മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തു വെച്ച കേസിൽ അറസ്റ്റിലായ പ്രതി ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരം. ഫോറൻസിക് പരിശോധനയിൽ സയനൈഡ് ആണെന്ന് വ്യക്തമായിട്ടുള്ളതായും പൊലീസ് അറിയിച്ചു. കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിൽ ലോക്കറിൽ ആണ് സയനൈഡ് സൂക്ഷിച്ചിരുന്നത്.
തിങ്കളാഴ്ച സ്വകാര്യ ബസിൽ എത്തിയ പ്രതി ഒരു ബാഗ് വിമാനത്താവളത്തിന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം കയ്യിലുണ്ടായിരുന്ന മറ്റൊരു ബാഗുമായി ഓട്ടോയിൽ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. അന്നേ ദിവസം രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു.
തുടർന്നുള്ള പരിശോധനയിൽ ബാഗിൽ നിന്ന് ഐഇഡി, വയർ, ടൈമർ, സ്വിച്ച്, ഡിറ്റണേറ്റർ എന്നിവ കണ്ടെത്തി. തുടർന്ന് സിഐഎസ്എഫും പൊലീസും ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തിൽ വ്യാപകമായ തിരച്ചിൽ നടത്തുകയുമായിരുന്നു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. യുട്യൂബ് നോക്കിയാണ് സ്ഫോടകവസ്തു നിര്‍മിച്ചതെന്ന് ആദിത്യ റാവു പൊലീസിനോട് പറഞ്ഞു. മംഗളൂരുവിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.
English Summary: Cyanide recovered from bank locker of Aditya Rao.
you may also like this video;