സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍: കഴിഞ്ഞമാസം രജിസ്റ്റർ ചെയ്തത് 2043 കേസുകൾ

Web Desk

ന്യൂഡൽഹി:

Posted on July 05, 2020, 10:18 pm

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പേരിൽ കഴിഞ്ഞ മാസം മാത്രം ദേശീയ വനിത കമ്മീഷനിൽ 2043 കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ എട്ടുമാസങ്ങളിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ജൂണിലാണ്. 452 ഗാർഹിക പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2,043 പരാതികളിൽ 603 ഉം മാനസികവും വൈകാരികവുമായ ദുരുപയോഗവുമായി ബന്ധപ്പെട്ടതാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കമ്മിഷന്റെ പ്രവർത്തനം വർധിച്ചതാണ് പരാതികൾ ഉയരാന്‍ കാരണമായതെന്നും കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു. സോഷ്യൽ മീഡിയയിൽ കമ്മിഷന്‍ സജീവമായി നിലനിൽക്കുന്നതിനാൽ സ്ത്രീകൾക്ക് തങ്ങളുമായി ബന്ധപ്പെടാനുള്ള വലിയ സാധ്യതകളാണ് തുറന്നു കൊടുത്തത്. കൂടാതെ അടിയന്തര വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറും ആരംഭിച്ചു. ഇത് സ്ത്രീകൾക്ക് അവരുടെ പരാതിയുമായി കമ്മിഷനെ സമീപിക്കാനുള്ള എളുപ്പവഴിയായി. ഇതെല്ലാമാണ് ഗാർഹിക പീഡനം പോലുള്ള പരാതികൾ വർധിച്ചതിനു പ്രധാന കാരണമെന്നും രേഖ പറഞ്ഞു.

വിവാഹിതരായ സ്ത്രീകളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചതിന് 252 പരാതികളും അതിക്രമംകാണിച്ചതിനു 194 പരാതികളുമുണ്ട്. സ്ത്രീകളോടുള്ള പൊലീസ് അനാസ്ഥയുമായി ബന്ധപ്പെട്ട് 113 പരാതികളും സൈബർ കുറ്റകൃത്യങ്ങളുടെ 100 പരാതികളും കമ്മിഷന് ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിവ സംബന്ധിച്ച 78 പരാതികൾ ലഭിച്ചപ്പോൾ 38 ലൈംഗിക പീഡന പരാതികൾ ലഭിച്ചു. കണക്കുകൾ പ്രകാരം സ്ത്രീധന മരണത്തെക്കുറിച്ചുള്ള 27 പരാതികളും ഇതില്‍ ഉള്‍പ്പെടും.സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി എൻസിഡബ്ല്യു പ്രവർത്തിക്കുന്നു, അതിനാൽ അവർക്ക് എപ്പോൾ വേണമെങ്കിലും ഏത് ദിവസവും കമ്മീഷനെ സമീപിക്കാൻ കഴിയും, എന്നും അവർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY: CRIMES AGAINST WOMEN

YOU MAY ALSO LIKE THIS VIDEO