ഡല്‍ഹി: ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ഇടതുപാർട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ജാമിയ മിലിയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ നൂറിലേറെ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിദ്യാര്‍ഥികളടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടി തുടരുകയാണ്. ഡെല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്. പ്രതിഷേധക്കാരെ തടയാന്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ജന്ദർ മന്ദറിലും ചെങ്കോട്ടയിലും ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങൾക്കും പൊലീസ് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംഘർഷാവസ്ഥയാണ് രാജ്യ തലസ്ഥാനത്തും രാജ്യത്തെ വിവിധസംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും. കർണാടകത്തിൽ പ്രമുഖ പട്ടണങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിരോധനാജ്ഞ അവഗണിച്ച് ബെംഗളൂരുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.