പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള പൊലീസ് നടപടിക്കെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. പഴയ വണ്ണാരപ്പേട്ടയിൽ ഡല്‍ഹിയിലെ ഷഹീന് ബാഗ് മാതൃകയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കഴിഞ്ഞദിവസം രാത്രി ലാത്തിച്ചാര്‍ജുണ്ടായത്. ഇതില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. നേരം പുലര്‍ന്നതോടെ നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെ സമരത്തിൽ അണിചേരാനെത്തിയത്. ലാത്തിച്ചാര്‍ജിനെ വിവിധ സംഘടനകളും ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിൻ അടക്കമുള്ള നേതാക്കളും അപലപിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
ജനാധിപത്യ രീതിയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന പൊലീസ് നിർദ്ദേശം അനുസരിക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. തുടർന്ന് വെള്ളിയാഴ്ച രാത്രി 9.30ഓടെ പൊലീസ് ലാത്തിച്ചാർജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അണിനിരന്ന സമരത്തിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. അതേസമയം ഒരു വനിത പൊലീസ് ഡെപ്യൂട്ടി കമ്മിഷണർക്കും രണ്ട് വനിത പൊലീസുകാർക്കും ഒരു സബ് ഇൻസ്പെക്ടർക്കും ഉൾപ്പെടെ നാല് പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി.
പ്രതിഷേധത്തില്‍ പങ്കെടുത്ത 120-ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി. ആലന്തൂര്‍ മെട്രോ സ്റ്റേഷന്, കത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇവിടങ്ങളിലെല്ലാം വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
English summary: caa protest in thamilnadu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.