കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തുവച്ച കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറ (സിഎജി) ലിന്റെ റിപ്പോർട്ട് സംബന്ധിച്ച് പ്രതീക്ഷിച്ചതുതന്നെയായിരുന്നു വലതുപക്ഷ മാധ്യമ വാര്‍ത്തകൾ. ആരോഗ്യരംഗം കുത്തഴിഞ്ഞു, മരുന്നുകളും ഉപകരണങ്ങളും വാങ്ങിയത് അമിത വില നൽകി എന്നിങ്ങനെ പോകുന്നു വാർത്തകൾ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യപരിപാലന രംഗത്ത് കേരളം എത്രയോ മുന്നിലാണെന്ന വസ്തുത മറച്ചുവച്ചാണ് സിഎജി റിപ്പോർട്ടിന്റെ പേരിൽ ഈ രംഗത്തെ ഇകഴ്ത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായത്. അതാകട്ടെ സിഎജി ഉദ്ദേശിച്ചത് അനുസരിച്ചാണെന്നതാണ് ഖേദകരം. അത് മനസിലാകണമെങ്കിൽ സിഎജി നൽകിയ പത്രക്കുറിപ്പിലെ ചില ഖണ്ഡികകളും യഥാർത്ഥ റിപ്പോർട്ടിലെ പ്രസ്തുത ഭാഗങ്ങളുമായി താരതമ്യം ചെയ്താൽ മതിയാകും. മുഖ്യ സംഗ്രഹത്തിൽ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) കൈവരിക്കുന്നത് സംബന്ധിച്ച സൂചകങ്ങളെ പരാമർശിക്കുന്നു. അവസാന ഖണ്ഡികയായാണ് ഇത് ചേർത്തിട്ടുള്ളത്. അതിൽ എസ്ഡിജികൾക്ക് കീഴിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മ പദ്ധതി/മാർഗദർശനരേഖ എന്നിവ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്ന് പറയുന്ന ഖണ്ഡികയിൽ ആത്മഹത്യാ നിരക്ക്, റോഡപകടങ്ങൾ മൂലമുള്ള മരണ നിരക്ക്, ആളോഹരി ചികിത്സാ ചെലവ് തുടങ്ങിയ സൂചകങ്ങളിൽ കേരളം പിറകോട്ട് പോയെന്ന് സൂചിപ്പിക്കുന്നുണ്ട്. ഇവയ്ക്ക് മൂന്നിനും കേരളത്തിലെ ആരോഗ്യ പരിപാലന രംഗവുമായി നേരിട്ട് ബന്ധമില്ലാത്തതാണ്. എന്നാൽ ആരോഗ്യ പരിപാലന രംഗവുമായി ബന്ധമുള്ള മറ്റ് സൂചകങ്ങളെ പത്രക്കുറിപ്പിൽ ബോധപൂർവം പരാമർശിക്കാതെ പോയി എന്നിടത്താണ് സിഎജി റിപ്പോർട്ടിന്റെ രാഷ്ട്രീയം തിരിച്ചറിയാനാകുക.
എസ്ഡിജി സംബന്ധിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ കേരളത്തിന്റെ പ്രകടനത്തിന് ലഭിച്ച സ്കോർ 2018ൽ 69 ആയിരുന്നത് 2020–21ൽ 75 ആയി ഉയരുകയാണ് ചെയ്തിട്ടുള്ളത്. 2018മുതൽ മൂന്നുവർഷവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനം കേരളമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല ആരോഗ്യവും ക്ഷേമവും എന്ന മൂന്നാം ലക്ഷ്യം കൈവരിക്കുന്നതിലെ മൂന്ന് ഇനങ്ങളാണ് ആത്മഹത്യാ നിരക്ക്, റോഡപകടങ്ങൾ, ചികിത്സാ ചെലവ് എന്നിവ. അവശേഷിക്കുന്ന ഇനങ്ങളിലെല്ലാം ദേശീയ ശരാശരിയെക്കാൾ കേരളം മികച്ചുനിൽക്കുന്നുവെന്ന് റിപ്പോർട്ടിൽ പട്ടികപ്പെടുത്തിയ ഭാഗത്തുള്ളത് മറച്ചുവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. മാതൃമരണ നിരക്ക് 2020–21ൽ ദേശീയതലത്തില്‍ 113 ആണെങ്കിൽ കേരളത്തിൽ 43 മാത്രമാണ്. സ്ഥാപനങ്ങളിലെ പ്രസവ അനുപാതം ദേശീയ ശരാശരി 54.7, സംസ്ഥാനത്തിന്റേത് 74. അഞ്ചുവയസിൽ താഴെയുള്ള മരണ നിരക്ക് ദേശീയ ശരാശരി 36ൽ നിൽക്കുമ്പോൾ കേരളത്തിൽ 10 മാത്രവും. ഒരു ലക്ഷം ജനസംഖ്യക്ക് ആകെ ഡോക്ടർമാർ, നഴ്സുമാർ, പ്രസവ ശുശ്രൂഷകർ എന്നിവരുടെ എണ്ണം ദേശീയ ശരാശരി 220.96ആണെങ്കിൽ സംസ്ഥാനത്ത് 762.13 ആണ്. ഈ നേട്ടങ്ങൾ ആരോഗ്യരംഗത്ത് കൈവരിച്ചതിനാലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്ര സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും അംഗീകാരം കൈവരിക്കാൻ സംസ്ഥാനത്തിനായത്. ഇത്തരം യാഥാർത്ഥ്യങ്ങൾ ഉള്ളപ്പോൾതന്നെയാണ് ചില വീഴ്ചകളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും പെരുപ്പിച്ച് വാർത്ത പ്രസിദ്ധീകരണത്തിന് നൽകിയത്.
മറ്റൊന്ന് കോവിഡ് കാലത്ത് നടത്തിയ ഉപകരണശേഖരണത്തിൽ നടന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ക്രമക്കേടുകളാണ്. അക്കാലത്തെ സാഹചര്യങ്ങളും അനിവാര്യതയും പരിശോധിക്കാതെ കേവലം കണക്കിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി, വലതുപക്ഷ മാധ്യമങ്ങൾക്ക് അഴിമതി സ്ഥാപിക്കുവാനുള്ള ഭോജ്യങ്ങൾ നൽകാനാണ് ശ്രമിച്ചിരിക്കുന്നത്. കോവിഡ് വ്യാപനമുണ്ടാകുകയും 2020 മാർച്ച് അവസാനം അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യങ്ങളും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ നേരിടേണ്ടിവന്ന പ്രതിസന്ധികളും പരിഗണിക്കാതെയാണ് ആരോപണം കെട്ടിച്ചമച്ചിരിക്കുന്നത്. മതിയായ സജ്ജീകരണങ്ങൾക്ക് അവസരം നൽകാതെയും സൗകര്യങ്ങൾ ഒരുക്കാതെയും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോൾ പല കമ്പനികളും കൊള്ളയ്ക്കുള്ള അവസരമായി അതിനെ ഉപയോഗിച്ചത് അക്കാലത്തുതന്നെ വിവാദമായിരുന്നതാണ്. കുറഞ്ഞ വിലയുണ്ടായിരുന്ന ഓക്സിമീറ്ററുകൾ, പിപിഇ കിറ്റുകൾ തുടങ്ങിയവയ്ക്ക് പെട്ടെന്ന് വില കുതിച്ചതും നമ്മുടെ ഓർമ്മയിലുണ്ട്. വില കുറയ്ക്കുന്നതിന് സർക്കാർതലത്തിൽ ഇടപെടൽ നടത്തിയ ഏക സംസ്ഥാനവും കേരളമാണ്. ഉപകരണങ്ങൾക്കെല്ലാം അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത്, കുറയ്ക്കുന്നതിന് സർക്കാർ നിർദേശിച്ചു. എന്നിട്ടും തയ്യാറാകാത്ത കമ്പനികൾ നിയമനടപടികളിലേക്ക് കടക്കുമെന്ന് വന്നപ്പോഴാണ് വില കുറയ്ക്കുന്നതിന് തയ്യാറായത്. അങ്ങനെ 2,000 രൂപവരെ ഈടാക്കിയിരുന്ന ഓക്സിമീറ്ററിന് 600 രൂപയിൽ താഴെയായതും നമ്മുടെ ഓർമ്മയിലുണ്ട്. അവശ്യ ആരോഗ്യ ഉപകരണങ്ങൾക്ക് വിലക്കയറ്റമുണ്ടായപ്പോൾ വില കുറയുന്നതുവരെ കാത്തിരിക്കാതെ അപ്പോഴത്തെ വിലയ്ക്ക് വാങ്ങി ആരോഗ്യ പ്രവർത്തകർക്ക് നൽകേണ്ടി വന്നിരുന്നു. അതുകൊണ്ടാണ് കോവിഡ് കാലത്ത് രാജ്യത്താകെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർ മരിച്ചപ്പോൾ സംസ്ഥാനത്ത് മരണനിരക്ക് നിയന്ത്രിക്കാനായത്. അക്കാര്യം മറച്ചുവച്ചാണ് അഴിമതിക്കഥ മെനഞ്ഞ് സിഎജി എതിരാളികൾക്ക് ആയുധം നൽകുന്ന പണിയെടുത്തത്. പ്രത്യക്ഷമായി രാഷ്ട്രീയ വാർത്ത തയ്യാറാക്കി നൽകുകയാണ് സിഎജി ചെയ്തിരിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.