കേരളത്തിന്റെ പൊതുവായ വികസന ലക്ഷ്യം വച്ചുള്ള കേരള പുനർനിർമ്മാണ പദ്ധതിയിൽ (റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ആർകെഐ) 1,805 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇതിൽ 807 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് റോഡുകളുടെ പുനർനിർമ്മാണത്തിനായി 300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ഇതിൽ എട്ടുജില്ലകളിൽ 603 കിലോ മീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമ്മാണത്തിന് 488 കോടി രൂപയും, ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴയ്ക്ക് മീതെ പാലം നിർമ്മാണത്തിന് 30 (250 ദശലക്ഷം ഡോളർ) കോടിയും ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ടെക്നോളജിയും പ്രയോജനപ്പെടുത്താൻ 20. 8 കോടി രൂപയുമുണ്ട്. വനങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനും കണ്ടൽകാടുകളുടെ സംരക്ഷണത്തിനും വനാതിർത്തിക്കകത്ത് വരുന്ന സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനും 130 കോടി രൂപയാണ് നീക്കിവച്ചത്.
കുടുംബശ്രീ മുഖേന ജീവനോപാധി പദ്ധതികൾ നടപ്പാക്കുന്നതിന് 250 കോടി രൂപയും, കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും പമ്പ്സെറ്റുകൾ മാറ്റിവയ്ക്കുന്നതിനും 350 കോടിയും അനുവദിച്ചു. ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നൽകി സംയോജിത കൃഷിയിലൂടെ ജീവനോപാധി മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള കൃഷിവികസന പദ്ധതികൾക്കായി 182.76 കോടി രൂപയുമുണ്ട്. ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ പദ്ധതിക്കായി 4.24 കോടി, 70 വില്ലേജ് ഓഫീസുകളുടെ പുനർനിർമ്മാണത്തിനും 40 ഓഫീസുകളുടെ അറ്റകുറ്റപ്പണിക്കും 35 കോടി, ഫിഷറീസ് മേഖലയിലെ വിവിധ പദ്ധതികൾക്ക് 5.8 കോടിയും, ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾക്ക് അഞ്ച് കോടിയുമുണ്ട്. എറണാകുളത്തും കണ്ണൂരിലും മൊബൈൽ ടെലിവെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നതിന് 2.21 കോടി രൂപയും അനുവദിക്കും.