Web Desk

December 19, 2019, 10:18 pm

പ്രതിഷേധം കത്തുമ്പോൾ ശ്രദ്ധ തിരിക്കാൻ അതിർത്തിയിൽ യുദ്ധസാധ്യതയെന്ന് സൂചന

Janayugom Online

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യത്താകെ പ്രതിഷേധം കത്തിയുയരുമ്പോൾ ശ്രദ്ധ തിരിക്കാനും ദേശീയവികാരം സൃഷ്ടിക്കാനും യുദ്ധ സാധ്യതയെന്ന് സൂചന. ഇന്ത്യൻ ആർമി ചീഫ് ബിപിൻ റാവത്ത്, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ എന്നിവരുടെ പ്രസ്താവനകളാണ് ഒരു യുദ്ധസാധ്യതയിലേയ്ക്ക് വിരൽചൂണ്ടുന്നത്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും രൂക്ഷമാകുമെന്നായിരുന്നു ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ റാവത്ത് പറഞ്ഞത്. അതുകൊണ്ട് ഇന്ത്യൻ സൈന്യം തയ്യാറായിരിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.
ഡൽഹിയിൽ സശാസ്ത്ര സീമ ബെൽ (എസ്എസ്ബി) വാർഷികത്തിൽ സംസാരിക്കവേയാണ് ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അതിർത്തിയിൽ ഉടൻ യുദ്ധത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകുന്നത്. ഇന്തോ — നേപ്പാൾ, ഇന്തോ- ഭൂട്ടാൻ അതിർത്തി സുരക്ഷാ സേനയാണ് എസ്എസ്ബി. ഇന്ത്യയിൽ സമാധാനം പാടില്ലെന്ന് ആഗ്രഹിക്കുന്ന ചില ശക്തികൾ അതിർത്തിയിലൂടെ രാജ്യത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അമിത്ഷായുടെ വാക്കുകൾ. നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിലൂടെ രാജ്യത്ത് കടന്ന് കുഴപ്പങ്ങളുണ്ടാക്കുവാനാണ് ആ ശക്തികൾ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്രമോഡി സർക്കാരിന്റെ ഇതുവരെയുള്ള നടപടികൾ പരിശോധിച്ചാൽ ദേശീയ വികാരം സൃഷ്ടിക്കുന്നതിനുള്ള എളുപ്പവഴിയായി യുദ്ധസാഹചര്യത്തെ ഉപയോഗിച്ചതായി കാണാവുന്നതാണ്. അതുകൊണ്ടുതന്നെ രാജ്യമാകെ പ്രതിഷേധമുയരുന്ന ഘട്ടത്തിൽ ശ്രദ്ധ തിരിച്ചുവിടാനും ദേശീയ വികാരത്തിലൂടെ അതിനെ മറികടക്കാനും ഒരു യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം. വൻ ദുരന്തമായി തീരാവുന്ന നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മിന്നലാക്രമണത്തിലൂടെ ദേശീയ വികാരം സൃഷ്ടിച്ചത്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുൽവാമ ഭീകരാക്രമണവും അതിന്റെ പകരമെന്ന നിലയിൽ ബലാക്കോട്ട് വ്യോമാക്രമണവുമുണ്ടായി. ഇതിന് സമാനമായി യുദ്ധത്തിലൂടെ ശ്രദ്ധ തിരിക്കാൻ സർക്കാർ കോപ്പുകൂട്ടുന്നുവെന്നതിന്റെ സൂചനയായാണ് ഇരു പ്രസ്താവനകളും വിലയിരുത്തപ്പെടുന്നത്.