Web Desk

December 13, 2019, 6:19 pm

അസമിൽ പ്രതിഷേധം ആളിപ്പടരുന്നു: വെടിവെയ്പ്പിൽ ഒരു മരണം കൂടി

Janayugom Online

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുന്നതിനിടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. ബിജേന്ദ്ര പാൻങിങ് എന്ന യുവാവാണ് മരിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹത്തിയിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ വ്യാഴാഴ്ച രണ്ടു പേർ മരിക്കുകയും പതിനൊന്നു പേർ‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അസമിലെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ രംഗത്തെത്തിയിരുന്നു.

you may also like this video

അക്രമപ്രവർത്തനങ്ങൾക്ക് ജനാധിപത്യത്തിൽ ഇടമില്ലെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സോനോവൽ മാധ്യമങ്ങളോട് പറഞ്ഞു. സർബാനന്ദ സോനോവാളിന്റെ ജന്മനാടായ ചാബുവയിലെ റെയിൽവേ സ്റ്റേഷന് തീവച്ചു. ബിജെപി നേതാക്കൾക്കെതിരെ പരക്കെ ആഗ്രമണം അഴിച്ചു വിട്ട സ്ഥിതിയിലാണ്. മുഖ്യമന്ത്രിയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെയും രാജ്യസഭാംഗം ബീരേന്ദ്ര പ്രസാദിന്റെയും വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നു സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി.