സംസ്ഥാന സർക്കാരിന്റെ 2017–18 ലെ മൊത്ത റവന്യൂ വരവുകൾ മുൻ സാമ്പത്തിക വർഷത്തെ തുകയേക്കാൾ വർദ്ധിച്ചതായി കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 75,611.72 കോടി രൂപയിൽ നിന്ന് 2017–18ൽ 83,020.14 കോടി രൂപയായി മൊത്ത റവന്യൂ വരുമാനം ഉയർന്നതായി നിയമസഭയുടെ മേശപ്പുറത്ത് ധനമന്ത്രി ഡോ. തോമസ് ഐസക് വച്ച സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ 69 ശതമാനവും നികുതി വരുമാനം, നികുതിയേതര വരുമാനം എന്നിവ വഴിയാണ് സംസ്ഥാനം സമാഹരിച്ചത്. ചില മുഖ്യ റവന്യൂ ശീർഷകങ്ങൾക്കു കീഴിൽ 2018 മാർച്ച് 31ന് 14,904.91 കോടിയുടെ റവന്യൂ കുടിശിക ഉണ്ടായിരുന്നു. 11 വകുപ്പുകളിൽ നിന്നും അഞ്ച് വർഷത്തിൽ ഏറെക്കാലമായി പിരിഞ്ഞു കിട്ടാൻ ഉണ്ടായിരുന്ന 5,514.14 കോടി പിരിച്ചെടുക്കാനും കഴിഞ്ഞു. ഇതിൽ എക്സൈസ് വകുപ്പിന്റെ 1952 മുതൽ കിട്ടാനുള്ള കുടിശികയും ഉൾപ്പെടുന്നുണ്ട്. 2017–18ൽ ആർ ആൻഡ് ഡിഎം വകുപ്പ്, 13,015 കെട്ടിട നികുതി കുടിശിക കേസുകളിൽ 11,148 കേസുകളും, 1,449 തോട്ട നികുതി കുടിശിക കേസുകളിൽ 337 കേസുകളും തീർപ്പാക്കി. ചരക്ക് സേവന നികുതി നിർണ്ണയ കുടിശിക കേസുകളിൽ 16,294 കേസുകളും തീർപ്പാക്കിയിട്ടുണ്ട്. കെവിഎറ്റിഐഎസിൽ അപ്പീൽ ഷെഡ്യൂൾ ലഭ്യമല്ലാത്തതിനാൽ അപ്പീലുകളുടെ സ്വീകരിക്കലും തീർപ്പാക്കലും വകുപ്പിന് നിരീക്ഷിക്കാൻ കഴിയാതെവന്നത് തീർപ്പാക്കാത്ത അപ്പീൽ കേസുകളുടെ വലിയ കുടിശികയിലേക്ക് നയിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 2017–18 ലും മുൻ വർഷങ്ങളിലും രേഖകളുടെ പരിശോധന കണ്ടെത്തിയ 938.56 കോടിയുടെ റവന്യൂ പ്രഭാവമുള്ള 18 ഖണ്ഡികകളും ശേഷമുള്ള കാലയളവിലെ ഉദാഹരണങ്ങളും സിഎജി റിപ്പോർട്ടിലുണ്ട്. 916.71 കോടിയുടെ ഓഡിറ്റ് നിരീക്ഷണങ്ങൾ സർക്കാർ അംഗീകരിക്കുകയും അതിൽ 2.52 കോടി വസൂലാക്കുകയും ചെയ്തു. എക്സൈസ് തീരുവ ചുമത്തേണ്ട വാങ്ങിയ വിലയിൽ ഇറക്കുമതി ഫീസ് ഘടകം ഉൾപ്പെടുത്താത്തത് 2016–17, 2017–18 വർഷങ്ങളിൽ 4.72 കോടിയുടെ വരുമാന നഷ്ടത്തിലേക്ക് നയിച്ചു. രജിസ്ട്രേഷൻ വകുപ്പിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടായി. രജിസ്ട്രേഷൻ പ്രക്രിയ മാനുവൽ സിസ്റ്റത്തിലേക്കാൾ കൂടുതൽ സമയമെടുക്കുന്നതായും കമ്പ്യൂട്ടർവല്ക്കരണത്തിന് ശേഷവും ജീവനക്കാരുടെ ജോലിഭാരം കുറഞ്ഞില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.