4 November 2024, Monday
KSFE Galaxy Chits Banner 2

Related news

May 24, 2024
February 21, 2024
January 25, 2024
November 18, 2023
July 29, 2023
July 2, 2023
March 22, 2023
May 19, 2022
February 26, 2022
December 22, 2021

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി‘ന് മന്ത്രിസഭയുടെ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
December 22, 2021 3:32 pm

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി‘ന് മന്ത്രിസഭ അംഗീകാരം നല്‍കി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും. പദ്ധതിയില്‍ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒഴികെ) പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്.

നിലവിലുള്ള രോഗങ്ങള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സകള്‍ക്ക് പണരഹിത ചികിത്സ നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക — അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്. വിരമിച്ച എം.എല്‍.എ.മാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം 500 രൂപയായിരിക്കും.

എംപാനല്‍ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാല്‍, ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.

ഒ.പി. വിഭാഗ ചികിത്സകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ കേരള ഗവണ്‍മെന്റ് സെര്‍വന്റ് മെഡിക്കല്‍ അറ്റന്‍ഡന്റ് ചട്ടങ്ങള്‍ക്കു വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും, തിരുവനന്തപുരം ആര്‍.സി.സി., ശ്രീചിത്ര, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി. ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കല്‍ റി-ഇമ്പേഴ്‌സ്‌മെന്റ് സമ്പ്രദായം തുടരും.

ഓരോ കുടുംബത്തിനും മൂന്ന് വര്‍ഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ നല്‍കുക. ഓരോ വര്‍ഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ അതതു വര്‍ഷം നഷ്ടമാകും. ഫ്‌ളോട്ടര്‍ തുകയായ 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ പോളിസിയുടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന് ഏല്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ത്രിതല സംവിധാനത്തിന് രൂപം നല്‍കും. പദ്ധതി നടത്തിപ്പ് ധനകാര്യ വകുപ്പിനു കീഴില്‍ സംസ്ഥാന നോഡല്‍ സെല്ലില്‍ നിക്ഷിപ്തമായിരിക്കും.

Eng­lish Summary:Cabinet approves MEDISEP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.