സര്‍ക്കാരിനായി വളയം പിടിക്കാന്‍ ഇനി വനിതകളും

Web Desk
Posted on August 21, 2019, 7:33 pm

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി  നിയമിക്കുന്നത്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018–19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.
ഓണത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന ടൂറിസം വാരാഘോഷം നടക്കുന്ന പ്രദേശങ്ങള്‍ ഉത്സവ മേഖലയായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. മഴക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ വന്‍ ആര്‍ഭാടമില്ലാതെയാകും ടൂറിസം വാരാഘോഷം നടക്കുക. സെപ്തംബര്‍ 10 മുതല്‍ 16 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശമാകും ഉത്സവമേഖലയായി പ്രഖ്യാപിക്കുക. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും തീരുമാനിച്ചു.