ചുവന്ന പൂക്കളായി വിടരുന്ന വാക്കുകള്‍

Web Desk
Posted on April 21, 2019, 8:00 am

ഡോ. ജോര്‍ജ് ഓണക്കൂര്‍
ചുവന്ന പൂക്കളായി വിടരുന്ന വാക്കുകളാണ് ‘ലണ്ടന്‍ കാഴ്ച’കളെ സുന്ദരവും അവിസ്മരണീയവുമാക്കുന്നത്. വായനയും എഴുത്തും സജീവമാക്കുന്ന സര്‍ഗാര്‍ത്മക വ്യക്തിത്വമാണ് സി ദിവാകരന്‍. എഴുത്തിനെയും എഴുത്തുകാരെയും സ്‌നേഹിക്കുകയും പുരോഗമന കലാ സാഹിത്യ രംഗങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്യുന്ന സി ദിവാകരന്റെ പുതിയ പുസ്തകവും മറ്റൊരു യാത്രാനുഭവ ഗ്രന്ഥം; നിറങ്ങളുടെ ചൈനയ്ക്കുശേഷം അദ്ദേഹം രചിച്ച സഞ്ചാര സാഹിത്യകൃതി.
‘ലണ്ടന്‍ കാഴ്ചകള്‍’ കേവലം യാത്രാവഴികളിലെ ദൃശ്യവിവരണമല്ല; മറിച്ച് താന്‍ പിന്നിട്ട ഭൂമികയുടെ സ്പന്ദങ്ങളും സംസ്‌കാര വിശേഷങ്ങളും ആവിഷ്‌കരിക്കലാണ്. ദീര്‍ഘകാലമായി മനസ്സിനുള്ളില്‍ കാത്തുവച്ച രണ്ടുസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. ”ലോകത്തെ വ്യാഖ്യാനിക്കുകയല്ല, അതിനെ മാറ്റിത്തീര്‍ക്കുകയാണ് എന്റെ ലക്ഷ്യം”എന്നു പ്രഖ്യാപിച്ചുകൊണ്ട് മാനവരാശിക്ക് മോചനത്തിന്റെ പാതയൊരുക്കിയ മഹാമനുഷ്യന്റെ അന്തിമ വിശ്രമസ്ഥാനത്ത് രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കണം; അതാണ് ഒരു സ്വപ്നം. മറ്റൊന്ന്, മനുഷ്യസമൂഹത്തിനു ലഭിച്ച അമൂല്യങ്ങളില്‍ അമൂല്യമായ വരദാനം വില്യം ഷേക്‌സ്പിയറുടെ വസതിയില്‍ ആരാധനാപൂര്‍വം ഒരു പകല്‍, സന്ധ്യയില്‍ അമര്‍ന്നൊതുങ്ങുന്നതുവരെ.
ഹൈഗേറ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിനുമുന്നില്‍ പ്രണമിക്കുമ്പോള്‍ ആ മഹത് ജീവിതം പിന്നിട്ട അഗ്നിപരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ ഒന്നൊന്നായി ഓര്‍മ്മിച്ചെടുക്കുന്നു. ”മഹത്വത്തിന് ഒരിക്കലും മരണമില്ല” വിപരീത സന്ധികളെ അതിജീവിച്ചുകൊണ്ട് ആ മനുഷ്യദര്‍ശനം വര്‍ത്തമാനകാല രാഷ്ട്രീയ ഗതിവിഗതികളിലും ശക്തവും ചൈതന്യനിര്‍ഭരവുമായി നിലകൊള്ളുന്നതില്‍ അഭിമാനം. അതേ മനസ്സോടെയാണ് ഷേക്‌സ്പിരിയന്‍ അനുഭവങ്ങളും എഴുത്തുകാരന്‍ പങ്കു
വയ്ക്കുന്നത്.
തികഞ്ഞ സഹൃദയത്വംകൊണ്ട് സുരഭിലമാണ് സി ദിവാകരന്റെ യാത്രാവഴികള്‍. ലണ്ടന്‍ കാഴ്ചകളെ അത് ഹൃദയംഗമമായ അനുഭവമാക്കുന്നു. എഴുത്തുകാരന്‍ സമാദരണീയനായ രാഷ്ട്രീയ നേതാവാണ്. വായനയും പഠനവും സമ്പന്നമാക്കിയതാണ് ആ സാംസ്‌കാരിക ജീവിതം. കലയും രാഷ്ട്രീയവും ചേര്‍ന്നിണങ്ങി മനുഷ്യസ്‌നേഹത്തിന്റെ ചടുലത ഉള്‍ക്കൊള്ളുന്ന ഹൃദയ സഞ്ചാരം. ആരാദ്ധ്യമായ ആ വ്യക്തിപ്രഭയുടെ ശോഭകള്‍ ‘ലണ്ടന്‍ കാഴ്ചക’ളെ അപൂര്‍വ സുന്ദരമാക്കുന്നു.

കാവ്യാത്മകമായ രചനാശില്പം നല്ല വായനാനുഭവം സൃഷ്ടിക്കുന്നു.
-”വസന്തകാല പ്രഭാതസൂര്യന്റെ പ്രകാശരശ്മികള്‍ വന്മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ മാര്‍ക്‌സിന്റെ സ്മാരകത്തെ കൂടുതല്‍ പ്രശോഭിപ്പിച്ചു.….. ഈസ്റ്റ് ഹൈഗേറ്റ് സെമിത്തേരിയുടെ പടികള്‍ ഇറങ്ങുമ്പോള്‍ എങ്ങുനിന്നോ ഒരു കുളിര്‍കാറ്റ് എന്നെ തഴുകികടന്നുപോയി. ആ തണുത്തകാറ്റില്‍ മാര്‍ക്‌സിന്റെ സൗരഭ്യം എനിക്ക് അനുഭവപ്പെട്ടു” എന്ന് കാള്‍ മാര്‍ക്‌സിനെക്കുറിച്ചും,
-”ആ പ്രതിഭാധനന്റെ സാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന ഹരംപിടിപ്പിക്കുന്ന ഓര്‍മ്മകളുമായി ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ ലണ്ടന്‍ നഗരം മറ്റൊരു സന്ധ്യയിലേക്ക് അമരുകയായിരുന്നു” എന്ന് ഷേക്‌സ്പിയര്‍ അനുഭവത്തെക്കുറിച്ചും എഴുതുമ്പോള്‍ രചനയുടെ കാവ്യവഴികള്‍ ഏറെ ആഹ്ലാദകരമാവുന്നു; വേറിട്ട ആസ്വാദനതലം അഭിനന്ദനീയമായിത്തീരുന്നു.