ഒഴുക്കിനെതിരെ നീന്തുന്നവരെ തുണയ്ക്കുക: സി രാധാകൃഷ്ണന്‍

Web Desk
Posted on January 10, 2019, 8:25 am

1984ല്‍ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ലോകസമാധാനത്തിനും മനുഷ്യ സാഹോദര്യത്തിനുമായി കാസര്‍കോട്ടുനിന്ന് ഒരു കാല്‍നടജാഥ പുറപ്പെട്ടു. അന്ന് അതിന്റെ മുന്നില്‍ നടക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കാണ്. വീണ്ടും ഒരു ജാഥ പുറപ്പെടുന്നു. ജനുവരി പത്തിന് തുടങ്ങുന്ന അതിനു മുന്‍നടക്കുന്നത് ഞാന്‍ എന്റെ അനിയനായി കരുതുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന കവിയും വാഗ്മിയുമാണ്.

ബാഹ്യലോകം ഏകധ്രുവമായിട്ടും നമുക്കിടയിലെ സ്പര്‍ധയും അശാന്തിയും വര്‍ധിച്ചിട്ടേ ഉളളു. ഒരു പ്രളയം വന്ന് ഒറ്റരാത്രികൊണ്ട് ഒഴുക്കിക്കളഞ്ഞ ജാതിമത സംഘര്‍ഷപ്പിശാചുക്കളെയെല്ലാം നമ്മുടെ രാഷ്ട്രീയകക്ഷികള്‍ ദുഷ്ടബുദ്ധിയോടെയും പരസ്പരം മത്സരിച്ചും തിരികെ കൊണ്ടുവരുന്നതു കാണുന്നില്ലേ?

ഈ ജാഥ ഇപ്പോള്‍ നീന്തുന്നത് കൂടുതല്‍ ശക്തമായ ഒഴുക്കിനെതിരെയാണ് എന്നര്‍ഥം. അതിനാല്‍ ഇവര്‍ നല്ലവരായ എല്ലാവരുടെയും സഹായസഹകരണവും ദാക്ഷിണ്യവും അര്‍ഹിക്കുന്നു.
ഇവര്‍ നാടുനീളെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ ഏതെങ്കിലും കക്ഷിയെയോ മുന്നണിയെയോ മാത്രം പ്രതിനിധീകരിച്ചാവില്ല എന്നാണ് എന്റെ പ്രതീക്ഷ. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും മുന്‍പിന്‍ പക്ഷങ്ങള്‍ക്കും അതീതമായി കേരളത്തില്‍ തീര്‍ത്തും നിശബ്ദമായ ഒരു ‘സര്‍വപക്ഷ’മുണ്ട്. അതാണ് നാടിന്റെ സര്‍വപ്രധാനമായ നെടുന്തൂണ്. കടല്‍ എന്നാല്‍ അലറിയടിക്കുന്ന തിരകളല്ലല്ലൊ.

ഒരുപാട് മനുഷ്യരുടെ പ്രയത്‌നശേഷിയും ഒട്ടേറെ വിഭവങ്ങളും ഉപയോഗിച്ചുള്ള പ്രകടനങ്ങളും ജാഥകളും വെറും കെട്ടുകാഴ്ചകളാകരുത്. പാഴാക്കാനുള്ളതല്ല മനുഷ്യവിഭവശേഷി. വഴിയെ പോകുന്നവരെ ആട്ടം കാണിക്കുന്ന നേരംകൊണ്ട് മുറ്റത്തെ പുല്ലെങ്കിലും പറിക്കണം എന്നാണ് പഴയതെങ്കിലും നല്ല ബുദ്ധി. പ്രകടനപരതക്കായി ജീവശ്ശക്തി ദുര്‍വിനിയോഗം ചെയ്യുന്ന ജീവികള്‍ക്ക് എളുപ്പത്തില്‍ വംശനാശം വരുന്നുവെന്ന് പരിണാമ സിദ്ധാന്തം ഉദാഹരണസഹിതം തെളിയിക്കുന്നു. ആര്‍ക്കുമൊന്നിനും ഒരു ലവലേശം നേട്ടമുണ്ടാക്കാത്ത കാര്യങ്ങളുടെ പേരില്‍ നാടു കുട്ടിച്ചോറാക്കുന്ന കശ്മലതയുടെ പുറപ്പാടിനെതിരെ ഫലപ്രദമായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഈ എതിര്‍ പുറപ്പാടിന് കഴിയട്ടെ.