Web Desk

December 14, 2019, 9:29 pm

പൗരത്വ ഭേദഗതി നിയമം: ഘടകകക്ഷികളും ബിജെപിക്കെതിരെ

Janayugom Online

പനജി: പൗരത്വ ഭേദഗതി നിയമം ഗോവയിലും ബിജെപിയെ തിരിഞ്ഞുകുത്തുന്നു. അസമിൽ നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെ ഗോവയിൽ എൻഡിഎ സഖ്യകക്ഷിയായ ഗോവ ഫേർവേർഡ് പാർട്ടി (ജിഎഫ് പി) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തു.  ജിഎഫ് പി അധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമായ വിജയ് സർദേശായിയുടെ നേതൃത്വത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗങ്ങളെല്ലാം പ്രതിഷേധത്തിനിറങ്ങി. തങ്ങളുടെ പാർട്ടി മതസൗഹാർദ്ദത്തിനും പുരോഗമനാശയങ്ങൾക്കും എല്ലാവരെയും ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സർദേശായി പറഞ്ഞു. ഏതെങ്കിലും ജനവിഭാഗങ്ങൾക്ക് ഒരു നിയമം തങ്ങൾ അരക്ഷിതരാണ് എന്ന തോന്നലുണ്ടാക്കുമെങ്കിൽ ആ നിയമം തെറ്റാണെന്നും സർദേശായി കൂട്ടിച്ചേർത്തു.

‘പൗരത്വ ഭേദഗതി ബിൽ എന്നു പറഞ്ഞാൽ വർഗീയതയ്ക്ക് വെടിമരുന്ന് നൽകുന്ന ബിൽ എന്നാണോ ഉദ്ദേശിക്കുന്നത്’- വിജയ് സർദേശായി ചോദിക്കുന്നു.  പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന ബിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഇത് നിയമമായി മാറുകയും ചെയ്തു. എന്നാൽ ഇതിനെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധമാണുയരുന്നത്. അസമിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുകയാണ്. അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പല നേതാക്കളും ബോർഡ് ചെയർമാൻ സ്ഥാനങ്ങളും പാർട്ടി അംഗത്വവും രാജിവച്ചു.

മുതിർന്ന ബിജെപി നേതാവും അസം പെട്രോകെമിക്കൽ ലിമിറ്റഡ് ചെയർമാനുമായ ജഗദീഷ് ഭൂയൻ കഴിഞ്ഞദിവസം പാർട്ടി അംഗത്വവും ബോർഡ് സ്ഥാനവും രാജിവച്ചു. നേരത്തെ അസമിലെ പ്രശസ്ത നടനും അസം സിനിമ വികസന കോർപ്പറേഷൻ ചെയർമാനുമായ ജതിൻ ബോറയും രവി ശർമ്മയും ബിജെപി വിട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് അസം സ്പീക്കർ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും വ്യക്തമാക്കിയിരുന്നു. മുൻ സ്പീക്കർ പുലകേഷ് ബോഹ്റയും ബിജെപിയിൽ നിന്ന് രാജിവച്ചിട്ടുണ്ട്. അസം ജനതയുടെ വികാരം മാനിക്കാതെയാണ് പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും മുന്നോട്ടുപോയതെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

you may also like this video