വ്യക്തി വിവരങ്ങൾ ചോർത്തിയാൽ കടുത്ത ശിക്ഷ: ബില്ലിന് അംഗീകാരം

Web Desk
Posted on December 05, 2019, 10:02 am

ന്യൂഡൽഹി: വ്യക്തിവിവരങ്ങൾ കമ്പനികളും മറ്റും ദുരുപയോഗിച്ചാൽ തടവു ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഡേറ്റ സംരക്ഷണ ബിൽ സംബന്ധിച്ച് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതിലെ പല നിർദേശങ്ങൾക്കെതിരെയും എതിർപ്പുയർന്നു. അതും പരിഗണിച്ച ശേഷമാണു പുതിയ ബിൽ തയാറാക്കിയത്. വ്യക്തികളുടെ വിവരങ്ങൾ കമ്പനികൾ ദുരുപയോഗം ചെയ്താൽ ഗുരുതരമെങ്കിൽ 15 കോടി രൂപ അല്ലെങ്കിൽ ആഗോള വാർഷിക വിറ്റുവരവിന്റെ 4% ആവും പിഴ.

you may also like this video

ലഘുവായ കുറ്റങ്ങൾക്ക് 5 കോടി അല്ലെങ്കിൽ വിറ്റുവരവിന്റെ 2%. പിഴ. വ്യവസ്ഥകൾക്കു വിരുദ്ധമായി വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ കമ്പനിയിൽ ‍ഡേറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് 3 വർഷം വരെ തടവ്. രാജ്യസുരക്ഷ, മെഡിക്കൽ എമർജൻസി, നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തൽ, അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയവയ്ക്ക് വ്യക്തിയുടെ സമ്മതമില്ലാതെ തന്നെ ഡേറ്റ ഉപയോഗിക്കാനാവും.

ഇന്റർനെറ്റ് കമ്പനികൾ സുപ്രധാന (ക്രിട്ടിക്കൽ) ഡേറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണം. ക്രിട്ടിക്കൽ ഡേറ്റ സർക്കാർ നിർവചിക്കും. ആരോഗ്യം, മതപരവും രാഷ്ട്രീയവുമായ താൽപര്യം, സാമ്പത്തിക കാര്യങ്ങൾ, ലൈംഗിക താൽപര്യങ്ങൾ, ബയോമെട്രിക് വിവരങ്ങൾ തുടങ്ങിയവ വിദേശത്തേക്കു കടത്തുന്നതിനും അവിടെ ഉപയോഗിക്കുന്നതിനും വ്യക്തിയുടെ സമ്മതം വാങ്ങണം. തിരിച്ചറയിപ്പെടണമോ വേണ്ടയോ എന്നു വ്യക്തികൾക്കു തീരുമാനിക്കാം.