Monday
18 Feb 2019

ഇന്നു മുന്‍പത്തേതിലും പ്രസക്തം

By: Web Desk | Sunday 24 September 2017 1:00 AM IST

വീണ്ടുമൊരു വിദ്യാരംഭം വരുന്നു. അക്ഷരം നാക്കിലെഴുതുക എന്നതാണല്ലൊ എഴുത്തിനിരുത്തുക എന്ന ആചാരത്തിലെ മുഖ്യമായ ചടങ്ങ്. ഈ ആചാരം ആരുണ്ടാക്കി എന്നറിയാന്‍ അതിന്റെ ഉള്‍പ്പോരെന്ത് എന്ന് ആലോചിച്ചാല്‍ മതിയാകും. ജാതിവാഴ്ചയുടെ ഉച്ചസ്ഥായിയില്‍ മുന്‍ജാതിക്കാര്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ചിരുന്നത് ആചാരങ്ങളിലെ കാര്‍മ്മികത്വത്തിലൂടെയാണ്. അധികാരമോഹികളും ധനമോഹികളും ഈ സ്ഥാനം ദുരുപയോഗം ചെയ്ത് മഹാഭൂരിപക്ഷത്തെ അടിമകളാക്കി. ഗുരുത്വം സവര്‍ണര്‍ക്കു മാത്രം എന്ന അടിത്തറ അപ്പാടെ പൊളിക്കുകയാണ് എഴുത്തിനിരുത്ത് എന്ന ആചാരം ഫലത്തില്‍ ചെയ്യുന്നത്. തൊട്ടുകൂടാത്തവന്റെ നാക്കിലെഴുതാന്‍ ബ്രാഹ്മണ മേധാവി തയ്യാറാവില്ലല്ലൊ. അഥവാ ഏതെങ്കിലും ബ്രാഹ്മണര്‍ തയ്യാറായാല്‍ അവര്‍ തീര്‍ത്തും സുബ്രാഹ്മണരേ ആയിരിക്കൂ!
അക്ഷരം ആവിഷ്‌കരിച്ച എഴുത്തച്ഛന്‍തന്നെയാണ് ഈ എഴുത്തിനിരുത്തുചടങ്ങും ഉണ്ടാക്കി വഴിത്തിരിവ് സൃഷ്ടിച്ചത് എന്നുതീര്‍ച്ച. ലോകത്തെ എല്ലാ ശബ്ദങ്ങളും എഴുതാനും ഉച്ചരിക്കാനും കെല്‍പുള്ള ഒരു ലിപി മലയാളത്തിലേ ഉള്ളൂ. അതുണ്ടാക്കി, അതിന്റെ ക്രമം ഓര്‍ക്കാന്‍ ഒരു ഹരിനാമകീര്‍ത്തനം രചിച്ച്, ആ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും പഠിക്കാന്‍ ഗണാഷ്ടകം, മുകുന്ദാഷ്ടകം എന്ന രണ്ടു കൃതികളും പിന്നെ രാമായണാദി കിളിപ്പാട്ടുകളും എഴുതി, ഇത്രയും സൃഷ്ടികള്‍ കേരളത്തിലുടനീളം പ്രചരിപ്പിക്കാന്‍ ജീവന്‍ പണയം വെച്ച് പ്രയത്‌നിച്ച എഴുത്തച്ഛന്‍ മലയാളഭാഷയുടെ മാത്രമല്ല, ഐക്യകേരളത്തിന്റെയും മനുഷ്യസമത്വമെന്ന ആശയത്തിന്റെ തന്നെയും പിതാവാണ്.
സാര്‍വത്രികമായ വിദ്യാഭ്യാസമാണ് മലയാളിയുടെ മോക്ഷമാര്‍ഗമെന്ന് തിരിച്ചറിഞ്ഞ നവോത്ഥാന നായകനായിരുന്നു അദ്ദേഹം. വിദ്യയെ ബ്രാഹ്മണ്യത്തിന്റെ പിടിയില്‍നിന്നു മോചിപ്പിക്കുക എന്ന മുദ്രാവാക്യം വ്യക്തമാണ്. അതിനുള്ള ഉപാധിയായിരുന്നു ഭാഷ.

ആ ഭാഷയിലെ രചനകളിലൂടെ മുഖ്യമായും രണ്ടു കാര്യങ്ങളാണ് അദ്ദേഹം ലക്ഷ്യമിട്ടത്. അധികാര ദുര്‍വിനിയോഗത്തില്‍നിന്ന് മോചനം, സാംസ്‌കാരികോന്നമനം.
അക്കാലത്തെ അവസ്ഥകള്‍ അറിഞ്ഞാലേ ഇതിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാവൂ. മഹാഭൂരിപക്ഷം ജനങ്ങളും നിരക്ഷരരായിരുന്നു. നൂറായി നുറുങ്ങിക്കിടന്ന കേരളത്തില്‍ ഇടപ്രഭുക്കളും ദേശവാഴികളും നാടുവാഴികളും പൊന്നുതമ്പുരാക്കന്‍മാരും ജനങ്ങളെ ഒറ്റയ്ക്കും കൂട്ടായും പിഴിഞ്ഞു. ഇവരൊക്കെ തമ്മില്‍ പോര് പതിവായതിനാല്‍ അതിനുള്ള പിരിവും അതില്‍ പങ്കെടുത്തുള്ള മരണവും മറ്റു ദുരിതങ്ങള്‍. രോഗം, വറുതി, ദുരിതം. താങ്ങാനാവാത്ത കരം. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നീതിയും.
ഒരു വിഭാഗം ബ്രാഹ്മണര്‍ മന്ത്രതന്ത്രപ്രാമാണ്യങ്ങളുടെ പേരില്‍ തമ്പുരാക്കന്‍മാരുടെ ആചാര്യന്‍മാരും ക്രമേണ അച്ഛന്‍മാര്‍തന്നെയും ആയി അധികാരത്തില്‍ നിരുത്തരവാദപരമായും നിരുപാധികമായും പങ്കു പറ്റുകയായിരുന്നു. നാട്ടില്‍ നീതിയും നെറിവും നിശ്ചയിച്ചത് ഇക്കൂട്ടരുടെ സഭകളായ സങ്കേതങ്ങളായിരുന്നു.
അദൈ്വതദര്‍ശനത്തിന്റെ സാര്‍വത്രികമായ പ്രചാരമാണ് എഴുത്തച്ഛന്‍ ഇതിനെല്ലാം കണ്ട മരുന്ന്. ഈശാവാസ്യമിദം സര്‍വ്വം എന്നാവുമ്പോള്‍ എല്ലാവരിലും ഈശാംശം സമം. ആരും ആരുടെയും മുകളിലൊ താഴെയൊ അല്ല. ആര്‍ക്കും ആരുടെമേലും ഒരുവിധ അധികാരവും ഇല്ല. പൗരോഹിത്യം നിന്ദ്യമാണ് എന്ന് സാക്ഷാല്‍ വസിഷ്ഠനെക്കൊണ്ടുതന്നെ പറയിക്കുന്നു. ഉവ്വ്, രാജാവിന് അധികാരമുണ്ട് – പക്ഷേ, ആ രാജാവ് താന്‍ ഈശ്വരനാണെന്ന് അറിയുന്നെങ്കില്‍ മാത്രം. ആ അറിവില്ലാത്ത ആര്‍ക്കും രാജാവാകാന്‍ യോഗ്യത ഇല്ല. അങ്ങനെ ഒരാളെ കിട്ടാനില്ല എങ്കില്‍ പിന്നെ നല്ലത് സിംഹാസനത്തില്‍ ഒരു ജോടി ചെരിപ്പു വെച്ച് അത് ഈശ്വരപാദങ്ങള്‍ എന്നു സങ്കല്‍പിച്ച് അതിന്റെ നാമധേയത്തില്‍ ഭരിക്കുകയാണ്. ഒന്നുകില്‍ ഗോഡോക്രസി, അതൊക്കില്ലെങ്കില്‍ സ്വീകാര്യം ചെരിപ്പോക്രസി! സ്വീകാര്യമായി മൂന്നാമതൊന്നില്ല!
പുരോഹിതനോടൊ രാജാവിനോടൊ പടനായകനോടൊ അല്ല ഈശ്വരനോടേ ഭക്തി വേണ്ടൂ, അത്രയേ നല്ലൂ! തന്നെയുമല്ല, ആ ഭക്തി ആര്‍ക്കുമാവാം! ജാതിനാമാദികളൊന്നും അതിന് അടിസ്ഥാന യോഗ്യതകളായി ഇല്ല.
അദ്ധ്യാത്മരാമായണം ഭക്തിപ്രസ്ഥാനത്തിന്റെ കാതലായ കാര്യമായതിന്റെ കേരളീയപശ്ചാത്തലം മാത്രമല്ല, ഇന്ത്യന്‍ പശ്ചാത്തലവും ഇതുതന്നെയാണ്. അബ്രാഹ്മണരാണ് ആ പ്രസ്ഥാനത്തിന്റെ തേരാളികളും പോര്‍നായകരുമായിരുന്നതും. വാല്മീകിയുടെ രാമനെയും സീതയെയും എടുത്ത് തീര്‍ത്തും മറ്റൊരു കാര്യത്തിന് ഉപയോഗിക്കയായിരുന്നു ഇവര്‍. അവിടെയും നിര്‍ത്താതെ കേരളത്തില്‍ എഴുത്തച്ഛന്‍ വ്യാസന്റെ കൃഷ്ണനെക്കൂടി ഇതേ മൂശയില്‍ ഉരുക്കി വാര്‍ത്തെടുത്തു. ഭാഗവതകൃഷ്ണനായി വടക്കെ ഇന്ത്യയില്‍ ഉണ്ടായിരുന്ന കൃഷ്ണനെയല്ല, രാജാധികാരമെന്ന പ്രഹേളികയെ ആദ്യന്തം പുച്ഛിക്കുകയും കളിയാക്കുകയും ചെയ്യുന്ന ഭാരതകൃഷ്ണനെത്തന്നെ അവതാരകഥാപാത്രമായി തിരഞ്ഞെടുത്തത് തീര്‍ച്ചയായും ബോധപൂര്‍വം തന്നെ ആയിരുന്നു.
ഈ കൃഷ്ണസങ്കല്പം കേരളത്തില്‍ എഴുത്തച്ഛനു മുന്‍പെ ഉണ്ടായിരുന്നു എന്ന അബദ്ധധാരണ പ്രചരിപ്പിക്കാന്‍ ചെറുശ്ശേരിയെ മുന്‍പെ പ്രതിഷ്ഠിക്കുന്ന രീതി ചില വിരുതന്‍മാര്‍ അവലംബിച്ചു കാണുന്നുണ്ട്. ചെറുശ്ശേരിയുടെ ഭാഷ കൂടുതല്‍ പഴയതാണെന്നാണ് ഇവരുടെ വാദം. കൃഷ്ണഗാഥയില്‍ ഉപയോഗിച്ചുകാണുന്ന ഇല്ലങ്ങളിലെ അകായഭാഷ – ഗൃഹഗ്രാമ്യം – നാട്ടിലെ പൊതുഭാഷയായി ഇവര്‍ തെറ്റിദ്ധരിച്ചുപോകുന്നു. തോന്നിത്തുടങ്ങീതേ, തീക്കായവേണം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇന്നും നമ്പൂതിരിഇല്ലങ്ങളിലെ എട്ടുകെട്ടുകളില്‍ കേള്‍ക്കാം എന്നിരിക്കെ ഇവരൊക്കെ പതിന്നാലാം നൂറ്റാണ്ടിലാണ് കഴിയുന്നതെന്ന് നിശ്ചയിച്ചാലൊ!
കൃഷ്ണഗാഥയുടെ ഒരു പ്രതിയും പഴയ മലയാളലിപിയില്‍ കണ്ടുകിട്ടിയിട്ടില്ല. എന്നല്ല, പുതിയ ലിപിയിലെഴുതിയതും കാലം രേഖപ്പെടുത്തിയതുമായ ആദ്യകൃതി 1520-ല്‍ ഉണ്ടായ ദേവായനംഭാഷ എന്ന ഗ്രന്ഥമാണുതാനും. എഴുത്തച്ഛന്‍ ഉപരിപഠനം കഴിഞ്ഞ് തഞ്ചാവൂരില്‍നിന്നു തിരികെ വന്നപ്പോഴേക്ക് പറങ്കികള്‍ ആദ്യമായി വന്നതില്‍പ്പിന്നെ നാലു കൊല്ലം കഴിഞ്ഞിരുന്നു എന്നാണ് നാടോടി ചരിത്രത്തില്‍നിന്ന് എനിക്കു കണ്ടുകിട്ടിയത്. കണക്കു ശരി എന്നര്‍ഥം.

ഇവിടെ വന്ന മിഷനറിമാരാണ് മലയാളലിപി ഉണ്ടാക്കിയത് എന്ന അടിസ്ഥാനരഹിതമായ കാര്യം ആരോ പറഞ്ഞതിനെ കണ്ണടച്ച് വിശ്വസിച്ച ചരിത്രകാരന്‍മാര്‍ അക്കാര്യം തത്തമ്മേ പൂച്ചപൂച്ച എന്ന് ഏറ്റുപിടിച്ചു! മലയാളം ശ്രേഷ്ഠഭാഷയൊക്കെ ആയതിനു ശേഷവും ഇന്നും ഇതുതന്നെ നാടെങ്ങും പഠിപ്പിക്കുകയും ചെയ്യുന്നു, ആസ്ഥാനപണ്ഡിതരും സര്‍വകലാശാലകളും!
ജാതിവ്യവസ്ഥയും പുരോഹിതഭരണവും ഉച്ചനീചത്വങ്ങളും കടന്നു വരുന്നതിനു മുമ്പ് ഇവിടെ എല്ലാരും ഒന്നുപോലെ ആയിരുന്ന ഒരു കാലമുണ്ടായിരുന്നതിന്റെ ഉയിര്‍പ്പാണ് ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി എഴുത്തച്ഛനിലൂടെ കണ്ടത്. അതൊരു ജനകീയമുന്നേറ്റം തന്നെ ആയിരുന്നു. തീണ്ടാര്‍ന്ന പെണ്ണിനും ഇരപ്പനും കൊള്ളക്കാരനും അധഃകൃതനും അഗ്‌നിഹോത്രം ചെയ്ത ബ്രാഹ്മണനും മനുഷ്യരെന്ന നിലയ്ക്ക് തുല്യരെന്നു പ്രഖ്യാപിക്കുന്ന ഒന്നിനേക്കാള്‍ വലുതായോ പുരാതനമായോ ഏതുണ്ട് ലോകത്ത് വിപഌവപ്രത്യയശാസ്ത്രം.