June 5, 2023 Monday

സി അച്യുതമേനോനെ വിസ്മരിക്കരുത്

Janayugom Webdesk
January 4, 2020 9:38 pm

ജാലകം    കെ പ്രകാശ് ബാബു

ഇന്ത്യയിൽ നിലനിന്ന ഫ്യൂഡൽ സമ്പ്രദായത്തിന്റെ ഭാഗമായിരുന്നു കേരളത്തിലെ ജന്മി-കുടിയാൻ ബന്ധം. കൊടിയ മർദ്ദനങ്ങളും ചൂഷണങ്ങളും അനുഭവിച്ച കർഷകരും കർഷകത്തൊഴിലാളികളും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ജന്മിമാരുടെയും അവരുടെ ഗുണ്ടകളുടെയും നിരവധി ക്രൂരതകൾക്ക് ഈ കർഷകരും കർഷകത്തൊഴിലാളികളും വിധേയരായിട്ടുണ്ട്. അവരെ സഹായിക്കാനും സംരക്ഷിക്കാനും ഉടമകളാക്കാനും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ തന്റെ പ്രസിദ്ധമായ ‘വാഴക്കുല’യിൽകൂടി ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പഥിതരെ നിങ്ങൾതൻ പിൻമുറക്കാർ’ എന്നു പാടി ചൂഷിത വർഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പണ്ഡിതനും ആദ്യകാല സംഘാടകനും ആയിരുന്ന സഖാവ് കെ ദാമോദരൻ തന്റെ ‘പാട്ടബാക്കി’ എന്ന നാടകത്തിൽകൂടി ഈ വ്യവസ്ഥിതിക്കെതിരെ ശക്തമായ സന്ദേശം നൽകി. ഇതിന്റെയെല്ലാം പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിൽ പല ഭാഗങ്ങളിലും കർഷകരും കർഷകത്തൊഴിലാളികളും അനുഭവിക്കേണ്ടിവന്ന ചൂഷണങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ നിരവധി കർഷക കലാപങ്ങൾ നടത്തുകയുണ്ടായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പ്രക്ഷോഭങ്ങൾക്കെല്ലാം കരുത്ത് പകർന്നു. അതിന്റെയുംകൂടി പശ്ചാത്തലത്തിലാണ് ഐക്യകേരള പിറവിക്കുശേഷം നടന്ന 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞത്. അധികാരത്തിൽ വന്നയുടൻതന്നെ കേരളത്തിലെ എല്ലാവിധ ഒഴിപ്പിക്കൽ നടപടികളും തടഞ്ഞു­ള്ള നിയമനിർമ്മാണത്തിനാണ് ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് തുടക്കം കുറിച്ചത്. സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട് 1957 പാസാക്കി എവിക്ഷൻ തടഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ നിയമനിർമ്മാണം ഇതായിരുന്നു. കേരളത്തിൽ സമഗ്രമായ ഭൂപരിഷ്കരണം കൊണ്ടുവരുന്നതിനുവേണ്ടി ഒരു നിയമനിർമ്മാണത്തിനുള്ള കരട് തയ്യാറാക്കുന്നതിനു വേണ്ടി സി അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, ഇ ഗോപാലകൃഷ്ണ മേനോൻ, ഇ ചന്ദ്രശേഖരൻ നായർ, ഇ പി ഗോപാലൻ, സി എച്ച് കണാരൻ, പന്തളം പി ആർ മാധവൻപിള്ള തുടങ്ങിയ എംഎൽഎമാരുടെ ഒരു കമ്മിറ്റിയെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ചുമതലപ്പെടുത്തുകയുണ്ടായി. സി അച്യുതമേനോൻ ആയിരുന്നു ആ കമ്മിറ്റിയുടെ ചുമതല. ആവശ്യമായത്ര ചർച്ചകൾ നടത്തി ആ കമ്മിറ്റി തയ്യാറാക്കിയ കരട് ബില്ലാണ് ‘കേരള കാർഷിക ബന്ധ ബിൽ — 1957’.

1957 ഡിസംബർ 21 ന് ബിൽ റവന്യൂമന്ത്രി കെ ആർ ഗൗരിയമ്മ കേരള നിയമസഭയി­ൽ അവതരിപ്പിച്ചു. പൊതുജനാഭിപ്രായം അറിയാൻ ബിൽ സെലക്ട് കമ്മിറ്റിക്ക് അയച്ചു. ചർച്ചകൾക്ക് ശേ­ഷം 1959 ജൂൺ 10 ന് നിയമം പാസാക്കി ബിൽ പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചു. 1959 ജൂലൈയിൽ കേ­രള സർക്കാരിനെ കേന്ദ്ര ഗവൺമെന്റ് പിരിച്ചുവിട്ടു. പ്രസിഡന്റിന്റെ അനുമതിക്ക് അയച്ച ബിൽ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ച് പ്രസിഡന്റ് തിരിച്ചയയ്ക്കുകയും തുടർന്ന് അധികാരത്തിൽ വന്ന പട്ടം താണുപിള്ള ഗവൺമെന്റ് നിയമത്തിൽ ചില ഭേദഗതികൾ വരുത്തി വീണ്ടും നിയമം പാസാക്കുകയും പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. പുതി­യ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ പോയ കേസിൽ കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിൽ റയട്ട്വാരി സമ്പ്രദായം നിലനിൽക്കുന്നതുകൊണ്ട് ഈ പ്രദേശങ്ങളിൽ ഈ നിയമത്തിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല എന്ന് സുപ്രീം കോടതി വിധിച്ചു. അതുകൊണ്ട് കേരള നിയമസഭ റയട്ട്വാരി ടെനന്റ്സ് ആന്റ് കുടികിടപ്പുകാർ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്) ആക്ട് 1961 പാസാക്കി.

പക്ഷെ ആ നിയമം കേരള ഹൈക്കോടതി സസ്പെൻഡ് ചെയ്തു. അതിനാൽ വീണ്ടും അമെന്റ്മെന്റ് ബിൽ കൊണ്ടുവരാതെ പുതിയ ഒരു നിയമ നിർമാണത്തിന് 1962 ലെ ആർ ശങ്കർ മന്ത്രിസഭ തീരുമാനിച്ചു. 1963 ൽ ആഭ്യന്തരവും റവന്യൂ വകുപ്പിന്റെയും ചുമതല വഹിച്ചിരുന്ന പി ടി ചാക്കോ കേരള ലാന്റ് റിഫോംസ് ബിൽ 1963 അവതരിപ്പിച്ചു. പക്ഷേ ആ ബിൽ 57 ലെ കാർഷികബന്ധ നിയമത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട ഒരു നിയമനിർമാണമായിരുന്നു. അതിലെ പല വകുപ്പുകളും കുടികിടപ്പുകാരെക്കാളും കുടിയാന്മാരെക്കാളും ജന്മിമാർക്ക് അനുകൂലമായിട്ടുള്ളതായിരുന്നു. എങ്കിലും നിയമം പാസാക്കി പ്രസിഡന്റിന്റെ അനുമതിക്ക് അയയ്ക്കുകയും 1963 ഡിസംബർ 31 ന് പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ചെയ്തു. ആ നിയമത്തിൽ പ്ലാന്റേഷൻ എന്ന നിർവചനത്തിൽ കമുക്, കുരുമുളക്, കശുമാവ് ഇവയെല്ലാം ഉൾപ്പെട്ടിരുന്നു. ഭൂപരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ട കൂട്ടത്തിൽ കുട്ടനാടൻ പാടശേഖരങ്ങളും ഉൾപ്പെടുത്തിയിരുന്നു. പാട്ടവ്യവസ്ഥ, ഭൂപരിഷ്കരണം ഇതിലെല്ലാം കുടികിടപ്പുകാർക്കും കുടിയാന്മാർക്കും ഗുണകരമല്ലാത്ത ചില വ്യവസ്ഥകൾ ഉണ്ടായിരുന്നു.

ഈ നിയമം പാസാക്കിയെന്നല്ലാതെ നിയമം നടപ്പാക്കാൻ ശങ്കർ മന്ത്രിസഭ യാതൊരു താൽപ്പര്യവും കാണിച്ചിരുന്നില്ല. അതിനാവശ്യമായ ചട്ടങ്ങൾക്കും രൂപം കൊടുത്തിരുന്നില്ല. പിന്നീട് 1967 ൽ നടന്ന തെരഞ്ഞെടുപ്പിൽകൂടി സിപിഐ ഉം സിപിഐ(എം) ഉം ഉൾപ്പെട്ട ഇഎംഎസ് നേതൃത്വം നൽകിയ സപ്തകക്ഷി ഗവൺമെന്റ് അധികാരത്തിൽ വന്നു. നിയമം ഭേദഗതി ചെയ്യുന്നതിനുള്ള പരിശ്രമങ്ങൾ അപ്പോൾ തന്നെ സജീവമായി ആരംഭിച്ചിരുന്നു. നിയമം ഭേദഗതി ചെയ്യുന്നതിന് കാലതാമസം ഉണ്ടായപ്പോൾ ഇ ഗോപാലകൃഷ്ണമേനോന്റെ നേതൃത്വത്തിൽ കർഷക സംഘം അഞ്ചു ജില്ലകളിൽ പ്രചരണ ജാഥകൾ സംഘടിപ്പിക്കുകയും ‘ഭൂപരിഷ്കരണ നിയമ ഭേദഗതി എന്തിനുവേണ്ടി’ എന്ന ലഘുലേഖ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് 1968 ൽ ഭേദഗതി നിയമം അവതരിപ്പിക്കുകയും ബിൽ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. സെലക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബിൽ 1969 ഓഗസ്റ്റ് മാസത്തിൽ നിയമസഭയിൽ അവതരിപ്പിച്ചു. ആ ബിൽ നിയമസഭ പാസാക്കുന്നത് 1969 ഒക്ടോബർ 17-ാം തീയതിയാണ്. ആ നിയമത്തിൽ 1963 ൽ ആർ ശങ്കർ ഗവൺമെന്റ് നഷ്ടപ്പെടുത്തിയ ’57 ലെ കാർഷിക ബന്ധ നിയമ’ത്തിന്റെ ഉള്ളടക്കം പരമാവധി കൊണ്ടുവരാൻ ഗവൺമെന്റ് ശ്രദ്ധിച്ചിരുന്നു.

ഭൂപരിധിയെ സംബന്ധിച്ചും പുനർചിന്തനം നടത്തി. ആർ ശങ്കർ ഗവൺമെന്റ് ഒഴിവാക്കിയ കമുക്, കുരുമുളക്, കശുമാവ് ഇവയെല്ലാം ഭൂപരിധിയിൽ ഉൾപ്പെടുത്തി. അവർ ഒഴിവാക്കിയ കുട്ടനാടൻ പാടശേഖരങ്ങളെയും ഭൂപരിധിയിൽ കൊണ്ടുവന്നു. ചെറുകിട ഭൂവുടമ എന്ന നിർവചനത്തിലും മാറ്റം വരുത്തി. സമഗ്രമായ ഭേദഗതി നിർദ്ദേശിച്ച ആ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത് 1969 ഡിസംബർ 16 നാണ്. നിർഭാഗ്യവശാൽ ഈ ഭേദഗതി നിയമം (ആക്ട് 35–1969) പാസാക്കിയ സപ്തകക്ഷി ഗവൺമെന്റിന് 1969 ഒക്ടോബർ 24 ന് ചില രാഷ്ട്രീയ കാരണങ്ങളാൽ രാജിവയ്ക്കേണ്ടിവന്നു. തുടർന്ന് 1969 നവംബർ ഒന്നിന് സ: സി അച്യുതമേനോന്റെ നേതൃത്വത്തിൽ കേരളത്തിൽ ഒരു പുതിയ ഐക്യമുന്നണി ഗവൺമെന്റ് അധികാരത്തിൽ വന്നു. ആ ഗവൺമെന്റിന്റെ ആദ്യ പരിഗണന ഇതുവരെയും നടപ്പിലാക്കാതെ പോയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുക എന്നതിനായിരുന്നു. ഭൂമി നിക്ഷിപ്തമാകലും പതിവും ചട്ടങ്ങളും തയ്യാറാക്കി. 1970 ജനുവരി ഒന്നിന് കേരളാ ഭൂപരിഷ്കരണ നിയമം അച്യുതമേനോൻ സർക്കാർ നടപ്പിലാക്കി. ആദ്യ റൗണ്ടിൽ തന്നെ ഏകദേശം 28 ലക്ഷം കുടികിടപ്പുകാർക്കും കുടിയാന്മാർക്കും ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ ഗവൺമെന്റിന് കഴിഞ്ഞു.

സംസ്ഥാനത്തുടനീളം പട്ടയമേളകൾ സംഘടിപ്പിച്ചുകൊണ്ടാണ് ഭൂമി വിതരണം ഗവൺമെന്റ് സുഗമമാക്കിയത്. 1969 ഒക്ടോബറിൽ കേരളാ നിയമസഭ പാസാക്കിയ കേരളാ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിൽ സി അച്യുതമേനോൻ സർക്കാർ വെള്ളം ചേർത്തെന്നും മിച്ചഭൂമിയുടെ അളവ് കുറയ്ക്കാൻ ഇടയാക്കിയെന്നും പറയുന്ന ഭരണകർത്താക്കൾ കേരളത്തിന്റെ ഭൂപരിഷ്കരണ ചരിത്രം നല്ലതുപോലെ വായിച്ചു മനസിലാക്കി അഭിപ്രായം പറയുന്നതായിരിക്കും ഉചിതം. 1969 ലെ ഭേദഗതി ചെയ്ത നിയമം കൂടുതൽ ജനകീയ സംവിധാനത്തോടെ നടപ്പിലാക്കുകയാണ് യഥാർത്ഥത്തിൽ അച്യുതമേനോൻ സർക്കാർ ചെയ്തത്. ജന്മിമാരിൽ നിന്ന് നിയമപ്രകാരം പിടിച്ചെടുത്ത മിച്ചഭൂമി അർഹതപ്പെട്ട കുടികിടപ്പുകാർക്കും ഭൂ രഹിത കർഷക, കർഷകത്തൊഴിലാളികൾക്കും നിയമവിധേയമായി പതിച്ചുകൊടുക്കുന്നതിനാണ് അച്യുതമേനോൻ സർക്കാർ തീരുമാനമെടുത്തത്. സർക്കാർ ഏറ്റെടുത്ത മിച്ചഭൂമി പാവപ്പെട്ടവർക്ക് പതിച്ചുകൊടുക്കുന്നത് തടസപ്പെടുത്തിക്കൊണ്ട് ആ മിച്ചഭൂമി കുടിൽകെട്ടി കൈവശപ്പെടുത്താനാണ് അന്നത്തെ പ്രതിപക്ഷത്തിലെ ചിലർ ശ്രമിച്ചത്. ആ പ്രതിപക്ഷ നീക്കങ്ങളെ നിയമാനുസൃതം നേരിട്ടുകൊണ്ടാണ് ലക്ഷക്കണക്കിന് കർഷകർക്കും ഭൂരഹിതർക്കും സർക്കാർ, ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിക്കൊണ്ട് ഭൂമി പതിച്ചു നൽകിയത്. ഈ ജാള്യത മറച്ചുവയ്ക്കാനാണ് സി അച്യുതമേനോൻ സർക്കാരിന്റെ ഭരണ നേട്ടങ്ങളെ കണ്ടില്ല എന്ന് അവർ നടിക്കുന്നത്. ചരിത്രം അവർക്ക് മാപ്പു കൊടുക്കട്ടെയെന്ന് നമുക്ക് ആശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.