പൗരത്വ നിയമം: തണുപ്പിലും പ്രതിഷേധച്ചൂടുമായി യുപിയിലെ സ്ത്രീകൾ, ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ് നടപടി — വീഡിയോ

Web Desk

ലഖ്‌നൗ

Posted on January 19, 2020, 11:38 am

ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ്. പൊലീസിന്റെ പ്രതികാര നടപടിക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ലഖ്‌നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്നാണ് യു.പിപോലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലേതിനു സമാനമായി അഞ്ഞൂറോളം സ്ത്രീകളും കുട്ടികളുമാണ് ഘങ്ടാഘറില്‍പ്രതിഷേധവുമായെത്തിയത്.


അതേസമയം കവിതകളും പാട്ടുകളും ആലപിച്ചാണ് ഷഹീൻബാഗിലെ രാത്രികളിപ്പോൾ പുലരുന്നത്. ജാമിയ മില്ലിയയിലെ വിദ്യാർഥികളെ പൊലീസ് നിഷ്ഠൂരമായി വേട്ടയാടിയ ദിവസം തെരുവിലേയ്ക്കിറങ്ങിയ പത്ത് സ്ത്രീകൾ തുടങ്ങിയതാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീൻബാഗിലെ പ്രക്ഷോഭം. 90 വയസായ മുത്തശ്ശിയും മക്കളുടെ പ്രായമുള്ളവരുമടക്കം പത്തുപേർ തുടങ്ങിയ സമരം. കൈക്കുഞ്ഞുങ്ങളെ ഒക്കത്തേന്തിയിറങ്ങിയ അവർ പൗരത്വ ഭേദഗതി നിയമം വേണ്ടെന്ന മുദ്രാവാക്യവുമായി ഷഹീൻബാഗിലെ നടപ്പാതയിൽ കണ്ടെത്തിയ സ്ഥലത്ത് കുത്തിയിരുന്നു. അപ്പോഴും ഇപ്പോഴും ഡൽഹിയിൽ അസ്ഥി മരവിപ്പിക്കുന്ന തണുപ്പാണ്.

എന്നിട്ടും തളരാതെ പത്തുപേർ തുടങ്ങിയ സമരം ഒരുമാസം പിന്നിടുകയാണ്. പത്തിൽ നിന്ന് നൂറിലേയ്ക്കും പല ദിവസങ്ങളിലും ആയിരങ്ങളിലേയ്ക്കും പതിനായിരങ്ങളിലേയ്ക്കും വളർന്ന് ആ സമരം തുടരുന്നു.എന്നാൽ യുപിയിൽ പോലീസുകാര്‍ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുമായി പോലീസുകാര്‍ പോലീസ് വാനിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

Eng­lish sum­ma­ry: caa protest in Luc­know by women

You may also like this video