Monday
22 Apr 2019

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതി; സെമിനാര്‍ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

By: Web Desk | Thursday 25 October 2018 12:42 PM IST


തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതി എന്ന വിഷയത്തിൽ സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  ദ്വിദിന ദേശീയ സെമിനാർ    കനകക്കുന്ന് കൊട്ടാരം ഹാളില്‍ തുടങ്ങി .

ജനനന്മയില്‍ ഉറച്ച കാഴ്ചപ്പാടുകളുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ നയങ്ങളാണ് കേരളാ മോഡല്‍ വികസനത്തിന് ആധാരമായതെന്നു സെമിനാര് ഉദ്‌ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
പ്രളയാനന്തരകേരളത്തിന്റെ അവസ്ഥ ജനത്തെ പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതരാക്കിക്കഴിഞ്ഞു. പ്രളയദുരിതം ഓരോ കേരളീയനേയും ചിന്തിപ്പിക്കുകയും കൂട്ടായ്മയുടെ ആവശ്യം ബോധ്യപ്പെടുത്തുകയും സുസ്ഥിരമായ ഭാവിയെപ്പറ്റി ആശങ്കപ്പെടുത്തുകയുമാണ്. തുല്യതയുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ സ്വീകരിച്ച നയപരിപാടികള്‍ മൂലം പുരോഗതി എല്ലാമേഖലയിലും എത്തിക്കാനായിട്ടുണ്ട്. വിദ്യാഭ്യാസം ആരോഗ്യം ജീവിതനിലവാരം എന്നിവയിലെല്ലാം ഈ കേരള മോഡല്‍ ഏറെ അറിയപ്പെട്ടതാണ്. സമത്വം കൂട്ടായ്മ എന്നിവയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ പോലും വിഭവങ്ങള്‍ക്കുമീതേ മുതലാളിത്തതിന്റെ പിടിഅയക്കാന്‍ പര്യാപ്തമായില്ല.
വഴിതെറ്റിയ വളര്‍ച്ച മൂലം ജനങ്ങളിലുണ്ടായ അസമത്വം നിലവിലെ കമ്പോളനിയന്ത്രിത വികസനത്തില്‍നിന്നും മാറിയുള്ള അന്വേഷണത്തിലേക്കു അവരെ എത്തിച്ചിരിക്കയാണ്.
സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് 2016ല്‍ ദ്വിദിന സെമിനാര്‍ നടത്തിയിരുന്നു. സര്‍ക്കാരിന്റെ നവകേരള പദ്ധതി സുസ്ഥിരവികസനത്തിലൂന്നിയ നാടിന്റെ സാമൂഹിക സാമ്പത്തികമേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിതിന് സഹായകമായി.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഇവയ്ക്ക് അടിയന്തരപരിഹാരം കണ്ടെത്തേണ്ടതായുണ്ട്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഈ പ്രശ്‌നപരിഹാരത്തിന് നിര്‍ദ്ദേശങ്ങളും സാമ്പത്തിക സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തിന്റെ പുനസൃഷ്ടിക്ക് ഇവ ഉപയോഗപ്പെടുത്തണം. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം ദോഷകരമാവരുത്.
കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ കാണുന്ന രണ്ട് വെല്ലുവിളികള്‍ ജനം ശീലിച്ച ഉപഭോഗസംസ്‌കാരവും മുതലാളിത്ത കടന്നുകയറ്റം മൂലം പല മേഖലകളില്‍നിന്നും സര്‍ക്കാരിന്റെ പിന്മാറ്റവുമാണ്.
സമത്വവും കൂട്ടായ്മയും ഉയര്‍ത്തിപ്പിടിച്ച് അടിത്തട്ടില്‍നിന്നും ജനാധിപത്യം ശക്തിപ്പെടുത്തി നാടിനെ പുനര്‍നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ ഫൗണ്ടേഷന്‍ സെമിനാര്‍ ഒരു നാഴികക്കല്ലാവുമെന്നും കാനം പറഞ്ഞു.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ദുരന്ത നിവാരണ പഠനകേന്ദ്രം മേധാവിയും നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പറുമായ പ്രൊഫ. ജന്‍കി അന്ധാരിയപ്രത്യേക പ്രഭാഷണം നടത്തി . ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ പത്മശ്രീ പ്രൊഫ. ശേഖര്‍ പഥക്  എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ അഡ്വ എൻ  രാജൻ ,അഡ്വ ജി ആർ  അനിൽ, പ്രൊഫ ജനകരാജൻ എന്നിവർ പ്രസംഗിച്ചു.

പൊതുസമ്പത്തും പൗരാവകാശങ്ങളും: കേരളത്തിന്റെ പുനര്‍നിര്‍മിതി നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ വിവിധ സെഷനുകളില്‍ രാജ്യത്തെ പ്രമുഖ പരിസ്ഥിതി – സാമ്പത്തിക – സാമൂഹ്യ വിദഗ്ധര്‍ പങ്കെടുക്കും.

 

Related News