ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവന ബംഗ്ലാദേശുമായുള്ള ബന്ധം കൂടുതല്‍ വഷളാകാൻ ഇടയാക്കിയിരിക്കുന്നു. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മോമെനും ബംഗ്ലാദേശ് നാഷണലിസ്റ്റ് നേതാവ് മിർസ ഫക്രുൽ ഇസ്ലാമും ഷായുടെ പരാമർശത്തെ കടുത്ത രീതിയിൽ വിമർശിച്ചിരിക്കുകയാണ്. അടുത്തിടെ ആദ്യമായാണ് ഇത്തരത്തിൽ ഇന്ത്യയെ ഒരു അവാമി ലീഗ് നേതാവ് കടുത്ത ഭാഷയിൽ ഔദ്യോഗികമായി വിമർശിക്കുന്നത്. ഹിന്ദുക്കളെ ബംഗ്ലാദേശിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്നായിരുന്നു പൗരത്വ ഭേദഗതി ബില്ലിന്റെ ചർച്ചാവേളയിൽ രാജ്യസഭയിൽ ഷാ ആരോപിച്ചത്. ഇതാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചിട്ടുള്ളതും.
ബംഗ്ലാദേശിൽ സമുദായ സൗഹാർദം നിലനിർത്തുന്നതിന് നടത്തുന്ന ശ്രമങ്ങൾ എടുത്തുകാട്ടിയായിരുന്നു ബംഗ്ലാദേശിലെ ഇരു നേതാക്കളുടെയും വിമർശനം. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും സുരക്ഷിതരാണെന്ന് മോമെൻ പറയുന്നത്. ഇക്കാര്യത്തിൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗ നേതാക്കൾ പ്രതികരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രതികരണത്തിന് അദ്ദേഹം മുതിർന്നില്ലെന്നതും ശ്രദ്ധേയമാണ്. ബംഗ്ലാദേശ് ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുന്നുവെന്ന തരത്തിലുള്ള ഇന്ത്യൻ നേതാക്കളുടെ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നാണ് ബംഗ്ലാദേശിന്റെ വിലയിരുത്തൽ. മുൻകാലങ്ങളിൽ രാജ്യത്തെ പല ഹിന്ദുക്കളും മറ്റു നാടുകളിൽ ജീവിക്കാനായി ബംഗ്ലാദേശ് വിട്ടുപോയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം സംഭവങ്ങൾ കുറവാണ്.
പോയവർ പലരും തിരിച്ചെത്തിയതായും മോമെൻ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഇത് സാമുദായിക സൗഹാർദം ഉണ്ടെന്നതിന്റെ തെളിവാണെന്ന് വ്യക്തം. ഇന്ത്യയ്ക്ക് അവരുടെ ആവശ്യത്തിനും താല്പര്യങ്ങൾക്കും അനുസരിച്ചുള്ള നിയമങ്ങൾ നിര്‍മിക്കാൻ അവകാശമുണ്ട്. അതേസമയം നിർദ്ദിഷ്ട നിയമം മൂലം ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്ക് ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് സഹിഷ്ണുതയുള്ള ഒരു രാജ്യമായി നിലനിൽക്കേണ്ട ബാധ്യതയുണ്ടെന്നും മോമെൻ പറഞ്ഞു. എന്നിട്ടും അവർ എന്തുകൊണ്ടാണ് ഇത്തരം നിയമങ്ങൾ നിർമിക്കുന്നത് എന്ന് മനസിലാകുന്നില്ല. ബംഗ്ലാദേശിൽ നിന്ന് ഹിന്ദുക്കളെ ആട്ടിപ്പായിക്കുന്നുവെന്ന തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ മുതിര്‍ന്ന നേതാക്കൾ എന്തുകൊണ്ട് പുറപ്പെടുവിക്കുന്നുവെന്നും അറിയില്ല. ഇവരെ ചില ഉപദേഷ്ടാക്കൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് തോന്നുന്നത്.
ഇത്തരം പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് മോമെൻ പറയുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന് ബംഗ്ലാദേശ് സർക്കാർ നല്ല കരുതൽ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിന് കടകവിരുദ്ധമായ വാർത്തകളാണ് ഇന്ത്യയിൽ നിന്ന് തങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നതെന്നത്. മേഖലയിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ ഇത്തരത്തിൽ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ കൈക്കൊള്ളരുത്. ഇന്ത്യയിൽ മുസ്ലിങ്ങൾ ഏറെ ഭീതിയിലാണ്. ഇത്തരം പ്രവണതകൾ ബംഗ്ലാദേശിനെയും ആശങ്കപ്പെടുത്തുന്നു. ഇതേ ആശങ്കകൾ തന്നെയാണ് ഫക്രുൽ ഇസ്ലാമും പങ്കുവക്കുന്നത്. ഇന്ത്യ ഒരു വൻ രാഷ്ട്രമാണ് അവിടുത്തെ മന്ത്രിമാർക്ക് അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യ ബംഗ്ലാദേശിന്റെ ഒരു സുഹൃത്ത് കൂടിയാണ്.
വിമോചന കാലത്ത് ഈ വലിയ സുഹൃത്തിൽ നിന്ന് ലഭിച്ച ഉപകാരങ്ങൾ ഒരിക്കലും വിസ്മരിക്കാനുമാകില്ല. താനും തന്റെ പാർട്ടിയായ ബിഎൻപിയും ഒരിക്കലും ഇന്ത്യയ്ക്ക് എതിരല്ലെന്ന് ഇസ്ലാം പറയുന്നു. മതമൗലിക വാദികളായ ജമാഅത്തെ ഇസ്ലാമിയുമായി തങ്ങൾക്ക് ബന്ധമുണ്ടെങ്കിലും ഇന്ത്യയുമായി എപ്പോഴും പ്രത്യയശാസ്ത്രപരമായി അല്ലെങ്കിലും ഒരു രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ബന്ധങ്ങൾ സാധാരണമാണ്. മറ്റ് ജനാധിപത്യ രാഷ്ട്രങ്ങളുമായും അതുണ്ട്. ഇത്തരത്തിലുള്ള രാഷ്ട്രീയ ധാരണകൾക്ക് ഉദാഹരണമാണ് ബിജെപിയും ജമ്മുകശ്മീരിലെ പിഡിപിയുമായുള്ള രാഷ്ട്രീയ സഖ്യം. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യവും ഇത്തരത്തിലുള്ളതായിരുന്നു. എന്നാൽ സാമുദായിക ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെട്ടെന്ന ഇന്ത്യയുടെ വിമർശനം തങ്ങളെ ഏറെ ദുഃഖിപ്പിക്കുന്നുണ്ട്.
ഈയിടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള സാമുദായിക സംഘർഷങ്ങൾ രാജ്യത്ത് തീരെ ഇല്ല. എന്നാൽ ഇന്ത്യയിൽ ഇതിന് നേർവിപരീതമാണ് ഇപ്പോൾ കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് കൂട്ടക്കൊലയടക്കം ചെറുതും വലുതുമായ നിരവധി വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബംഗ്ലാദേശിലെ പൊതുജനാഭിപ്രായം കൂടി രൂപീകരിച്ച ശേഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ഇന്ത്യയുടെ പ്രസ്താവനയ്ക്കെതിരെ സംഘടിപ്പിക്കുമെന്ന് ഫക്രുൽ ഇസ്ലാം പ്രസ്താവിച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യൻ സർക്കാരുമായി ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു കത്തിടപാടുകളുമില്ലെന്നും അദ്ദേഹം പറഞയുന്നു. ബിഎൻപി അടക്കമുള്ളവർ ഇന്ത്യയുടെ നീക്കത്തിൽ ആശങ്കാകുലരാണ്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ഇന്ത്യ പറയുന്നവരെ എവിടെ പുനരധിവസിപ്പിക്കും എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇത് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതും വളരെ വൈകാരികവുമാണെന്നും ഇസ്ലാം ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങളെ വളരെ കരുതലോടെ വേണം സമീപിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകക്ഷി ബന്ധത്തിൽ യാതൊരു വിള്ളലും ഉണ്ടാകാത്ത വിധത്തിൽ ഇത് പരിഹരിക്കേണ്ടതുമുണ്ട്.
പ്രദേശത്തെ രാഷ്ട്രീയ കാലാവസ്ഥയെയും ഇത് ബാധിച്ചുകൂടാ. അതേസമയം അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ ബംഗ്ലാദേശ് നേതാക്കളിൽ നിന്നുയർന്ന വിമർശനങ്ങൾ അത്ര നിസാരമായി തള്ളിക്കളയാവുന്നതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പൗരത്വ ബിൽ മാത്രമല്ല ബംഗ്ലാദേശിന്റെ വിമർശനങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിൽ ബംഗ്ലാദേശിന് ഇടപെടാനോ നിയന്ത്രിക്കാനോ സാധ്യമല്ല. ബംഗ്ലാദേശിൽ കാര്യങ്ങൾ വഷളാകുകയാണ്. പ്രധാനന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയുടെ ഏജന്റ് എന്ന് മുതിർന്ന നേതാക്കൾപോലും വിമർശിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന വ്യക്തിയല്ല താനെന്ന് ബംഗ്ലാദേശ് ജനതയെ ബോധ്യപ്പെടുത്താൻ അവർക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. കാര്യങ്ങൾ എന്ത് തന്നെയായാലും ഇന്ത്യൻ സമ്പദ്ഘടന തിന്നുതീർക്കുന്ന ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാർ എന്ന അമിത്ഷായുടെ പരാമർശം ബംഗ്ലാദേശ് ജനതയുടെ ആത്മാഭിമാനത്തിനേറ്റ ശക്തമായ പ്രഹരമാണെന്ന് പറയാതെ വയ്യ. (ഐപിഎ സർവീസ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.