാദേശ് വിമോചനവും സോവിയറ്റ് യൂണിയനുമായി ഇന്ത്യ ഒപ്പിട്ട ഉടമ്പടിയുമുൾപ്പെടെയുള്ള ചരിത്രസംഭവങ്ങളിൽ, അന്ന് കോൺഗ്രസിന്റെ പ്രധാനസഖ്യകക്ഷി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചിരുന്നത് ഭൂപേശായിരുന്നു. ജയപ്രകാശ് നാരായണൻ ആരംഭിച്ച സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിലൂടെ ആർ എസ് എസും ജനസംഘവും നയിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾ ഇതാദ്യമായി മുഖ്യധാരാ രാഷ്ട്രീയത്തിൽ മേധാവിത്വം സ്ഥാപിച്ചപ്പോൾ ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കാൻ സിപിഐ മടി കാണിച്ചില്ല. എന്നാൽ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടർന്ന് സഞ്ജയ് ഗാന്ധിയും കൂട്ടരും നയിക്കുന്ന വൈതാളിക സംഘം രാജ്യഭരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തപ്പോൾ അതിനെതിരെ ആദ്യം പ്രതികരിച്ചതും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. സഞ്ജയ് പ്രതിനിധാനം ചെയ്യുന്ന ”ഭരണഘടനാതീത ശക്തി“യുടെ കടന്നുവരവിനെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയത് സി പി ഐ യായിരുന്നു. സ്വേച്ഛാധികാരത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെയുള്ള പാർട്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇന്ദിരയെ നേരിട്ടറിയിക്കാൻ നിയുക്തനായത് അന്ന് ദേശീയ സെക്രട്ടേറിയറ്റുംഗമായ ഭൂപേശ് ഗുപ്തയായിരുന്നു. 1976ൽ നടക്കേണ്ട ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തുതന്നെ നടത്തണമെന്ന പാർട്ടിയുടെ അഭിപ്രായം ഭൂപേശ് ഇന്ദിരയെ അറിയിച്ചു. എന്നാൽ സഞ്ജയ് ഗാന്ധിയുടെ പേരുപയോഗിച്ചുകൊണ്ട് തന്നെ ആക്രമിക്കാൻ സി പി ഐ ശ്രമിക്കുകയാണെന്ന് പ്രത്യാരോപണം നടത്തുകയാണ് ഇന്ദിര ചെയ്തത്.

 


ഇതുകൂടി വായിക്കൂ: എം എസ്: യശോധാവള്യമുള്ള കമ്മ്യൂണിസ്റ്റ്


അടിയന്തരാവസ്ഥയുടെ മറവിൽ അരങ്ങേറുന്ന ഏകാധിപത്യവും അധികാര ദുർവിനിയോഗവും ഒരു വലിയ വിഭാഗം ജനങ്ങളെ ഗവണ്മെന്റിനെതിരാക്കിയെന്ന് ഭൂപേശ് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. തന്നെ പഠിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യമെങ്കിൽ മേലിൽ കാണാൻ താല്പര്യമില്ലെന്നു പറഞ്ഞുകൊണ്ട് ഭൂപേശ് അവിടെ നിന്ന് ഇറങ്ങിപ്പോകുകയാണുണ്ടായത്. അതോടെ ദീർഘകാലത്തെ ആത്മസൗഹൃദത്തിന് ഭരതവാക്യം ചൊല്ലുകയായിരുന്നു.

അടിയന്തരാവസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സിപിഐയുടെ നടപടി തെറ്റായിപ്പോയെന്ന, സ്വയംവിമർശനത്തിന്റെയും പുനർവിചിന്തനത്തിന്റെയും നിലപാടുകൾ കൈക്കൊള്ളാൻ പാർട്ടിയെ പ്രേരിപ്പിച്ച പ്രധാന ശബ്ദം ഭൂപേശിന്റേതായിരുന്നു. ഭട്ടിണ്ടായിൽ നടന്ന പാർട്ടിയുടെ പതിനൊന്നാം കോൺഗ്രസിൽ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടിയെ നയിക്കുന്നതിൽ, ഭൂപേശിന്റെ ഉറച്ച നിലപാട് നിർണായകമായ പങ്കു വഹിച്ചു.

പരുക്കൻ തുണികൊണ്ടുള്ള കുർത്തയും ബംഗാളി ശൈലിയിൽ വലിച്ചുടുത്ത ദോത്തിയും കണ്ണടയും സദാ ചെവിയിൽ തിരുകിയ ഒരു ശ്രവണ സഹായിയും ഇതായിരുന്നു മുപ്പതു വർഷത്തോളം പാർലമെന്റംഗമായി ശോഭിച്ച ഒരു വലിയ നേതാവിന്റെ വേഷഭൂഷാദികൾ. ശീതകാലമാകുമ്പോൾ ദേഹത്ത് ഒരു ഷാൾ കൂടി കണ്ടെന്നുവരും. 1952 ൽ രാജ്യസഭാംഗമായപ്പോൾ വാങ്ങിയ ഒരു സെറ്റ് ഇന്ത്യൻ കോട്ടും പാന്റും വിദേശ സന്ദർശന വേളകളിൽ ധരിക്കാനായി മരണംവരെ സൂക്ഷിച്ചുവച്ചിരുന്നു. പുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഏക സ്വത്ത്. കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളുമെല്ലാമെല്ലാം.

 


ഇതുകൂടി വായിക്കൂ: തൊഴിലാളികളോടൊപ്പം നിന്ന കമ്മ്യൂണിസ്റ്റ്


രാജ്യസഭയിൽ മുപ്പതു വർഷങ്ങൾ പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അർബുദ രോഗത്തിനുള്ള ചികിത്സക്കിടയിൽ മോസ്കോയിൽ വച്ച് ഭൂപേശ് ഗുപ്ത തന്റെ അറുപത്തിയേഴാമത്തെ വയസിൽ വിട പറയുന്നത്.

ഫാസിസം ഫണം വിരിച്ചാടുന്ന, പാർലമെന്ററി ഡെമോക്രസി വെറും പ്രഹസനമായി മാറിയ ഇന്നത്തെ ഇന്ത്യയിൽ ഭൂപേശ് ഗുപ്തയുടെ ജീവിതം ഒരു ഓർമ്മപ്പെടുത്തൽ ആവശ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തെയും ജനാധിപത്യമൂല്യങ്ങളെയും പ്രാണനേക്കാൾ പ്രണയിക്കുന്നവർക്ക് ആത്മബലം പണിഞ്ഞേകാൻ ആ ഓർമ്മകൾ സഹായിക്കും, തീർച്ച!

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.