Web Desk

ഹൈദരബാദ്

January 27, 2020, 1:41 pm

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരബാദിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം ആസാദ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

തെലങ്കാനയിൽ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ്, പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുകയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ അനുയായികളെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു. തുടർന്ന് എന്നെ വിമാനത്താവളത്തിലെത്തിച്ച് ന്യൂഡൽഹിയിലേക്ക് അയച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്, എത്രയും വേഗം തിരിച്ചുവരുന്നതായിരിക്കും, ഈ അപമാനം ഒരിക്കലും മറക്കില്ല. എന്നാണ് ആസാദ് ട്വിറ്ററിൽ കുറിച്ചത്.

ഹൈദരബാദിലെ ക്രിസ്റ്റൽ ഗാർഡനിൽ നടത്താനിരുന്ന പ്രതിഷേധ റാലിക്ക് ഹൈദരബാദ് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ ഇന്ന് രാവിലെയാണ് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചയച്ചത്. 2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധമാർച്ചിൽ പങ്കെടുത്ത് സംസാരിച്ചതിന് പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 16നായിരുന്നു അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.