Web Desk

ന്യൂഡൽഹി

February 25, 2020, 10:33 am

വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷത്തിന് അയവില്ല: ജാതി ചോദിച്ച് പ്രതിഷേധക്കാർക്കു നേരെ കടുത്ത മർദ്ദനം

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്നുവരുന്ന പ്രതിഷേധങ്ങളിൽ ജാതി ചോദിച്ചു മർദ്ദിക്കുന്നതായി പരാതി. പേരും ജാതിയും ചോദിച്ചുള്ള മർദ്ദനത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഇരു ചേരികളായി തിരഞ്ഞ് ഏറ്റു മുട്ടുകയായിരുന്നു. ഇടപെടലുകളൊന്നും നടത്താതെ പൊലീസുകാർ നോക്കു കുത്തികളാകുന്ന കാഴ്ചയാണ്. അതേ സമയം ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതു വരെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി. 100ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ സിഎഎക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായ സമരമാണ് തുടര്‍ന്നു വന്നത്. സമരത്തെ തുടർന്ന് ഗതാഗതതടസമുണ്ടായതിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് എത്തിയിരുന്നു. വര്‍ഗ്ഗീയ വിഷം നിറച്ച പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് മിശ്ര. മൂന്നു ദിവസത്തിനുള്ളില്‍ സമരക്കാരെ നീക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നുമുള്ള മിശ്രയുടെ പ്രസംഗമാണ് കാര്യങ്ങള്‍ വഷളാക്കാനിടയാക്കിയത്. ഞായറാഴ്ച സമരക്കാര്‍ക്കുനേരെ പൊലീസ് നോക്കിനില്ക്കേ ബിജെപിക്കാർ കല്ലെറിഞ്ഞതാണ് പ്രകോപനമുണ്ടാക്കിയത്. തിരിച്ചും കല്ലേറുണ്ടായി. ഇന്നലെയും സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഏകദേശം പത്തു കിലോമീറ്ററോളം വരുന്ന മേഖലയിലാണ് കല്ലേറും തീവെയ്പ്പും അരങ്ങേറിയത്. ഇതിനിടെ സമരക്കാർക്കുനേരെ ഒരാൾ വെടിവയ്ക്കുന്നതിന്റെയും പൊലീസ് കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭജന്‍പുര, ജാഫറാബാദ്, മൗജ്പൂര്‍ ഗോഗുല്‍പുരി തുടങ്ങിയ മേഖലകളിലാണ് സി എ എ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ഭജന്‍പുരയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവച്ചതോടെ തീ പമ്പിലേക്കും പടര്‍ന്നു. കല്ലേറില്‍ പരിക്കേറ്റാണ് പൊലീസ് കോണ്‍സ്റ്റബിള്‍ രത്തൻ ലാൽ മരിച്ചത്. ഷാഹ്ദ്ര ഡിസിപിക്കും പരിക്കുപറ്റി. നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മുഹമ്മദ് ഫുർഖാൻ, ഷാഹിദ് അൽവി എന്നിവർ മരിച്ചത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജാഫറാബാദ്, മൗജ്പൂര്‍ ഗോഗുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍, ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ പൊലീസും ദ്രുതകര്‍മ്മ സേനയും ഈ മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. അക്രമികള്‍ ജയ് ശ്രീ രാം മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.

Eng­lish Sum­ma­ry: CAA protest del­hi followup

You may also like this video