Web Desk

December 21, 2019, 8:57 am

ചോരക്കളമായി ഉത്തർപ്രദേശ്: കൊല്ലപ്പെട്ടത് 6 പേർ

Janayugom Online

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഒരാഴ്ചയിലേറെയായി രാജ്യമെങ്ങും കത്തിപ്പടരുന്ന പ്രതിഷേധത്തിൽ പൊലീസ് വെടിവയ്പിൽ 6 മരണം കൂടി. ഉത്തർപ്രദേശിൽ ബിജ്നോർ, മീററ്റ്, സംഭാൽ, കാൻപുർ, ഫിറോസാബാദ് എന്നിവിടങ്ങളിലാണ് വെടിവയ്പ്. കല്ലേറിൽ 50 പൊലീസുകാർക്കു ഗുരുതര പരുക്ക്. വ്യാഴാഴ്ച പൊലീസ് വെടിവയ്പിൽ ലക്നൗവിൽ ഒരാളും മംഗളൂരുവിൽ 2 പേരും കൊല്ലപ്പെട്ടിരുന്നു. ‘ഭരണഘടന സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി, ഡൽഹി ജുമാ മസ്ജിദിൽ നിന്ന് ആയിരങ്ങൾ അണിനിരന്ന കൂറ്റൻ പ്രകടനം നടന്നു.

പ്രകടനത്തിന് നേതൃത്വം നൽകിയ ചന്ദ്രശേഖർ ആസാദിനെ വിട്ടുകിട്ടാൻ പൊലീസ് ജുമാ മസ്ജിദിനുമുന്നിൽ എത്തിയതോടെ രാത്രി വൈകിയും സംഘർഷം തുർന്നു. ലാത്തിചാർജും കല്ലേറും ഉണ്ടായി. ഉത്തർപ്രദേശിൽ ലക്‌നൗ ഉൾപ്പെടെ 22 നഗരങ്ങളിൽ എസ്എംഎസ്, ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സംഘർഷം ആളിപ്പടരുകയാണ്. മംഗളൂരുവിൽ കർഫ്യൂ നീട്ടി  വടക്കു കിഴക്കൻ ഡൽഹിയിൽ 12 പൊലീസ് സ്റ്റേഷൻ പരിധിയിലും ഓൾഡ് ഡൽഹിയിലും നിരോധനാജ്ഞ നിലനിൽക്കുകയാണ്.

you may also like this video

17 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത് ബന്ത് തുടങ്ങി. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇൻറർനെറ്റ് നിയന്ത്രണമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതി പൊതുവെ ശാന്തമാണ്. അസമിലെ ദിബ്രുഗഢിൽ കർഫ്യുവിൽ ഇന്ന് 16 മണിക്കൂർ ഇളവ് നൽകിയിട്ടുണ്ട്.