പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ നടന്ന ബന്ദിനും പ്രതിഷേധത്തിനിടെ നടന്ന ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. മുര്‍ഷിദാബാദിലാണ് സംഭവം. പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെപ്പും പെട്രോള്‍ ബോംബേറുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
അനാറുല്‍ ബിശ്വാസ്(50), സലാഹുദ്ദീന് ഷെയ്ഖ്(17) എന്നിവരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗി പോലീസ് സ്റ്റേഷന് പരിധിയില്‍ പെടുന്ന സാഹേബ് നഗര്‍ മാര്‍ക്കറ്റിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. മൂന്നുപേരെ സംഭവ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. മാള്‍ഡയിലും മുര്‍ഷിദാബാദിലും സിഎഎക്കും എൻആർസിക്കുമെതിരെ പ്രതിഷേധം രൂക്ഷമായതിനിടെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.
സിഎഎക്കെതിരെ രൂപീകരിച്ച ഗണതന്ത്രിക മഞ്ച് സാഹെബ് നാഗറില് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബന്ദിനെ അനുകൂലിക്കുന്നവര്‍ റോഡുകള്‍ തടയുകയും വ്യാപാരികളെ കടകള്‍ അടക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പറയുന്നു. ടിഎംസി നേതാവ് താഹിറുദ്ദീന്‍ മൊണ്ടോളിന്റെ നേതൃത്വത്തില്‍ ഒരു സംഘം സ്ഥലത്തെത്തി റോഡ് ബ്ലോക്ക് നീക്കാന്‍ ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. തുടര്‍ന്നാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ഏതാനും വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളും കത്തിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.