August 12, 2022 Friday

നമ്മൾ മനുഷ്യർ, ഒരമ്മപെറ്റ മക്കൾ; കൈകോർക്കാം ഇന്ത്യയെ രക്ഷിക്കാൻ

Janayugom Webdesk
January 22, 2020 4:20 am

ന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ജനുവരി 26ന് സംസ്ഥാനത്ത് മനുഷ്യ മഹാശൃംഖല സംഘടിപ്പിക്കു­കയാണ്. കാസർ­കോട് മുതൽ പാറശാല വരെ ജനലക്ഷങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭത്തിന് ഇതിനകം തന്നെ വലിയ ജനപിന്തുണയാണ് ലഭ്യമായിരി­ക്കുന്നത്. സംഘപരിവാർ സംഘടന­കളും ബിജെ­പിയും നടത്തുന്ന കുപ്രചരണങ്ങ­ൾ­ക്കുള്ള മറുപടിയാ­ണ് പ്രക്ഷോഭത്തിനു മുന്നോ­ടിയായി ലഭിക്കുന്ന പിന്തുണ. അതോടൊപ്പം ചോദ്യങ്ങളും സംശയങ്ങ­ളും സ്വാഭാവികമാണ്. അതിനുള്ള ദൂരികരണം കൂടിയാണ് മനുഷ്യമഹാശൃംഖല.

എന്താണ് പൗരത്വ ഭേദഗതി നിയമം?

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളി­ൽപ്പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ഈ നിയമം.

അത് മനുഷ്യത്വസമീപനമല്ലേ, പിന്നെ എന്തിനാണ് എതിർക്കുന്നത്?

മനുഷ്യത്വം ഒരേപോലെയല്ല എന്നതാണ് പ്രശ്നം. ആദ്യമായാണ് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പൗരത്വം നൽകുന്നത്. ഭരണഘടനയിൽ പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകളിലും 1955 ലെ പൗരത്വ നിയമത്തിലും ഇതുവരെയുണ്ടായ 9 ഭേദഗതികളിലും മതം പരാമർശിച്ചിട്ടേയില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ നിയമം ഉണ്ടാക്കുന്നത് മതരാഷ്ട്രങ്ങളാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമത്തെ എതിർക്കേണ്ടത് എല്ലാ ഇന്ത്യക്കാരുടേയും ചുമതലയാണ്.

ഭരണഘടനയൊക്കെ ഇന്ത്യൻ പൗരൻമാർക്കുള്ളതല്ലേ?

ഭരണഘടനയുടെ 14, 21 ആർട്ടിക്കിളുകൾ ഇന്ത്യയിലുള്ള മുഴുവൻ ആളുകൾക്കും ബാധകമായതാണ്. ആർട്ടിക്കിൾ 14 അനുസരിച്ച് നിയമത്തിന്റെ സംരക്ഷണം എല്ലാവർക്കും തുല്യമായി ലഭിക്കണം. 2014 ഡിസംബറിന് മുമ്പ് ഇന്ത്യയിൽ വന്നവർക്ക് പൗരത്വം നൽകാൻ തീരുമാനിക്കുമ്പോൾ മതത്തിന്റേയും വന്ന രാഷ്ട്രത്തിന്റേയും പേരിൽ വിവേചനം കാണിക്കുന്നു. ഇത് ഭരണഘടനാവിരുദ്ധമാണ്.

അപ്പോൾ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടതില്ലേ?

ഒരു തരത്തിലും യുക്തിക്ക് നിരക്കുന്ന ചോദ്യമല്ലയിത്. അഫ്ഗാനിസ്ഥാൻ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നില്ല. അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണെങ്കിൽ നേപ്പാളും ചൈനയും മ്യാൻമറും ഭൂട്ടാനും ശ്രീലങ്കയുമുണ്ട്. ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാനിൽ അഹമ്മദീയർ കടുത്ത പീഡനം നേരിടുന്നുണ്ട്, ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 2018ൽ ഏറ്റവും കൂടുതൽ മതപരമായ പീഡനത്തിന് വിധേയരാകുന്നത് മ്യാൻമറിലെ റോഹിൻഗ്യൻ മുസ്‌ലിം വിഭാഗമാണ്. മുക്കാൽ ലക്ഷത്തോളം ശ്രീലങ്കൻ തമിഴർ ഇന്ത്യയിലെ അഭയാർഥി ക്യാമ്പുകളിലുണ്ട്. അവരെയും ബംഗ്ലാദേശിൽ നിന്നടക്കം വന്ന മുസ്‌ലിങ്ങളെയും ഈ നിയമം പരിഗണിച്ചിട്ടില്ല. ഈ നിയമം വിവേചനത്തിന്റേതാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും പാർലമെന്റ് ഭൂരിപക്ഷത്തോടെ നിയമം പാസാക്കിയതല്ലേ?

മൗലികാവകാശങ്ങൾക്ക് എതിരായ നിയമങ്ങൾ പാസാക്കിയാൽ അത് അസാധുവാണെന്ന് ആർട്ടിക്കിൾ 13 വ്യക്തമാക്കുന്നുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്ഠമായി പാസാക്കുന്ന നിയമവും മൗലികാവകാശം ലംഘിക്കുന്നതായാല്‍ അസാധുവായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം അതുകൊണ്ട് അസാധുവാണ്.

അതൊക്കെ ശരി, ഇന്ത്യൻ പൗരൻമാരെ ഇതു ബാധിക്കില്ലല്ലോ?

ഇപ്പോൾ ഇന്ത്യയിലുള്ളവരിൽ നേരത്തെ പറഞ്ഞ വിഭാഗങ്ങൾ ഒഴികെയുളളവർക്ക് പൗരത്വം ലഭിക്കുകയില്ല. പൗരത്വ രജിസ്റ്റർ തയ്യാറാക്കുമ്പോൾ ആവശ്യമായ രേഖകൾ ഇല്ലാത്തവർ പ്രതിസന്ധിയിലാകും. അസമിൽ പൗരത്വ പട്ടി­ക തയ്യാറാക്കിയപ്പോൾ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ഇന്നത്തെ തലമുറ പൗരൻമാരല്ലതായി.

മുൻ രാഷ്ട്രപതിയുടെ കുടുംബത്തിന് ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?

ഇങ്ങനെ പുറംതള്ളപ്പെട്ടവരിൽ പുതിയ നിയമപ്രകാരം നേരത്തെ പറഞ്ഞ ആറു വിഭാഗം ഒഴികെയുള്ളവർക്ക് പൗരത്വം കിട്ടാതെവരും. ഫലത്തിൽ കൂടുതൽ പ്രശ്നം നേരിടുക മുസ്‌ലീങ്ങളാണ്. മുസ്‌ലിങ്ങളെ പുറന്തള്ളുക എന്നതുതന്നെയാണ് നിയമത്തിന്റെ ലക്ഷ്യം എന്നത് വ്യക്തമാക്കുന്നു.

പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകുന്നവർക്ക് എന്ത് സംഭവിക്കും?

എൻആർസി ഇപ്പോൾ നടപ്പാക്കിയത് ആസാമിലാണല്ലോ. അവിടെ ഡീറ്റെൻഷൻ സെന്റർ എന്ന പേരിൽ തടവറകൾ, ജയിലുകൾ നിർമ്മിച്ച് പൗരത്വം തെളിയിക്കാൻ സാധിക്കാത്തവരെ അവിടെ അടയ്ക്കുകയാണ്. എൻആർസി വന്നാൽ മറ്റ് സംസ്ഥാനങ്ങളിലും അത്തരം തടവറകൾ വരും.

പൗരത്വപ്പട്ടികയെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ സെൻസസിനു വേണ്ടിയല്ലേ പട്ടിക തയ്യാറാക്കുന്നത്?

വൻ കള്ളമാണിത്. സെൻസസ് നടപ്പിലാക്കുന്നത് സെൻസസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ, 2003 ൽ ഇതിനാവശ്യമായ ഭേദഗതി പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചട്ടം 3, 4 പ്രകാരം ദേശീയ ജനസംഖ്യാ രജിസ്റ്റർ പരിശോധിച്ചാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. അങ്ങനെ പരിശോധിക്കുമ്പോൾ സംശയമുള്ളവർക്ക് നോട്ടീസ് അയക്കും, പൗരനാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്.

പൗരൻമാരെ സംബന്ധിച്ച് രജിസ്റ്റർ തയ്യാറാക്കുന്നത് നല്ലതല്ലേ?

ഒറ്റനോട്ടത്തിൽ അങ്ങനെ തോന്നാം. എന്നാൽ, അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ 20 ലക്ഷത്തോളം പേരാണ് പുറത്തുപോയത്. ഇത്തവണ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള ചോദ്യങ്ങളിൽ മാതാപിതാക്കൾ എവിടെയാണ് ജനിച്ചതെന്ന ചോദ്യമുണ്ട്. 1969 ലാണ് ജനനവും മരണവും രജിസ്റ്റർ ചെയ്യണമെന്ന നിയമം വന്നത്. അതിനു മുമ്പുള്ള ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് 58 ശതമാനം ജനനം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളു. മാതാപിതാക്കളുടെ ജനനരേഖ കാണിക്കാന്‍ പറ്റാതെ പുറംതള്ളപ്പെടുന്നവരില്‍ നേരത്തെപറഞ്ഞ ആറു വിഭാഗം ഒഴികെയുള്ളവർക്ക് പൗരത്വം കിട്ടാതെ വരും, ഫലത്തിൽ കൂടുതൽ പ്രശ്നം നേരിടുക മുസ്‌ലിങ്ങളാണ്.

പൗരത്വപ്പട്ടികയെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ സെൻസസിനു വേണ്ടിയല്ലേ പട്ടിക തയ്യാറാക്കുന്നത്?

വൻ കള്ളമാണിത്. സെൻസസ് നടപ്പിലാക്കുന്നത് സെൻസസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ, 2003 ൽ ഇതിനാവശ്യമായ ഭേദഗതി പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചട്ടം 3, 4 പ്രകാരം ദേശീയ ജനസംഖ്യാ രജിസ്റ്റർ പരിശോധിച്ചാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. അങ്ങനെ പരിശോധിക്കുമ്പോൾ സംശയമുള്ളവർക്ക് നോട്ടീസ് അയക്കും, പൗരനാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്.

അപ്പോൾ ഇതൊരു മുസ്‌ലിം പ്രശ്നമാണല്ലേ?

അങ്ങനെയല്ല. മുസ്‌ലിം ജനവിഭാഗങ്ങളിൽ അരക്ഷിതാവസ്ഥയുണ്ട്. അവരെ പുറംതള്ളൽ ലക്ഷ്യം വെയ്ക്കുന്നുവെന്നതും ശരിയാണ്. എന്നാൽ, ഇത് യഥാർത്ഥത്തിൽ ഇന്ത്യയുടെ അടിസ്ഥാന സ്വഭാവമായ മതനിരപേക്ഷതയെയും ഭരണഘടനയെയും തകർക്കും.

അതിനെതിരെ എല്ലാവരും കൈകോര്‍ക്കണം. എല്ലാവരും ഒന്നിച്ചുനിൽക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മാറ്റി നിർത്തുന്നത് ശരിയാണോ?

ഈ രണ്ടു കൂട്ടരും ആർഎസ്എസിനെ പോലെ തന്നെ മതരാഷ്ട്രത്തിനായി നിലകൊള്ളുന്നവരാണ്. ഏതു മതം എന്നതിൽ മാത്രമാണ് തർക്കമുള്ളത്. ഇക്കൂട്ടർ ഇസ്‌ലാമിക രാഷ്ട്രത്തിനായി പ്രവർത്തിക്കുന്നു. ഇസ്‌ലാം മത നിയമം രാജ്യത്തിന്റെ നിയമമാകണമെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ, നമ്മൾ എല്ലാ മതവിഭാഗങ്ങളെയും തു­ല്യമായി കാണുന്നു. അതിനുള്ള അടിസ്ഥാനഗ്രന്ഥമായി ഭരണഘടനയെ കാണുന്നു. ബിജെപി ആഗ്രഹിക്കുന്നത് മതപരമായ ഏകോപനവും വർഗീയ ധ്രുവീകരണവുമാണ്. ഇവരും അതു­ത­ന്നെയാണ് ആഗ്രഹിക്കുന്നത്. ഹിന്ദുക്കൾക്ക് പ്രശ്നമൊന്നുമില്ലല്ലോ? ഇത് ഒരു പദ്ധതിയുടെ ഭാഗം മാത്രമാണ്. ഗോൾവാൾക്കർ വിചാരധാരയിൽ ഭരണഘടന ഭാരതീയമല്ലെന്നും മനു സ്മൃതിയാണ് ഭാരതത്തിന്റെ നിയമസംഹിതയെന്നും വ്യക്തമാക്കുന്നുണ്ട്. അത് ചാതുർവർണ്യത്തിന്റേതാണ്, സവർണാധിപത്യത്തിന്റേതാണ്. ദളിതരും ആദിവാസികളും പിന്നോക്കക്കാരും നാളെ വിവേചനത്തിന് ഇരയാകും. ഫലത്തിൽ പ്രാകൃതമായ അവസ്ഥയിലേക്ക് ഇന്ത്യ പതിക്കും.

പാകിസ്ഥാൻ ഇങ്ങനെയൊക്കെയല്ലേ ചെയ്യുന്നത്. അവർ ഹിന്ദുക്കളോട് പെരുമാറുന്നതു പോലെ നമുക്കും അങ്ങോട്ട് പെരുമാറേണ്ടതല്ലേ?

പാകിസ്ഥാൻ മതരാഷ്ട്രമാണ്, ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. പാകിസ്ഥാനെ പോലെ ഇന്ത്യയെ മാറ്റാതിരിക്കാനാണ് നമ്മൾ കൈകോർക്കേണ്ടത്.

പൗരത്വ നിയമം മാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോ?

ഉണ്ടല്ലോ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനദ്രോഹനയങ്ങൾ മൂലം സർക്കാർ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണ്. വർഗീയ ചേരിതിരിവിന് സഹായകമായ വിഷയങ്ങൾ ഉയർകത്തിയാൽ മറ്റ് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിയ്ക്കാം എന്ന് സർക്കാർ കരുതുന്നു. അതും ഈ നിയമം കൊണ്ടുവന്നതിനു കാരണമായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സ്വീകരിച്ച പ്രതിഷേധ മാർഗങ്ങൾ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഭരണ‑പ്രതിപക്ഷ ഭേദമ­ന്യേ കേരളീയര്‍ തലസ്ഥാനത്ത് സംഘ­ടിപ്പിച്ച പ്രതിഷേധ സംഗമത്തോടെയാണ് ഇതരസംസ്ഥാ­നങ്ങളും കേന്ദ്ര നിലപാടിനെതിരെ സജീവമായത്. പ്രത്യേക നിയമസഭ ചേർന്ന് നിയമത്തിനെതിരെ പ്രമേയം പാസാക്കിയതോടെ ദേശീയ പ്രക്ഷോഭ­ത്തിന്റെ മുന്നണിപ്പോരാളിയായി കേരളം മാറുക­യായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നി­ത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉൾ­പ്പെ­ടെ യോജിച്ച പ്രക്ഷോഭത്തിന് ശക്തിപക­രു­കയാണിപ്പോഴും. ഇടതുമുന്നണി ജില്ലകളിൽ നട­ത്തിയ ഭരണഘടനാ സംരക്ഷണ റാലികളിൽ യുഡിഎഫ് പ്രവർത്തകരുടെ പങ്കാളിത്തവും പി­ന്തു­ണയും ഉണ്ടായിരുന്നു. സർക്കാരിന്റെയും ഇടതു­മുന്നണിയുടെയും ഉറച്ച നിലപാടുകളും നടപടി­ക­ളു­മാണ് മതേതരത്വജനത നേരിടുന്ന പ്രതിസ­ന്ധിഘട്ടത്തിൽ അനിവാര്യമെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. മനുഷ്യമഹാശൃംഖല ഇക്കാര­ണങ്ങളാൽ വലിയ വിജയമാകും.

Eng­lish sum­ma­ry: caa ldf protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.