പി പി ചെറിയാൻ

വാഷിംഗ്ടൺ

January 15, 2020, 2:16 pm

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം ദൗർഭാഗ്യകരമെന്നു സത്യനാദല്ല

Janayugom Online

ഇന്ത്യയിലെ ഹൈദരാബാദ് സിറ്റിയിൽ ജനിച്ചുവളർന്ന ഇന്ത്യൻ അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റ് സിഇഒ യുമായ സത്യനാദല്ല പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രതികരണവുമായി പരസ്യമായി രംഗത്ത്. പിറന്ന നാട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുഃഖകരവും ദൗർഭാഗ്യകരമാണെന്നും മാൻഹാട്ടനിൽ തിങ്കളാഴ്ച നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ നാദല്ല അഭിപ്രായപ്പെട്ടു.

വ്യത്യസ്ത സംസ്കാരങ്ങൾ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ ഈദ്, ക്രിസ്തുമസ്, ഹോളി എന്നി ഉത്സവങ്ങൾ ജാതി മത ഭേദമില്ലാതെ ആഘോഷിച്ചിരുന്ന കാലഘട്ടത്തിന്റെ സ്മരണകളിൽ ഞാൻ അഭിമാനം കൊള്ളുന്നതായും നാദല്ല അനുസ്മരിച്ചു.

അമേരിക്കൻ മാധ്യമപ്രവർത്തകനും ബസ് ഫീഡ് എഡിറ്റർ ഇൻ ചീഫ് ബെൻ സ്മിത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് നാദല്ല തന്റെ നിലപാട് വ്യക്തമാക്കിയത്. ബെൻ സ്മിത്ത് തന്നെയാണ് ഇക്കാര്യം തൻറെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരൻ അടുത്ത യൂണികോൺ സൃഷ്ടിക്കുന്നതോ അല്ലെങ്കിൽ ഇൻഫോസിസിൻറെ അടുത്ത സിഇഒ ആകുന്നതോ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമുദായികവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിമർശകർ വിശേഷിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ അലയടിക്കുന്ന പ്രതിഷേധത്തിനിടയിലാണ് മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രസ്താവന.

പിന്നീട് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്ററിൽ നിലപാടിൽ കൂടുതൽ വിശദീകരണവുമായി നാദെല്ലയുടെ പ്രസ്താവന ട്വീറ്റ് ചെയ്തു. കുടിയേറ്റം ഒരു രാജ്യത്തിന് നല്ലതാണെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു സത്യനാദല്ല.

എല്ലാ രാജ്യങ്ങളും അവരുടെ അതിർത്തികൾ നിർവചിക്കേണ്ടതുണ്ട്. യഥാക്രമം ദേശീയ സുരക്ഷ ഉറപ്പാക്കുകയും കുടിയേറ്റ നയം നടപ്പാക്കുകയും ചേയ്യേണ്ടതുണ്ട്. ജനാധിപത്യ രാജ്യങ്ങളിൽ ഇക്കാര്യങ്ങളിൽ സർക്കാരുകളും ജനങ്ങളും തമ്മിൽ സംവാദങ്ങളുമുണ്ടാകും. ബഹുസംസ്കാരങ്ങളുള്ള ഇന്ത്യയിൽ വളർന്നതിൻറെയും അമേരിക്കയിൽ കുടിയേറിയതിന്റെ അനുഭവവുമാണ് എന്നെ രൂപപ്പെടുത്തിയത്. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പ്രയോജനപ്രദമായ കരുത്തുറ്റ സംരംഭം തുടങ്ങാൻ ഒരു കുടിയേറ്റക്കാരന് അവസരമുണ്ടാകുന്ന ഇന്ത്യയാണ് എൻറെ പ്രതീക്ഷയിലുള്ളത്. നാദല്ല പറഞ്ഞു.

ഇന്ത്യൻ പൗരത്വനിയമത്തിനെതിരെ ആദ്യമായി പ്രതീകരിച്ച പ്രധാന ടെക്, സിഇഒമാരിൽ ആദ്യ വ്യക്തിയാണ് നാദല്ല. കഴിഞ്ഞ മാസം ബാംഗ്ളൂരിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചരിത്രകാരനും എഴുത്തുകാരനായ രാമച്ചന്ദ്ര ഗുഹാ, നാദലയുടെ അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നതായി ട്വീറ്റ് ചെയ്‌തു.