Web Desk

ന്യൂ​ഡ​ൽ​ഹി

January 27, 2020, 4:17 pm

സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച് യുപിയിലെ ജനങ്ങൾ

Janayugom Online

സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഒരു വിഭാഗം ജനങ്ങൾ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ നിന്നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തടയാൻ സുപ്രീംകോടതി വിസമ്മതിക്കുകയും കേന്ദ്രത്തിന്റെ മറുപടിക്ക് ശേഷം മാത്രമേ അപേക്ഷകളിൽ വാദം കേൾക്കാൻ തുടങ്ങുകയുള്ളൂവെന്ന് തീരുമാനമെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കത്ത്. മറുപടി നൽകാൻ കോടതി കേന്ദ്രത്തിന് നാല് ആഴ്ച സമയം നൽകിയിട്ടുണ്ട്.

ജാമിയ മിലിയയിലെ മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് വിദ്യാർത്ഥിയായ സൽമാൻ സലീമിന്റെയും സിവിൽ എൻജിനീയറായ മുഹമ്മദ് ഫൈസാൻ അഹ്മദിന്റെയും നേതൃത്വത്തിലാണ് കത്തയച്ചത്. സിഎഎ പരിശോധിക്കാൻ തങ്ങൾ സുപ്രീംകോടതിയോട് അഭ്യർത്ഥിക്കുന്നുവെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 ലംഘിക്കുന്നുവെന്നും തങ്ങൾ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും കത്തിൽ സൂചിപ്പിക്കുന്നു.

പൊലീസ് നടപടിയെ ഭയന്ന് പലരും നിയമത്തിനെതിരെ സംസാരിക്കാൻ വിമുഖത കാണിക്കുന്നുവെന്നും ദേശീയ ജനസംഖ്യാ രജിസ്റ്ററിനായുള്ള വിവരം ശേഖരിക്കാൻ വന്ന ഉദ്യോഗസ്ഥനാണെന്ന് കരുതി പലരും കത്തുകളിൽ ഒപ്പിടാൻ വിസമ്മതിച്ചുവെന്നും സൽമാൻ പറ‍ഞ്ഞു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് കത്തെഴുതാൻ തീരുമാനിച്ചതെന്നും സൽമാൻ കൂട്ടിച്ചേർത്തു.