Web Desk

December 21, 2019, 7:30 am

പൗരത്വ നിയമ ഭേദഗതി: ഭാരത് ബച്ചാവോ പ്രതിഷേധ സംഗമത്തിനിടെ സംഘർഷം

Janayugom Online

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധ സംഗമം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്കുനേരെ പൊലിസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. ഡി. സി. സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, കെ. പി. സി. സി സെക്രട്ടറി കെ. പ്രവീൺകുമാർ, യുത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ എന്നിവരടക്കം 59 പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ലാത്തിയടിയിലും ജലപീരങ്കി പ്രയോഗത്തിലും കെ. എസ്. യു മുൻ ജില്ലാ പ്രസിഡന്റ് വി. പി ദുൽഖിഫിൽ, ജില്ലാ സെക്രട്ടറി എ. കെ ജാനിബ്, ഷഹബാസ്, അർജുൻ ബോസ് എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.

പൊലിസ് വലയം ഭേദിച്ച് ഹെഡ്പോസ്റ്റ് ഓഫിസ് കോംപൗണ്ടിൽ കടന്ന പ്രവർത്തകർ നരേന്ദ്രമോദിയുടെ തപാൽ ഓഫിസ് പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലാണ് ഡി. ഡി. സിയുടെ ആഭിമുഖ്യത്തിൽ ഭാരത് ബച്ചാവോ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. രാവിലെ ഒൻപതരയോടെ ആരംഭിച്ച സമരത്തിൽ പങ്കെടുക്കാൻ സ്ത്രീകളും വിദ്യാർഥികളുമടക്കം നുറുകണക്കിനു പ്രവർത്തകർ എത്തിയിരുന്നു. കനത്ത പൊലിസ് സന്നാഹം സമരം നേരിടാൻ ഒരുക്കിയിരുന്നു. ഹെഡ് പോസ്റ്റ് ഓഫിസിന്റെ രണ്ടു ഗേറ്റുകളിലും പോലിസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ശശി തരുർ എം. പി ഉദ്ഘാടനം നിർവഹിച്ച് മടങ്ങിയ ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഘർഷമുണ്ടായത്. അരമണിക്കൂറോളം ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം സംഘർഷഭരിതമായി. ഉദ്ഘാടനം കഴിഞ്ഞതോടെ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലെ രണ്ട് ഗെയിറ്റിലെയും പൊലിസ് വലയം ഭേദിച്ച് കോമ്പൗണ്ടിൽ കടക്കുകയായിരുന്നു. ആദ്യമെത്തിയ കെ. എസ്. യുക്കാർക്ക് പിന്നാലെ കൂടുതൽ പ്രവർത്തകർ കോമ്പൗണ്ടിൽ കടന്ന് കേന്ദ്ര സർക്കാറിനെതിരേ മുദ്രാവാക്യം മുഴക്കി. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി അവർ നരേന്ദ്രമാദിക്കെതിരോയ പ്രതിഷേധം പ്രകടിപ്പിച്ചു.

ഡി. സി. സി പ്രസിഡന്റ് അഡ്വ: ടി. സിദ്ദിഖ്, കെ. പി. സി. സി സെക്രട്ടറി അഡ്വ: കെ. പ്രവീൺകമാർ എന്നിവരും ഇവിടേക്കെത്തി. ഓഫീസ് വരാന്തയിൽ നിലയുറപ്പിച്ച പ്രവർത്തകർ പൊലിസ് പിരഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും പിൻമാറിയില്ല. ഇതിനിടെ ഓഫിസിന്റെ വാതിലിലെ പൂട്ട് പൊട്ടിക്കാനും ശ്രമമുണ്ടായി. പിന്നീട് നരേന്ദമോദിയുടെ പോസ്റ്റ് ഓഫീസ് കോഴിക്കോട്ടെ പൊതുജനങ്ങൾ പിടിച്ചെടുത്തതായി ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. നേതാക്കളുടെ അഭ്യർഥനയെ തുടർന്ന് പ്രവർത്തകർ പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിൽ നിന്ന് മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് നീങ്ങി. ഇതിനുശേഷം ദേശീയപാതയിൽ കുത്തിയിരുന്നു. ഇതിനിടയിൽ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നേരിടാൻ ഒരുക്കി നിർത്തിയിരുന്ന ജലപീരങ്കി വാഹനമായ വരുണിന്റെ മൂൻഭാഗത്ത് കോൺഗ്രസിന്റെ കൊടികുത്തി. ചില പ്രവർത്തകർ ജലപീരങ്കി വാഹനത്തിന്റെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. കൂടുതൽ പ്രവർത്തകരെത്തി ഈ വാഹനത്തിന്റെ മുന്നിൽ കയറി നിലയുറപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായപ്പോൾ പൊലിസ് ഇടപെട്ടു. പൊലിസുമായി ഉന്തും തള്ളും വാക്കേറ്റവും നടന്നു. വാഹനത്തിന്റെ മുകളിൽ കയറിയ പ്രവർത്തകരെ പോലീസ് നേരിട്ടു. ലാത്തിച്ചാർജ് തുടങ്ങിയതോടെ പ്രവർത്തകർ ചിതറിയോടി. വീണ്ടും വരുണിനു സമീപം കേന്ദ്രീകരിച്ച് വാഹനത്തിൽ കയറാൻ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞോടിയവർ പ്രവർത്തകർ വീണ്ടുമെത്തി. വീണ്ടും ജലപീരങ്കി പ്രയോഗം നടത്തിയെങ്കിലും പ്രവർത്തകർ മാറിയില്ല. പിന്നീട് പൊലിസ് പ്രവർത്തകരെ അടിച്ചോടിച്ചു. അടിയേറ്റും വെള്ളത്തിൽ കുളിച്ചും പ്രവർത്തകർ റോഡിൽ വീണു. പൊലിസ് അറസ്റ്റിനു തീരുമാനിച്ചതോടെ പ്രവർത്തകർ റോഡിൽ കടിന്നു. ഇവരെ വലിച്ചിഴച്ചാണ് പൊലിസ് വാനിലേക്ക് കയറ്റിയത്. അരമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം അവസാനിച്ചത്. നോർത്ത് അസി. കമ്മിഷണർ എ. ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.