Web Desk

തിരുവനന്തപുരം

January 20, 2020, 10:14 pm

ദേശവിരുദ്ധമായ ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ നടത്തില്ല, സെൻസസ് പ്രക്രിയയുമായി പൂർണസഹകരണത്തിന് മന്ത്രി സഭായോഗ തീരുമാനം

Janayugom Online

ദേശവിരുദ്ധമായ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്ന നടപടികൾ കേരളത്തിൽ നടത്തില്ല. എന്നാൽ സെൻസസ് പ്രക്രിയയുമായി പൂർണമായി സഹകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം കേരളം കേന്ദ്രത്തെ അറിയിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളുമായി മുന്നോട്ടുപോയാൽ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പൊലീസ് ഇന്റലിജന്‍സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെൻസസ്) എൻപിആർ പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് തന്നെ കൃത്യമായി നടപ്പിലാക്കാൻ കഴിയാതെവരുമെന്ന് ജില്ലാ കളക്ടർമാരും സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യവും മന്ത്രിസഭ യോഗം ചർച്ചചെയ്തു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മിഷണറെ അറിയിക്കും.
പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാൽ സെൻസസ് പ്രക്രിയയുമായി സർക്കാർ പൂർണമായും സഹകരിക്കാനും യോഗം തീരുമാനിച്ചു.

you may also like this video;

എൻപിആർ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എൻആർസി) നയിക്കുന്ന പ്രക്രിയ ആയതിനാൽ പൊതുജനങ്ങൾക്കിടയിൽ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കിൽ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളുമായി മുന്നോട്ടുപോയാൽ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പൊലീസ് വിഭാഗം റിപ്പോർട്ടു ചെയ്തതും യോഗം വിശദമായി പരിശോധിച്ചു. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന നടപടി നേരത്തെ തന്നെ സർക്കാർ നിർത്തിവച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ഭരണഘടനാസാധുത ആരാഞ്ഞു കൊണ്ട് ഭരണഘടനയുടെ 131ാം അനുഛേദ പ്രകാരമാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക മത സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബർ 29ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത് അഭിപ്രായം ആരാഞ്ഞിരുന്നു. ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവച്ചു. തുടർന്നാണ് നിയമസഭ ചേർന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ തുടർച്ചയായാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

you may also like this video;