ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ ബോളീവുഡ് താരം ദീപിക പദുകോണിനെതിരായി സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ജാവ്ദേക്കര്‍ ഈ വിഷയത്തില്‍ ആദ്യ ഘട്ടത്തില്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. പിന്നീട് ജെഎന്‍യുവില്‍ ചെല്ലാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന നിലപാടിലേയ്ക്ക് അദ്ദേഹം നീങ്ങുകയായിരുന്നു. സംഘപരിവാറിന്റെ മുതിര്‍ന്ന മാധ്യമ വക്താവായ ഡോ. സംബിദ് പാഗ്രയെ തള്ളി ജാവ്ദേക്കര്‍ നടത്തിയ ഈ പരാമര്‍ശം കേരളത്തിലെ ദൃശ്യമാധ്യമ വക്താവായ തിരുവനന്തപുരം ജില്ലാ ബിജെപി അധ്യക്ഷന്‍ അഡ്വ. സുരേഷിന് സ്വീകാര്യമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ദീപികാ വിരുദ്ധ നിലപാടില്‍ നിന്നും വെളിവാകുന്നത്. ഈ ബോളിവുഡ് നടി അഭിനയിച്ച ചലിച്ചിത്രങ്ങള് ബഹിഷ്കരിക്കുകതന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് തീവ്ര ഹിന്ദുത്വവാദികള്‍ ഇപ്പോഴും തുടരുന്നത്.
സിഎഎ അനുകൂല സംഘപരിവാറിന്റെ ആക്രമണത്തില്‍ അടുത്ത ഇരകളായി തീരുക ധനശാസ്ത്രത്തില്‍ ആദ്യമായി നോബേല്‍ സമ്മാനം നേടിയ ലോകപ്രസിദ്ധ ധനശാസ്ത്രജ്ഞന് ഡോ. അമര്‍ത്യാസെന്നും 2019ല്‍ ധനശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനാര്‍ഹനായ ഡോ. അഭിജിത് ബാനര്ജിയുമായിരിക്കുമെന്നത് ഉറപ്പാണ്. കാരണം ഡോ. സെന്നും ഡോ. ബാനര്‍ജിയും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നത്, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള സിഎഎയുടെ ലക്ഷ്യം ഭരണഘടനാ വിരുദ്ധമാണെന്നുമാണ്. മറ്റു രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികളെ മതത്തിന്റേതല്ലാത്ത മറ്റു മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കണം പൗരത്വത്തിനായി പരിഗണിക്കപ്പെടേണ്ടത്. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി മര്‍ദ്ദനത്തെപ്പറ്റി ഡോ. അഭിജിത് ബാനര്‍ജിയുടെ അഭിപ്രായവും അദ്ദേഹത്തെ സംഘപരിവാറുകാര്‍ക്ക് അനഭിമതനാക്കുമെന്നതില് സംശയമില്ല. ‘ജെഎന്‍യു സംഭവം ഇന്ത്യയുടെ പ്രതിഛായയെക്കുറിച്ച് ആര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ് എന്നായിരുന്നു.
പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോ. അഭിജിത് ബാനര്‍ജി തുറന്നടിച്ചു പറഞ്ഞത്. ‘ജര്‍മ്മനി നാസി ഭരണത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരുന്ന കാലഘട്ടത്തിലും ഇതേ കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഇവിടെയും പ്രതിധ്വനിക്കുന്നത് അതാണ്’ അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സിപിഐ നേതാക്കളായ ഡി രാജയും ആനിരാജയും മാത്രമല്ല സിപിഐ (എം) നേതാക്കളായ സീതാറാം യച്ചൂരിയും പ്രകാശ് കരാട്ടും ജെഎന്‍യുവുമായി തങ്ങള്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധവും സമ്പര്‍ക്കവും കണക്കിലെടുത്ത് പ്രസ്തുത ക്യാമ്പസ് പലവട്ടം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങള്‍ നേരില്‍തന്നെ തേടുകയും ചെയ്തിട്ടുണ്ട്. അതേ അവസരത്തില്‍ ജെഎന്‍യുവിലെ വിദ്യാര്ത്ഥികളാണെന്നതില് ഊറ്റംകൊള്ളുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്കായി അവിടെ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും സംഘപരിവാര്‍ വാടക ഗുണ്ടകളുടെയും പൊലീസിന്റെയും അവരുടെ ഒത്താശയോടെ മുഖംമൂടികളുടെയും കടുത്ത മര്‍ദ്ദനങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമല്ല, ഫാക്കള്‍ട്ടി മെമ്പര്‍മാരെയും ‘തുക്കടെ തുക്കടെ ഗാങ്ങ്’ എന്ന് വിശേഷിപ്പിക്കുന്നതിനാണ്, അവരുടെ ദയനീയാവസ്ഥക്ക് പരിഹാരം കാണുന്നതിനല്ല താല്പര്യം പ്രകടമാക്കിയിട്ടുള്ളത്. ജെഎന്‍യു സംഭവത്തില്‍ പ്രതികരിക്കാന്‍ മടിച്ചുനില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയേക്കാള്‍ ഇവരെല്ലാം അത്യാവേശത്തോടെ എന്തിനുവേണ്ടിയാണ് ഈ വിധത്തില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു. ജെഎന്‍യുവിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ഡോ. അഭിജിത് ബാനര്‍ജിയുടെ വാക്കുകളെങ്കിലും ഇവരൊക്കെ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ്. ഇടതുപക്ഷക്കാരോ രാജ്യദ്രോഹികളോ ‘തുക്കടെ തുക്കടെ ഗാങ്ങി‘ല്‍ പെടാത്തവരോ അല്ലെന്നു ഉറപ്പിക്കാവുന്നവരും പ്രധാനമന്ത്രി മോഡി അങ്ങേയറ്റം സൗഹൃദം കാത്തുസൂക്ഷിച്ചു വരുന്നവരുമായ ഏതാനും ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപന മേധാവികളും ജെഎന്‍യു സംഭവവികാസങ്ങളില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ ഇതിനകം പ്രകടമാക്കിക്കഴിഞ്ഞിരിക്കുകയാണ്. മഹീന്ദ്രാ ഗ്രൂപ്പിന്റെ ചെയര്മാന് ആനന്ദ് മഹീന്ദ്ര പറഞ്ഞതെന്താണെന്നോ? നിങ്ങളുടെ രാഷ്ട്രീയം എന്തുതന്നെയായിരുന്നാലും നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെങ്കില്‍ സായുധരും നിയമനിഷേധികളുമായ ഗുണ്ടകളെ സഹിഷ്ണുതയോടെ നിരീക്ഷിക്കാനാവില്ല. ജെഎന്‍യുവില്‍ അതിക്രമിച്ചു കടന്നവരെ കണ്ടെത്തുകയും അവരെ ഉടനടി പിടികൂടുകയും രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കുകയും വേണം മാരികോ ഗ്രൂപ്പിന്റെ ചെയര്മാന് ഹര്‍ഷ് മാരിവാലയുടെ വാക്കുകള്‍ നോക്കുക; ‘അക്രമത്തില്‍ വിശ്വസിക്കാത്തൊരു പ്രദേശത്തുകാരനായതിനാല്, ആക്രമണങ്ങള്‍ക്ക് ദൃക്സാക്ഷികളാവുകയും അക്രമ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഒട്ടുംതന്നെ പൊറുക്കുക സാധ്യമല്ല. (ജെഎന്‍യുവില്‍) കഴിഞ്ഞ ദിവസം (2020 ജനുവരി 6) നടന്ന സംഭവങ്ങള്‍ വല്ലാത്ത മനോവേദന ഉളവാക്കുന്നു.’ ‘മാപ്പ് അര്‍ഹിക്കാത്ത നടപടിയാണ്, അക്രമങ്ങള്‍ വച്ചുപൊറുപ്പിച്ചുകൂടാ’ ഇതായിരുന്നു ബയോകോണ്‍, അധ്യക്ഷയും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മസൂംദാര്‍ ഷായുടെ പ്രതികരണം. ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്മാന് ഹര്‍ഷ് ഗോയങ്കയുടെ പ്രതികരണം ഇതിനേക്കാളേറെ വികാരപരമായ വിധമായിരുന്നു. കാട്ടു തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ അകപ്പെട്ട ഓസ്ട്രേലിയക്കുവേണ്ടിയും അവിടത്തെ ജനങ്ങള്‍ക്കുവേണ്ടിയും കാട്ടുതീയിലകപ്പെട്ട് ജീവന് നഷ്ടപ്പെട്ട 500 മില്യന്‍ മൃഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന എന്നോട്, എന്റെ ചെറുമകന് ഒരു ചോദ്യം ചോദിച്ചു. എന്തായിരുന്നു അതെന്നോ? താങ്കള്‍ എന്തുകൊണ്ടാണ് മതപരമായ കാട്ടുതീകള്‍ വ്യാപകമായി പടര്‍ന്നിരിക്കുന്ന ഇന്ത്യക്കുവേണ്ടിയും അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കപ്പെട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാതിരിക്കുന്നത്? ഈ ചോദ്യത്തിനു മുന്നില്‍ മനുഷ്യത്വം ലേശമെങ്കിലും അവശേഷിക്കുന്നവര്‍ ചൂളിപ്പോവാതിരിക്കില്ല. മുകളില്‍ സൂചിപ്പിച്ച വിധത്തിലുള്ള പ്രതികരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ‘ബിസനസ് സ്റ്റാന്‍ഡേര്‍ഡ്’ (2020 ജനുവരി 7) ദിനപത്രമാണ്. അതായത് ജെഎന്‍യു ക്യാമ്പസില്‍ 36 വിദ്യാര്‍ത്ഥികളും അധ്യാപകരും ചോരയില്‍ കുളിച്ച രൂപത്തില്‍ എയിംസിന്റെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം. ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് ഐഷിഘോഷ് അടക്കമുള്ള ഈ വിദ്യാര്‍ത്ഥികളെ പ്രതിചേര്‍ത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നു എന്നാണ്. . ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം ഫീസ് വര്‍ധനവിനും ഹോസ്റ്റല്‍ വാടക വര്‍ധനവിനും സര്‍വീസ് ചാര്‍ജ് വര്‍ധനവിനും എതിരായി തുടക്കമിട്ടതാണെങ്കിലും അത് ക്രമേണ വ്യാപിക്കുകയും പരത്വ നിയമത്തിനെതിരായ സമരവുമായി കൂടിച്ചേരുകയുമായിരുന്നു.
നിസാരമായ വര്‍ധനവായിരുന്നില്ല ഈ കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ ഏകപക്ഷീയമായി നടപ്പാക്കിയത്. ചില ഇനങ്ങളില്‍ 500 മുതല്‍ 1000 രൂപ വരെ ഒറ്റയടിക്ക് വര്‍ധനവുണ്ടായി. നാലു പതിറ്റാണ്ടിലേറെക്കാലമായി പിന്തുടര്ന്നുവന്നിരുന്ന നയത്തിന് കടകവിരുദ്ധമായ ഈ നയത്തിനെതിരായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടര മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ സമരത്തിന്റെ ലക്ഷ്യം ഫീസ്, സര്‍വീസ് ചാര്‍ജുകളും വാടക നിരക്കുകളും പിന്‍വലിക്കുക എന്നതാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും മെറിറ്റടിസ്ഥാനത്തില്‍ മേന്മയേറിയ വിദ്യാഭ്യാസ – ഗവേഷണ സൗകര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കരുതിക്കൂട്ടി ഇതെല്ലാം നിഷേധിക്കുന്നത് ഒരുതരത്തിലും നീതീകരിക്കാനാവില്ല. ന്യായമായ ആവശ്യങ്ങള്‍ക്കായി സമാധാനപരമായി സമരം ചെയ്തുവന്നിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടു നിയന്ത്രണമുള്ള ഡല്‍ഹി പൊലീസ് തുനിഞ്ഞിറങ്ങിയപ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സര്‍കലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുകയായിരുന്നു. ഇതോടൊപ്പം സിഎഎ വിരുദ്ധ സമരം നടത്തുന്നവരും ചേര്‍ന്നതോടെ ഈ വിദ്യാര്‍ത്ഥി സമരത്തിന് ഒരു ദേശീയ സ്വഭാവം കൈവരുകയായിരുന്നു.
ലണ്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെയും കൊളംബിയ സക്സസ് യൂണിവേഴ്സിറ്റികളിലെയും വിദ്യാര്‍ത്ഥികളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യക്കകത്താണെങ്കില് ഡല്‍ഹി, ജാമിയ മിലിയ, അലിഗര്‍, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയവയും ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, മുംബൈ യൂണിവേഴ്സിറ്റി, ബംഗളൂരു യൂണിവേഴ്സിറ്റി, അംബേദ്കര്‍ യൂണിവേഴ്സിറ്റി, ചണ്ഡിഗര്‍ യൂണിവേഴ്സിറ്റി, ബംഗളൂര് ലോ യൂണിവേഴ്സിറ്റി, പൂനയിലെ സാവിത്രി ഭായ് യൂണിവേഴ്സിറ്റി, കല്‍ക്കത്തയിലെ പ്രസിഡന്‍സി യൂണിവേഴ്സിറ്റി, ഐഐടി ബോംബെ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും യുവാക്കളും തെരുവിലിറങ്ങി. ഇക്കൂട്ടരെല്ലാം മുഴക്കിയത് വ്യത്യസ്ത കാരണങ്ങളായാലും ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആസാദി എന്ന മുദ്രാവാക്യമായിരുന്നു. അതായത്, നരേന്ദ്രമോഡി — സംഘപരിവാര്‍ ശക്തികളുടെ ജനാധിപത്യ വിരുദ്ധ, ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക. ജമ്മു കശ്മീരിലെ കേന്ദ്ര ഇടപെടലിനെ തുടര്‍ന്നുണ്ടായ നീതിനിഷേധവും മൗലികാവകാശ ലംഘനവും ഉടനടി അവസാനിപ്പിക്കണമെന്ന സുപ്രിംകോടതിയുടെ സുപ്രധാനമായ മോഡി — അമിത് ഷാ സഖ്യത്തിന്റെ കണ്ണുതുറപ്പിക്കുമോ? കാത്തിരുന്നു കാണുകതന്നെ. (അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.