ഉദ്യോഗസ്ഥര്‍ക്ക് ക്യാബിനറ്റ് പദവി അധികാര കേന്ദ്രീകരണത്തിന് വഴിയൊരുങ്ങുന്നു

Web Desk
Posted on June 15, 2019, 9:25 pm

ന്യൂഡല്‍ഹി : അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുന്നതിനായുള്ള തന്ത്രങ്ങള്‍ നടപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ ആദ്യപടിയായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര എന്നിവര്‍ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കിയത്.
വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ് ജയശങ്കറിനെ വിദേശകാര്യ മന്ത്രിയാക്കിയതിലൂടെ ഉണ്ടായ ശ്രേണീ ഘടന സന്തുലനം ചെയ്യാനുമാണ് മോഡി മൂവര്‍ക്കും ക്യാബിനറ്റ് റാങ്ക് നല്‍കിയത്. അജിത് ഡോവല്‍, നൃപേന്ദ്ര മിശ്ര, പി കെ മിശ്ര എന്നിവര്‍ യഥാക്രമം 1968,1967, 1972 ബാച്ചുകളിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ 1974 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഇവര്‍ തമ്മിലുള്ള അധികാര ശ്രേണി ഒന്നാക്കുന്നതിനാണ് മൂന്ന് പേര്‍ക്കും ക്യാബിനറ്റ് റാങ്ക് നല്‍കിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മറ്റ് മന്ത്രിമാരെ നോക്കുകുത്തിയാക്കി അധികാരം മോഡി- അമിത് ഷാ ദ്വയത്തിന്റെ കൈകളില്‍ ഭദ്രമാക്കാനുള്ള തന്ത്രമാണ് ഇതിന്റെ പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ ബിജെപി സര്‍ക്കാരിലും അധികാരം പൂര്‍ണമായും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അധീനതയിലായിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ അതേ നിലപാട് കൂടുതല്‍ ശക്തമായി നടപ്പാക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പ്രതികരിച്ചത്. വലിയ പരിധിവരെ തെരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് മന്ത്രിമാരുടെ അധികാരത്തില്‍ വെളളം ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ നടപടിയെന്ന് മറ്റൊരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിതി ആയോഗിന്റെ ഉപാധ്യക്ഷന്‍ രാജീവ് കുമാറിന് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് യുഐഡി അധ്യക്ഷന്‍ നന്ദന്‍ നിലക്കേനിക്ക് ക്യാബിനറ്റ് പദവി നല്‍കി. കൂടാതെ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയ്ക്ക് രണ്ട് തവണയും യുപിഎ സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കിയത് കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് ഭരണ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഗുജറാത്ത് മോഡല്‍ തുടരാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ ക്യാബിനറ്റ് പദവിക്ക് പിന്നിലെന്ന് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ പ്രതികരിച്ചു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച കെ കൈലാസനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കുന്നതിലൂടെ മറ്റ് മന്ത്രാലയങ്ങളെ നോക്കുകുത്തിയാക്കാനുള്ള മോഡിയുടെ തന്ത്രങ്ങളും യഥേഷ്ടം നടപ്പാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ജനാധിപത്യ സംവിധാനത്തില്‍ നിന്നും ഏകാധിപത്യ പ്രവണതയിലേയ്ക്കുള്ള നീക്കങ്ങളുടെ ആദ്യസൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.