Web Desk

തിരുവനന്തപുരം

January 20, 2020, 10:44 pm

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കൽ: മന്ത്രിസഭ അംഗീകാരം നൽകി

Janayugom Online

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം വർധിപ്പിക്കുന്നതിനുള്ള കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെയും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്റെയും കരടിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. നേരത്തേ ഈ ഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കാൻ സർക്കാർ, ഗവർണ്ണറോട് ശുപാർശ ചെയ്തെങ്കിലും ഒപ്പുവയ്ക്കാത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മന്ത്രിസഭ ഇപ്പോൾ അംഗീകരിച്ച വാർഡ് വിഭജന കരട് ബില്ല് 30 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കും.

ജനസംഖ്യാ വർധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഓർഡിനൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്ക്കേണ്ടത് ആവശ്യമായതിനാലാണ് ഭേദഗതി നിയമമാക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്കെല്ലാം ബാധകമാകുന്നതാണ് ഭേദഗതി ബില്ല്. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13ൽ കുറയാനോ 23ൽ കൂടാനോ പാടില്ല. അത് 14 മുതൽ 24 വരെ ആക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയിൽ വർധിക്കും. ജില്ലാപഞ്ചായത്തിൽ നിലവിൽ അംഗങ്ങളുടെ എണ്ണം 16 ൽ കുറയാനോ 32ൽ കൂടാനോ പാടില്ല. അത് 17 മുതൽ 33 വരെ ആക്കാനാണ് നിർദ്ദേശം. മുൻസിപ്പൽ കൗൺസിലിലും ടൗൺപഞ്ചായത്തിലും ഇരുപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയ്ക്ക് നിലവിൽ 25 അംഗങ്ങളാണ് ഉള്ളത്. ഇരുപതിനായിരത്തിൽ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52 അംഗങ്ങൾ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഓരോന്ന് വീതവുമാണ് വർധിക്കുക. നിലവിൽ 25 അംഗങ്ങളുള്ള മുൻസിപ്പൽ കൗൺസിലിൽ നിർദ്ദിഷ്ട ഭേദഗതി പ്രകാരം 26 പേർ ഉണ്ടാവും. പരമാവധി 52 എന്നത് 53 ആകും. നാല് ലക്ഷത്തിൽ കവിയാത്ത കോർപ്പറേഷനിൽ ഇപ്പോൾ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോർപ്പറേഷനിൽ ഇപ്പോൾ പരമാവധി 100 കൗൺസിലർമാരാണുള്ളത്. അത് 101 ആകും.

Eng­lish Sum­ma­ry: Cab­i­net approved to increas­ing the num­ber of mem­bers in local bodies.