August 19, 2022 Friday

കുഴിയാന ചിന്നം വിളിക്കുന്നു

Janayugom Webdesk
January 20, 2020 5:35 am

വാതില്‍ഉലകത്തില്‍ ചില ജീവികളുണ്ട്. ഞാനെന്ന ഭാവം ഭരിക്കുന്ന ജീവികള്‍. അവയിലൊന്നാണ് കുഴിയാന. താനാണ് ദുനിയാവിലെ പെരുത്ത മൃഗമെന്ന ഭാവത്തില്‍ അവന്‍ ചിന്നം വിളിച്ചാലോ! അവന്റെ താവളമായ കുഴിയിലെ ഒരു തരി മണ്ണുപോലും അനങ്ങില്ല. കുണ്ടികുലുക്കിപ്പക്ഷിയാണ് മറ്റൊരിനം. നാടാകെ ഈയിനം കിളികള്‍ ആസനം കുലുക്കി നടക്കും. തന്റെ കുണ്ടി കുലുക്കത്തിനൊത്ത് ഭൂമി മുഴുവന്‍ കുലുങ്ങുന്നുവെന്ന് ആ പാവം പക്ഷിക്കു തോന്നിപ്പോയാല്‍ എന്താ ചെയ്യുക. കുളക്കോഴിയാണ് മറ്റൊരു കക്ഷി. അധികദൂരം പറക്കാനും വേഗത്തിലോടാനും കഴിയാത്തതിനാല്‍ മാംസപ്രിയര്‍ കുളക്കോഴികളെ ഓടിച്ചിട്ടു പിടിക്കുകയാണു ചെയ്യുന്നത്. പക്ഷേ അവന്റെ ഭാവം താന്‍ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടിനേയും ഓടിതോല്‍പ്പിച്ചുകളയുമെന്നാണ്. അന്നത്തോണിയില്‍ തോണിയുടെ മുന്നില്‍ ഒരു അരയന്ന രൂപം ഉണ്ടാവും. ഇംഗ്ലീഷില്‍ ഇത്തരം കൊത്തിവയ്ക്കുന്ന രൂപത്തെ ‘ഫിഗര്‍ഹെഡ്’ എന്നാണ് വിവക്ഷിക്കുക.

അരയന്നരൂപമുള്ളതുകൊണ്ടാണ് തിരകളെ മുറിച്ചരയന്നം പോലെ വിരവില്‍ അക്കരെ പോകുന്നതെന്ന് ആരെങ്കിലും പറയുമോ! മയില്‍ വിളക്കിലെ തിരികള്‍ കത്തിക്കുന്നത് മയിലിന്റെ രൂപമാണെന്നു പറഞ്ഞുകളഞ്ഞാലോ! ഇന്ത്യന്‍ ഭരണഘടനയില്‍ കുനുഷ്ടുപരിപാടികളുമുണ്ട്. അവയിലൊന്നാണ് ഗവര്‍ണര്‍ പദവി. ഫിഗര്‍ ഹെഡ് പോലെ ഭരണത്തലപ്പത്ത് കൊത്തിവച്ച അരയന്ന രൂപം. കാണാന്‍ അല്‍പം ചന്തത്തിനും കണ്ടം ചെയ്ത വണ്ടികളെ കുടിയിരുത്താനുമുള്ള ഒരലങ്കാരപദവി. പക്ഷേ കൊത്തിവച്ച അരയന്ന രൂപമാണ് സംസ്ഥാന ഭരണം നയിക്കുന്നതെന്ന് പറയുന്നവര്‍ക്കു പറ്റിയൊരു കേന്ദ്രമുണ്ട്, ഊളമ്പാറ! നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മേല്‍പ്പടി പക്ഷികളേയും തോണിയേയും വിളക്കിനേയുമൊക്കെ അനുസ്മരിപ്പിക്കുന്നത് കൗതുകമല്ല ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നു. കുറുക്കന്‍ പണ്ട് രാജാവായതുപോലെ, പണ്ടൊരിക്കല്‍ മൂവര്‍ണങ്ങള്‍ കലക്കി വച്ചിരുന്ന ബക്കറ്റില്‍ വീണ ഖാന്‍ പിന്നീട് പല രാഷ്ട്രീയ ബക്കറ്റുകളിലെ പല നിറങ്ങളിലിറങ്ങി നീരാടി. ഒടുവില്‍ എല്ലാ വര്‍ണങ്ങളും ചേര്‍ന്നപ്പോള്‍ ഖാന്റെ നിറം കാവിയായി. പല നിറങ്ങള്‍ മിക്സ് ചെയ്താല്‍ കാവിയാവുമെന്ന് മാലോകര്‍ക്ക് കാട്ടിക്കൊടുത്തതും മേല്‍പ്പടിയാനായി. അങ്ങനെ നിരവധി രാഷ്ട്രീയ ചായങ്ങളില്‍ കുളിച്ചശേഷം ഗവര്‍ണറെന്ന കുഴിയാനയായപ്പോള്‍ ഖാന്‍‍ ചിന്നം വിളിക്കുന്നു. കുഴിയാനയ്ക്കു കൊമ്പില്ലെങ്കിലും സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന പരിഹാസ്യമായ കാഴ്ച. ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ അവര്‍ മാനസികാരോഗ്യമുള്ളവരും ഭരണഘടനയെന്ന കിത്താബില്‍ തൊട്ടുനോക്കുകയെങ്കിലും ചെയ്ത ആളായിരിക്കണമെന്ന് ഒരു ഭരണഘടനാ ഭേദഗതികൊണ്ടുവന്നിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. ഇല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി മൂത്രമൊഴിക്കുന്നതിന് തന്റെ അനുവാദം വാങ്ങിയില്ലെന്ന് നോട്ടീസയയ്ക്കുന്ന ഇത്തരം കുഴിയാന ഗവര്‍ണര്‍മാര്‍ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും. സൂകരപ്രസവം പ്രവചനാതീതമല്ല. ഒട്ടേറെ കുഞ്ഞുങ്ങളാണ് പന്നി പ്രസവിക്കുമ്പോള്‍ ഉണ്ടാകുക. കെപിസിസിയുടെ സൂകരപ്രസവത്തിന് ഈറ്റുനോവിന്റെ ആര്‍ത്തനാദം മാധ്യമങ്ങളിലൂടെ മുഴങ്ങുന്നു. ഒരാളിനു രണ്ടു പദവി വേണ്ട, വേണം എന്ന വിഷയത്തില്‍ അടിയോടടി.

രണ്ടു പദവിക്ക് താനും സുധാകരനും മാത്രം അര്‍ഹരെന്ന് കൊടിക്കുന്നില്‍ മണിയന്‍ നാഴികയ്ക്ക് നാല്‍പതുവട്ടം പത്രസമ്മേളനം വിളിച്ചുകൂട്ടുന്നു. രണ്ടു വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിലും സുധാകരനും മാത്രമേ ആകാവൂ എന്ന കുടുംപിടിത്തം രൂക്ഷമാവുമ്പോള്‍ അങ്ങനെയങ്ങു സുഖിക്കേണ്ട, വി ഡി സതീശനെയും പി സി വിഷ്ണുനാഥിനെയും കൂടി വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കി മണിയന്‍-സുധാകരലയത്തിന്റെ ശോഭ കെടുത്തുമെന്ന് ഹൈ­ക്കമാൻഡ്. കാക്കത്തൊള്ളായിരം കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ പട്ടികതികയ്ക്കാനുള്ള ആള്‍ബലം കോണ്‍ഗ്രസിലുമില്ല. ജംബോ കമ്മിറ്റിയെന്നൊക്കെ ചന്തം പറയുന്നതല്ലേ. കമ്മിറ്റി പുനഃസംഘടന കഴിയുമ്പോള്‍ ഭാരവാഹിയാകാത്ത ഒരൊറ്റ കോണ്‍ഗ്രസുകാരനും ഈ പരശുരാമ ഭൂമിയിലുണ്ടാവില്ല! ഭാരവാഹിപ്പട്ടിക പൂര്‍ത്തിയാക്കാന്‍ മറ്റു കക്ഷികളില്‍ നിന്ന് ആളെ വാടകയ്ക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുകൂടെന്നുമില്ല. എങ്കിലും പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ നാറ്റം കൊണ്ട് ദല്‍ഹിക്കു ശ്വാസം മുട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ‘കാരസ്കരത്തിന്‍കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ’ എന്നൊരു ചൊല്ലുണ്ട്. കാഞ്ഞിരക്കുരുവിന്റെ കയ്പ് അതിന്റെ ജനിതകഗുണമാണ്. എവിടെക്കൊണ്ടിട്ടാലും പഞ്ചസാരയില്‍ ചാലിച്ചാലും കാഞ്ഞിരക്കുരുവിന്റെ കയ്പ് മാറ്റാനാവില്ല. പണ്ടത്തെ പൊലീസ് മേധാവി ടി പി സെന്‍ കുമാര്‍ താനും ഒരു കാഞ്ഞിരക്കുവാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി വിളംബരം ചെയ്തിരിക്കുന്നു. താന്‍ പഴയ ഡിജിപിയാണ്. ഇപ്പോള്‍ വെറും സംഘിമാത്രമെന്ന സത്യം ഇഷ്ടന്‍ മറന്നുപോയപോലെ. മാധ്യമ പ്രവര്‍ത്തകരേയും ഇവിടെവാടാ, ഊതെടാ എന്നൊക്കെ പഴയ ഹെഡ് കുട്ടന്‍പിള്ളയെപ്പോലെ കല്‍പ്പിച്ചു കളയാമെന്നു ധരിച്ചു വച്ചിരിക്കുന്ന കാര്‍ക്കോടക കുമാര്‍. വെള്ളാപ്പള്ളിയെ തെറിവിളിക്കാന്‍ വിളിച്ചു കൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കടവില്‍ ഹഷീദ് ഒരു ചോദ്യം ചോദിച്ചുപോയി. സെന്‍ കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഒരു മഹാപരാധം എന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു റഷീദിന്റെ ചോദ്യം. ‘താന്‍ ഇവിടെവാ, ഇവിടെ വാടോ. താന്‍ മദ്യപിച്ചിട്ടുണ്ടോ’ എന്ന് സെന്‍കുമാര്‍ ആക്രോശിച്ചപ്പോള്‍ താന്‍ മദ്യപിച്ചിട്ടില്ല എന്ന് ബോധിപ്പിച്ച റഷീദിനെ സെന്‍കുമാറിന്റെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. അനാരോഗ്യം വകവയ്ക്കാതെ മാധ്യമരംഗത്ത് തുടരുന്ന കടവില്‍ റഷീദിന് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരിലാരെങ്കിലും സെന്‍ കുമാറിനോട് ‘താന്‍ മദ്യപിച്ചിട്ടാണോ പത്ര സമ്മേളനം വിളിച്ചത്, ഒന്ന് ഊതെടോ’ എന്നു പറ‍ഞ്ഞിരുന്നെങ്കില്‍ കഥ മാറുമായിരുന്നു, വാദി പ്രതിയാകുമായിരുന്നുവെന്നാണ് എല്ലാം കഴിഞ്ഞപ്പോള്‍ ചില മാധ്യമ ശിങ്കങ്ങള്‍ പറഞ്ഞത്.

സെന്‍ കുമാറിനെയും കടവില്‍ റഷീദിനേയും മദ്യപിച്ചിട്ടുണ്ടോ എന്നും മെഡിക്കല്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ഇതില്‍പ്പരം ഒരു ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമായിരുന്നോ? പൗരത്വ ഭേദഗതി നിയമത്തിനെതിരായ രോഷാഗ്നിയില്‍ രാജ്യം കത്തിക്കാളുമ്പോള്‍ ഉയരുന്ന പ്ലക്കാര്‍ഡുകള്‍ ഏറെ കൗതുകമുയര്‍ത്തുന്നു. അമിത്ഷായെ ‘Vom­it Shah’ എന്ന് ഒരു ബാനറില്‍ വിശേഷിപ്പിച്ചിരിക്കുന്നു. വര്‍ഗീയ വിഷം ഛര്‍ദ്ദിക്കുന്ന ഷാ എന്നു ധ്വനി. മറ്റൊന്നില്‍ ‘Omit Shah’ എന്ന്. ഷായെ പറഞ്ഞയയ്ക്കുക എന്നര്‍ത്ഥം. മോഡിയുടേയും ഷായുടേയും ഹിന്ദുരാഷ്ട്രമേതെന്ന് ഗൂഗിളില്‍ പരതിയതിനുള്ള മറുപടിയാണ് ഒരു പ്ലക്കാര്‍ഡില്‍. ഹിന്ദുരാഷ്ട്രം എന്നൊരു കാര്യം ഒരിടത്തും കാണാനില്ലെന്ന മറുപടിയാണ് ഒരു പ്ലക്കാര്‍ഡിലെ ശ്രദ്ധേയമായ വാചകം. മറ്റൊരു ചിത്രത്തില്‍ പ്ലക്കാര്‍ഡുമായി ഒരു പെണ്‍കുട്ടി അവളുടെ പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നു. മോഡിജി, ഞാനെന്റെ പൗരത്വം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാം. താങ്കളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമോ? മോഡിയുടേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ബിരുദങ്ങള്‍ വ്യാജമാണെന്ന ആരോപണങ്ങള്‍ക്കിടയില്‍ ആ പെണ്‍കുട്ടിയുടെ ആവശ്യത്തിന് ഒരിക്കലും മറുപടി ലഭിക്കില്ല. ഒരുകൂട്ടം പെണ്‍കുട്ടികള്‍‍ പിടിച്ച പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത് നിങ്ങളുടെ തോക്കുകളെക്കാള്‍ കരുത്തുറ്റതാണ് ‍ഞ­ങ്ങളുടെ വാക്കുകള്‍ എന്നായിരുന്നു. ഉണര്‍ത്തെണീല്‍ക്കുന്ന യുവതയുടെ ആവേശദായക ദൃശ്യങ്ങള്‍. ഈ യുവതയുടെ അമരക്കാരനായി സിപിഐ ദേശീയനേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ ചെയര്‍മാനുമായ കനയ്യകുമാര്‍ ഉയര്‍ന്നുവെന്ന് റോയിട്ടേഴ്സ് അടക്കമുള്ളവയുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ യുവജനതയെ ആവേശം കൊള്ളിക്കുന്നു. കനയ്യ കുമാറിന്റെ ജനപ്രീതി മോഡി സര്‍ക്കാരിനെ അനുദിനം ആശങ്കയിലാഴ്ത്തുന്നുവെന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്. കനയ്യ ചെല്ലുന്നിടത്തെല്ലാം പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളും യുവാക്കളും ഇരമ്പിയാര്‍ത്ത എത്തുന്നു. ആ­സാദിഗാനങ്ങള്‍ അദ്ദേഹം ഡോലക്ക് കൊട്ടിപാടുമ്പോള്‍ കൂടെപ്പാടുന്ന യുവസഹസ്രങ്ങള്‍. കനയ്യ എന്ന തീപ്പൊരി നേതാവിലൂടെ ഇന്ത്യന്‍ യുവതയുടെ ചക്രവാളത്തില്‍ പുതിയൊരു താരോദയമെന്നും വിദേശ മാധ്യമങ്ങള്‍ പറയുമ്പോള്‍ മോഡിയുടെ രഹസ്യാന്വേഷണ പൊലീസിന്റെ കുപിണികള്‍ ഈ വിപ്ലവത്തിന്റെ ദീപസ്തംഭത്തെ ഊണിലും ഉറക്കത്തിലും അനുധാവനം ചെയ്യുന്ന വിരോധാഭാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.