ബേബി ആലുവ

കൊച്ചി

February 10, 2020, 9:08 pm

കേബിൾ നിരക്ക് കുറയില്ല; ട്രായ് നിർദ്ദേശം ചാനലുകൾ തള്ളി

Janayugom Online

ചാനൽ നിരക്ക് കുറയ്ക്കാൻ ടെലികോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവന്ന നിയമ ഭേദഗതി കയ്യോടെ തള്ളി ചാനൽ കമ്പനികൾ. ഇതോടെ, ഇതുവരെ നൽകിയിരുന്നതിനെക്കാൾ കൂടിയ തുക ചില പ്രത്യേക ചാനലുകൾക്ക് മാർച്ച് ഒന്നു മുതൽ നൽകേണ്ടി വരുമെന്ന് ഉറപ്പായി. ചാനൽക്കൂട്ട ( ബൊക്കെ)ങ്ങളിൽ വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നും പ്രത്യേകമായെടുത്ത് മൊത്തത്തിൽ കൂട്ടിയാൽ ചാനൽക്കൂട്ട നിരക്കിന്റെ ഒന്നര മടങ്ങിൽ കൂടാൻ പാടില്ലെന്നും ഇതിൽപ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയിൽ അധികമാകാൻ പാടില്ലെന്നും ട്രായ് കഴിഞ്ഞ ദിവസം കൊണ്ടുവന്ന നിയമ ഭേദഗതിയിൽ നിഷ്കർഷിച്ചിരുന്നു. ഈ നിബന്ധനകളെ മറികടക്കാനാണ്, പ്രധാന ചാനൽ കമ്പനികളായ സോണിയും സ്റ്റാറും സീ ഗ്രൂപ്പുമെല്ലാം പുതിയ തന്ത്രം മെനയുന്നത്.
ചില അപ്രധാന ചാനലുകളുടെ നിരക്ക് കുറയ്ക്കുകയും ചില പ്രധാന ചാനലുകളുടെയും ചാനൽക്കൂട്ടങ്ങളുടെയും നിരക്ക് കൂട്ടുകയും ചെയ്തുകൊണ്ടാണ് ഇവർ റഗുലേറ്ററി അതോറിട്ടിയെ വെട്ടിലാക്കിയത്. മാർച്ച് ഒന്നു മുതൽ സ്പോർട്സ് ചാനലുകളും മറ്റ് ജനപ്രിയ ചാനലുകളും കാണണമെങ്കിൽ ഇതുവരെ നൽകിയിരുന്നതിനെക്കാൾ കൂടിയ നിരക്ക് നൽകേണ്ടതായി വരും. ഫലത്തിൽ ട്രായ് നിയമ ഭേദഗതി ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി മാറുന്ന സ്ഥിതി. എന്നാൽ, ട്രായ് നിബന്ധനകളെ ഗൂഢതന്ത്രത്തിലൂടെ മറികടന്ന ചാനൽക്കമ്പനികൾക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുമില്ല.

ചാനൽക്കൂട്ടങ്ങളിൽ നൽകുന്ന സ്പോർട്സ് ചാനലുകളും മറ്റും അവ തനിച്ചു നൽകുന്ന അവസരങ്ങളിൽ വലിയ നിരക്ക് ഈടാക്കുന്ന സമ്പ്രദായമാണ് കമ്പനികൾ പിന്തുടർന്നു പോന്നിരുന്നത്. ഇതു തടയുക എന്ന ലക്ഷ്യമാണ് റഗുലേറ്ററി അതോറിട്ടിക്ക് ഉണ്ടായിരുന്നത് എന്നാണ് അവകാശപ്പെടുന്നതെങ്കിലും ചാനൽക്കമ്പനികളുടെ കൂട്ടായ നീക്കത്തിനു മുമ്പിൽ ട്രായ്ക്ക് അടിപതറി. പരമാവധി നിരക്ക് 12 രൂപയോ അതിൽ കുറവോ ഉള്ള ചാനലുകൾ മാത്രമേ ചാനൽക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ പാടുള്ളു എന്ന് ട്രായ് നിഷ്കർഷിച്ചപ്പോൾ, ബൊക്കെകളിൽ നിന്ന് പ്രധാന ചാനലുകളെ മാറ്റിയാണ് കമ്പനികൾ ട്രായ് നിർദ്ദേശത്തെ നേരിട്ടത്. പിന്നാലെ, പുതിയ നിയമപ്രകാരമുള്ള തങ്ങളുടെ ചാനൽ നിരക്ക് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രമുഖ ചാനൽ ക്കമ്പനിയായ സോണി എഎക്സ്എൻ, ബിബിസി എർത്ത് എന്നീ ചാനലുകളുടെ മാത്രം നിരക്ക് കുറച്ചു കൊണ്ട് സ്പോർട്സ് ചാനലുകളും എച്ച് ഡി ചാനലുകളുമടക്കം പ്രധാന ചാനലുകളുടെ നിരക്ക് 19 രൂപയായി നിലനിർത്തി. പുറമെ, പല ചാനൽക്കൂട്ടങ്ങളുടെയും നിരക്കും വർദ്ധിപ്പിച്ചു. സീ ഗ്രൂപ്പും പ്രധാന ചാനലുകളുടെയൊക്കെ നിരക്ക് 19 രൂപയിൽ നിലനിർത്തി. ഗ്രൂപ്പിന്റെ ഹിന്ദി ഫാമിലി പായ്ക്കിന്റെ നിരക്ക് നിലവിലുണ്ടായിരുന്ന 39 രൂപയിൽ നിന്നു 43 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു. ടിവി 18 ഉം സ്റ്റാർ ഗ്രൂപ്പും തങ്ങളുടെ പ്രധാന ബൊക്കെകളുടെയും പ്രധാന ചാനലുകളുടെയും നിരക്കുയർത്തി.
ചാനൽ കൂട്ടത്തിൽ നിന്ന് പ്രധാന ചാനലുകൾ പുറത്തു പോകുന്നതോടെ ഉപഭോക്താക്കൾ ഇനി ഇവ ഓരോന്നും പ്രത്യേകം വാങ്ങേണ്ടതായി വരും എന്നതാണ് അവസ്ഥ. നാലു പ്രധാന സ്പോർട്സ് ചാനലുകൾക്കു മാത്രം 100 രൂപയോളമാകുമെന്ന് അവയുടെ സ്ഥിരം പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഡിടിഎച്ച്, കേബിൾ കമ്പനികളുടെ പ്ലാറ്റ്ഫോമിലെ മുഴുവൻ സൗജന്യ ചാനലും കാണാൻ 160 രൂപയും നികുതിയുമടക്കം 189രൂപ നൽകിയാൽ മതിയെന്ന, ട്രായ് കൊണ്ടുവന്ന മറ്റൊരു നിയമ ഭേദഗതിയും ഉപഭോക്താക്കൾക്ക് ഒരു പ്രയോജനവും ചെയ്യാത്തതായി. പല ഡിടിഎച്ച്, കേബിൾ കമ്പനികളും ഈ ചാനലുകൾ നിലവിൽ ഇതിലും നിരക്ക് കുറച്ചാണ് നൽകുന്നത്.

Eng­lish sum­ma­ry: Cable rate decreas­es chan­nels decline trai suggestion

YOU MAY ALSO LIKE THIS VIDEO