Web Desk

മൂന്നാർ

April 11, 2021, 8:36 pm

സി എ കുര്യൻ തൊഴിലാളികൾക്കായി മുൻനിരയിൽ നിന്ന് പോരാടിയ നേതാവ്: കാനം രാജേന്ദ്രൻ

Janayugom Online

മലയോര മേഖലയിലെ കർഷകർക്കും തോട്ടം തൊഴിലാളികൾക്കും വേണ്ടി മുൻ നിരയിൽ നിന്ന് പോരാടിയ നേതാവായിരുന്നു സി എ കുര്യൻ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നാർ എഐടിയുസി ഓഫീസിൽ നടന്ന സി എ കുര്യൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളിലെല്ലാം ദീർഘ വീക്ഷണത്തോടെ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. തോട്ടം മാനേജ്മെന്റുമായി അവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് ശാശ്വത പരിഹാരം കാണുന്നതുവരെ അദ്ദേഹം പിന്മാറുമായിരുന്നില്ല. തോട്ടം വ്യവസായം പ്രതിസന്ധിയെ നേരിട്ട അവസരങ്ങളിലെല്ലാം തോട്ടം മേഖലയെ സംരക്ഷിക്കുന്നതിനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാതിരിക്കാനും തോട്ടം തൊഴിലാളി നേതാവെന്ന നിലയിൽ സി എ കുര്യൻ നിർവഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പിറന്ന നാടിനെ ഉപേക്ഷിച്ച് ശിഷ്ടകാലം മുഴുവൻ മലയോര നാട്ടിലെ തൊഴിലാളികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു സി എ കുര്യനെന്നും കാനം രാജേന്ദ്രൻ അനുസ്മരിച്ചു.

അനുസ്മരണ സമ്മേളനത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി വി ബി ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, സിപിഐ സംസ്ഥാന കൺട്രോൾ കമ്മിഷനംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ തുടങ്ങിയവർ സംസാരിച്ചു. ഡിഇഡബ്ല്യൂ യൂണിയൻ ജനറൽ സെക്രട്ടറി എം വൈ ഔസേഫ് നന്ദി രേഖപ്പെടുത്തി. തോട്ടം തൊഴിലാളികളും സി എ കുര്യന്റെ മക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു.

you may also like this video