Saturday
19 Oct 2019

കേന്ദ്ര സര്‍വകലാശാല നിയമവിരുദ്ധ നിയമനങ്ങളുടെയും സ്വജപക്ഷപാതത്തിന്റെ കേന്ദ്രമായെന്ന് സി എ ജി

By: Web Desk | Tuesday 29 January 2019 7:06 PM IST


പ്രൊവൈസ്ചാന്‍സിലര്‍ ഉള്‍പ്പെടെ ആറ് അധ്യാപക നിയമങ്ങള്‍ ചട്ടംലംഘിച്ച്

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാല നിയമവിരുദ്ധ നിയമനങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായെന്ന് തുറന്നു കാട്ടി കംപട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. കേന്ദ്ര സര്‍വകലാശാലയിലെ പ്രൊവൈസ് ചാന്‍സലര്‍ ഡോ. കെ ജയപ്രസാദ് ഉള്‍പ്പെടെ ആറ് അധ്യാപകരുടെ നിയമനം ചട്ടംലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്. പിവിസിക്ക് പുറമെ ജിനോമിക് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍മാരായ അളക് മാണിക്യ വേലു, പത്മേഷ് പിള്ള, ബയോ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അശ്വതിനായര്‍, എക്കണോമിക്‌സ് അസോസിയേറ്റ്പ്രൊഫസര്‍ കെ സി ബൈജു,ജിനോമിക് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്മിതസുധീര്‍ എന്നിവരാണ് നിശ്ചിത യോഗ്യതയില്ലാതെ അധ്യപകരായതെന്ന് സിഎജി കണ്ടെത്തി. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 14വരെ നടന്ന സിഎജി ഓഡിറ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
കേന്ദ്ര സര്‍വ്വകലാശാലയുടെ കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് ആര്‍ എസ് എസുകാരനായ ഡോ. കെ ജയപ്രസാദിനെ കേന്ദ്ര സര്‍വ്വകലാശാലയില്‍നിയമിച്ചത്. അസോസിയേറ്റ് പ്രൊഫസാറാകാന്‍ യോഗ്യതയില്ലാത്ത ജയപ്രസാദ്, പ്രൊഫസര്‍, ഡീന്‍, എക്‌സക്യൂട്ടീവ് കണ്‍സില്‍ അംഗം, പ്രൊവൈസ് ചാന്‍സിലര്‍ എന്നീ പദവികളിലെത്തി. ഇദ്ദേഹത്തെ ഓരോ തസ്തികയിലേക്കും നിയമിക്കാനായി സര്‍വ്വകലാശാലയുടെ നിയമങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. നേരത്തെ നിര്‍ദിഷ്ടയോഗ്യതയില്ലാതെ ഡീന്‍ ആയ ഇദ്ദേഹത്തിനെതിരെ ഹൈക്കോടതിയില്‍ പരാതി നിലനില്‍ക്കുമ്പോഴാണ് ചട്ടവിരുദ്ധമായി പ്രൊ. വൈസ് ചാന്‍സിലറായി നിയമിച്ചത്. എക്‌സിക്യുട്ടീവ് കൗണ്‍സിലിലുള്ള സ്വാധീനം ഉപയോഗിച്ച് സര്‍വകലാശാല നിയമം പോലും ഭേദഗതി ചെയ്തായിരുന്നു ഈ നിയമനം. ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ ആരംഭിക്കാത്ത സ്‌കൂള്‍ ഓഫ് കള്‍ചറല്‍ സ്റ്റഡീസിന്റെ ഡീന്‍ ആയാണ് ഇദ്ദേഹം എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായത്. ഈ കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും ആര്‍എസ്എസിന്റെ ബൗദ്ധികവിഭാഗമായ ഭാരതീയ വിചാരകേന്ദ്രം പ്രതിനിധികളുമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായിരുന്നു ജയപ്രസാദ്. കൊല്ലം എസ്എന്‍ കോളജില്‍ ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ് 2014ല്‍ ഇദ്ദേഹം കേന്ദ്രസര്‍വകലാശാലയില്‍ ജോലിക്കെത്തുന്നത്. അസോസിയേറ്റ് പ്രഫസറായി ചുമതലയേറ്റെടുത്ത ഇദ്ദേഹം 2015 നവംബര്‍ ഒമ്പതിന് കാലാവധി പൂര്‍ത്തിയാക്കുകയും പിന്നീട് എസ്എന്‍ കോളജില്‍ നിന്നും രാജിവെച്ച് 2015 നവംബര്‍ 11ന് ഇവിടെ വീണ്ടും ജോലിക്ക് ചേരുകയുമായിരുന്നു. . എന്നാല്‍ നവംബര്‍ പത്തിന് ഒരു സര്‍വകലാശാലയിലും ജോലിയില്ലാതിരുന്ന ഇദ്ദേഹത്തിന്റെ നിയമനത്തെ സര്‍വകലാശാല സിഎജി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. ഇത് സര്‍വ്വീസ് ബ്രേക്കായി കാണിക്കുന്നുണ്ട്. ജോലിക്കു ചേര്‍ന്ന ഉടനെ ഫിനാന്‍സ് ഓഫീസറുടെ ചുമതല കൂടി നല്‍കി വൈസ്ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍ സര്‍വകലാശാലയുടെ ഭരണസാരഥ്യം ഏല്‍പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിയമനത്തില്‍ സാങ്കേതികതടസമുള്ളതിനാല്‍ പഴയ സേവനകാലം പ്രമോഷന് പരിഗണിച്ചുകൂടെന്ന ചട്ടം മറികടന്ന് 2017 നവംബര്‍ 11ന് ഇദ്ദേഹത്ത പ്രൊഫസറായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. അതും അസോസിയേറ്റ് പ്രഫസറായി നിയമതിനായ കാലം മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കിയാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. അസോ. പ്രൊഫസറായി മൂന്നുവര്‍ഷത്തിനുശേഷമേ പ്രഫസര്‍ ആകാന്‍ കഴിയുള്ളുവെന്ന യുജിസി ചട്ടം മറികടന്നാണ് ഈ നിയമനം. കേന്ദ്രസര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറാകണമെങ്കില്‍ അഞ്ചു ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും അദ്ദേഹത്തിന്റെ കീഴില്‍ കുറഞ്ഞത് മൂന്ന് പിഎച്ച്ഡി വിദ്യാര്‍ഥികളെങ്കിലും ഗവേഷണം നടത്തണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ ജയപ്രസാദിന്റെ പേരില്‍ ‘ഹിന്ദു ദേശീയത: ആര്‍എസ്എസിനെക്കുറിച്ചൊരു പഠനം’ എന്നൊരു പ്രബന്ധം മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അസോസിയേറ്റ് പ്രഫസറായി നിയമിതനാകുമ്പോള്‍ ഒരു വിദ്യാര്‍ഥി പോലും അദ്ദേഹത്തിന്റെ കീഴില്‍ പിഎച്ച്ഡി ചെയ്തിരുന്നില്ല. എക്‌സിക്യുട്ടീവ് കൗണ്‍സിലിലുള്ള സ്വാധീനം ഉപയോഗിച്ച് സര്‍വകലാശാല നിയമം പോലും ഭേദഗതി ചെയ്യുകയായിരുന്നു.
കെ സി ബൈജു ഇപ്പോള്‍ പ്രൊഫസറാണ്.അളക് മാണിക്യ വേലു യുജിസി മാനദണ്ഡ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ പോലും അര്‍ഹനല്ല. ഈ അധ്യപകന് കീഴില്‍ ഗവേഷണം നടത്തി ഓരള്‍ പോലും പിഎച്ച്ഡി നേടിയിട്ടില്ല. എട്ട് വര്‍ഷത്തെ അധ്യാപന പരിചവുമില്ല. അഞ്ചുവര്‍ഷത്തെ ഗവേഷണ കാലയളവാണ് അധ്യാപന പരിചയമായി കാണിച്ചിട്ടുള്ളത്. 2012ല്‍ പിഎച്ചഡി നേടിയ പത്മേഷ്പിള്ള തൊട്ടടുത്ത വര്‍ഷമാണ് അസോസിയേറ്റ് പ്രൊഫസറാകാന്‍ അപേക്ഷിക്കുന്നത്. പത്മേഷ്പിള്ളക്കും അധ്യാപന പരിചയമോ, പിഎച്ച്ഡിക്കാരേ സൃഷ്ടിക്കാനോ, ഗുണനിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാനോ കഴിഞ്ഞിട്ടില്ല. എംഎസ്‌സി ബോട്ടണിയിലാണ് പിജിയുള്ളത്. അശ്വതി നായര്‍ക്ക് ഏഴുവര്‍ഷവും എട്ടുമാസവുമായിര്രുന്നു പ്രവൃത്തി ചരിചയം. എട്ടു വര്‍ഷം തികയ്ക്കാനായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. എന്നിട്ടും എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം കാണിക്കുന്ന അപേക്ഷ സമര്‍പ്പിക്കാനായില്ല. പിഎച്ച്ഡിക്കാരെയും സൃഷ്ടിച്ചിട്ടില്ല. കെ സി ബൈജുവിനും ആവശ്യമായ യോഗ്യതയുണ്ടായിരുന്നില്ല. സ്മിതാ സുധീറിന് 2009ലെ സര്‍വകലാശാല റഗുലേഷന്‍ പ്രകാരമുള്ള മിനിമം യോഗ്യതയായ പിഎച്ച്ഡിയോ, നെറ്റോ ഇല്ല. ബെര്‍ലിന്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ ഓഫ് നാച്ചറല്‍ സയന്‍സ് ഡിഗ്രിയുടെ ബലത്തിലാണ് നിയമനം നേടിയത്. അപേക്ഷയില്‍ പറയുന്ന മറ്റ് യോഗ്യതകളുമുണ്ടായിരുന്നില്ല.
കേന്ദ്ര സര്‍വകലാശാലയിലെ എക്‌സിക്യൂട്ടീവ്, അക്കാദമിക് കൗണ്‍സിലുകളും സ്‌ക്രീനിങ് കമ്മിറ്റിയും യുജിസി മാനദണ്ഡ പ്രകാരമല്ല രൂപീകരിച്ചതെന്നും ഓഡിറ്റില്‍ തെളിഞ്ഞു. അധ്യാപകരായവര്‍ നിയമനം നേടിയത് യഥാര്‍ഥ വഴിയിലൂടെയല്ലെന്നും വ്യക്തമായി. എയ്ഡഡ് കോളേജില്‍ നിന്ന് കേന്ദ്ര സര്‍വീസില്‍ വരുന്നവര്‍ക്ക് മൊബിലിറ്റി(മാറാനുള്ള അനുവാദം)യുണ്ടായിരുന്നില്ല. ജയപ്രസാദിന് മൊബിലിറ്റിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള കോളീജിയേറ്റ് എജുക്കേഷന്‍ ഡിപ്പാര്‍ട്ട് പെന്‍ഷന്‍ റദ്ദാക്കിയിരുന്നു.
ഡോ. ജി ഗോപകുമാര്‍ വൈസ് ചാന്‍സലറായ 2014 ആഗസ്ത് മുതല്‍ കേന്ദ്ര സര്‍വകലാശാല നിയമവിരുദ്ധ നിയമനങ്ങളുടെയും സ്വജപക്ഷപാതത്തിന്റെ കേന്ദ്രമായെന്നാണ് സിഎജി റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നത്. നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ കേസ് പരിഗണിക്കുന്നതിനിടയിലാണ് സിഎജി റിപ്പോര്‍ട്ട് പറുത്തുവന്നിട്ടുള്ളത്. ്.

Related News