June 6, 2023 Tuesday

കരയ്ക്ക് നിൽക്കാതെ കളിക്കളത്തിലിറങ്ങേണ്ട കാലം

Janayugom Webdesk
December 16, 2019 8:57 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ചിന്താശേഷിയുള്ള സമൂഹം നെഞ്ചേറ്റുകയാണ്. വിദ്യാർഥികൾ അതേറ്റെടുക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും സംരക്ഷിക്കാൻ വിദ്യാർഥികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നു. അവർക്ക് അതിന് ചരിത്രപരമായ അവകാശവും ഉത്തരവാദിത്തവും ഉണ്ട്. എന്നാൽ പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള വിദ്യാർഥികളുടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിച്ചും വ്യാജപ്രചരണത്തിലൂടെയും മോഡി സർക്കാർ പരിശ്രമിക്കുന്നു. ഡൽഹിയിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് നടത്തിയത് നരനായാട്ട് എന്ന് വിദ്യാർഥികൾ വിവരിക്കുന്നു. ക്യാമ്പസിന്റെ എല്ലാ ഗേറ്റുകളും പൊലീസ് പൂട്ടിയിട്ടു വിദ്യാർഥികളെ വേട്ടയാടി. അക്രമം നടത്തിയ പുറത്തുനിന്നുള്ളവർ ക്യാമ്പസിൽ ഉണ്ടെന്നും അവരെ പിടികൂടാനാണ് നടപടിയെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.

ജാമിയ മിലിയ സർവകലാശാലയിൽ പാതിരാത്രിയിൽ പൊലീസ് നടത്തിയ അതിക്രമത്തിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതിഷേധം ക്യാമ്പസുകൾ കവിഞ്ഞു. അലിഗഢ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉറുദു സർവകലാശാല, ജെഎൻയു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി, കൊച്ചിൻ കുസാറ്റ് തുടങ്ങിയ കലാലയങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. കടുത്ത യുവജന പ്രതിഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവ്വകലാശാല വിദ്യാർഥികളെ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്യാതെ പിന്നീട് വിട്ടയച്ചു. ക്യാമ്പസിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളുമാണ് ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയെല്ലാം തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ വിട്ടയച്ചതായി ഡൽഹി പൊലീസ് അറിയിക്കുകയായിരുന്നു. ജാമിയ മിലിയ ഇ­സ്ലാമിയ, ജവഹർലാൽ നെഹ്റു സർവകലാശാല, അലിഗഢ് സർവ്വകലാശാലാ തുടങ്ങിയവ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവരുടെ രാഷ്ട്രീയത്തിന് അലോസരമായിരിക്കുന്നു. ജവഹർലാൽ നെഹ്റു എന്നത് അവർക്ക് അർബൻ നക്സലുകളുടെയും അരാജകവാദികളുടെയും കേന്ദ്രമാണെങ്കിൽ ജാമിയ മിലിയ എന്നാൽ ഭീകരതയെക്കുറിക്കുന്ന എന്തോ വാക്കുകളാണെന്ന ധാരണയിലാണ് സംഘപരിവാറും.

ഉറുദു ഭാഷയിൽ ജാമിയ എന്നാൽ സർവകലാശാ­ല എന്നാണ് അർത്ഥം. മിലിയ എന്നാൽ ദേശം എന്നും. ബ്രീട്ടീഷ് സാമ്രാജ്യത്വവുമായി ബന്ധമുള്ള എന്തിനെയും അകറ്റി നി­ർ­ത്തുക എന്ന നിസ്സഹരണ പ്രസ്ഥാനത്തിന്റെ ആഹ്വാനത്തിന്റെ ഭാഗമായി നിരവധി പേർ കൊളോണിയൽ സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇങ്ങനെ ബ്രിട്ടീഷുകാരുടെ സഹായത്തി­ൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പുറത്തുവന്നു ദേശീയ സ്വഭാവമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1920 ൽ അലിഗഢിലെ മുഹമ്മദിയൻ ആംഗ്ലോ ഓറിയന്റൽ കോളജിന് സർവകലാശാല പദവി നൽകിയതോടെ കൊളോണിയൽ ശക്തികളുടെ നിയന്ത്രണം ശക്തമാകുമെന്നുകണ്ട നിരവധി അധ്യാപകർ അവിടെനിന്നും രാജിവച്ചു. ഇവരാണ് ജാമിയ മിലിയ ആദ്യം ആരംഭിക്കുന്നത്. കൊളോണിയിൽ വിരുദ്ധ സമരമായിരുന്നു ജാമിയയിലെ ആദ്യപാഠം.

ജാമിയ മിലിയ സർവകലാശാല സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനയെകുറിച്ച് സരോജിനി നായിഡു ഇങ്ങനെ പറഞ്ഞു. “ത്യാഗത്തിന്റെ കല്ലുകളിൽ കെട്ടിയാണ് ജാമിയ ഉയർന്നത്”. അത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള സർവകലാശാലയിലെ വിദ്യാർഥികളെയാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമില്ലാത്ത, അന്ന് അതിനോട് പുറംതിരിഞ്ഞുനിന്നവർ രാജ്യസ്നേഹം പറഞ്ഞ് ആക്രമിക്കുന്നു എന്നതാണ് വിരോധാഭാസം. ബിജെപിയുടെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് താനെന്ന് മറന്ന് ബിജെപി അല്ലാത്തവരെ മുഴുവൻ ടാർജറ്റ് ചെയ്യുകയാണ് മോഡി. പ്രതിഷേധിക്കാനുള്ള അവസരം പോലും ഭരണകൂടം കവർന്നെടുക്കുന്നു. ആറുവർഷം മുമ്പ് നെഞ്ചേറ്റിയ യുവജനത തന്നെ തള്ളിപ്പറയുന്നത് മോഡിയും കൂട്ടരും തിരിച്ചറിയുന്നുണ്ട്. സർക്കാരിനെതിരെ വിദ്യാർഥി സമൂഹത്തിൽനിന്നും വെല്ലുവിളികൾ ഉയരുന്നത് അവരെ അലോസരപ്പെടുത്തുന്നുമുണ്ട്. കാത്തുനിൽക്കുവാൻ ഇനി സമയമില്ല. സമത്വത്തിന്റെയും സമഭാവനയുടെയും ഇന്ത്യ പുലർന്നുകാണാൻ നാം കരയ്ക്ക് കയറി നിൽക്കാതെ കളിക്കളത്തിലിറങ്ങണം, മലയാള ചെറുകഥയുടെ രാജശില്പി ടി പത്മനാഭൻ ഇന്നലെ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പോരാട്ടത്തിൽ വിദ്യാർഥി സമൂഹത്തിനൊപ്പം പൊതുസമൂഹം ചേർന്നു നിൽക്കുന്നു എന്നും ബോധ്യപ്പെടണം. പൗരത്വ ഭേദഗതി ബില്ലിനെതിരായ സംയുക്ത സത്യാഗ്രഹത്തിലൂടെ കേരളത്തിന് അത് സാധ്യമായി. രാജ്യത്തെ ഗ്രസിച്ച ഇരുൾ ഈ കൈത്തിരിവെട്ടത്തിന്റെ പ്രഭയിൽ അകലട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.